റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളില്‍ കന്നിക്കിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കാത്തിരിപ്പ് നീളും. ഇന്നലെ അല്‍ ഹിലാലിനെതിരേ നടന്ന അല്‍ നസ്റിന്റെ പോരാട്ടം സമനിലയില്‍ കുരുങ്ങിയതാണ് റൊണാള്‍ഡോയ്ക്കു നിരാശപകര്ന്നത്.
37-ാം മിനിറ്റില്‍ ബ്രോസോവിച്ചിന്റെ പാസില്‍നിന്ന് സിമാകന് നേടിയ ഗോളില്‍ അല്‍ നസ്ര് വിജയം ഉറപ്പിച്ചതായിരുന്നു. 90 മിനിറ്റിനുശേഷം എട്ടുമിനിറ്റ് ഇന്‍ജുറി സമയം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ഉള്ളപ്പോള്‍ ഗോള്‍കീപ്പര്‍ ബെന്റോ വരുത്തിയ പിഴവിലാണ് റൊണാള്‍ഡോയുടെ സ്വപ്നങ്ങള്‍ ചാമ്പലായത്. വിങ്ങില്‍നിന്ന് ഗോള്മുഖത്തേക്കുവന്ന പന്ത് ഉയര്‍ന്നുചാടി പിടിക്കാനുള്ള ബെന്റോയുടെ ശ്രമം കൈയില്‍നിന്നു വഴുതി വലയില്‍ കയറുകയായിരുന്നു.
ഒരുകളി ശേഷിക്കെ 33 മത്സരങ്ങളില്‍നിന്ന് 83 പോയിന്റുമായി അല്‍ നസ്ര് തന്നെയാണു മുന്നില്‍. ഒരു കളി കുറച്ചുകളിച്ച അല്‍ ഹിലാല്‍ 78 പോയിന്റുമായി രണ്ടാമതുണ്ട്. 75 പോയിന്റുമായി അല്‍ അഹ്ലിയാണു മൂന്നാമത്. ഡമാക്കിനെതിരേ 21 നാണ് അല്‍ നസ്റിന്റെ അവസാന മത്സരം. ഇതില്‍ തോല്‍വി പിണയാതിരുന്നാല് ക്രിസ്റ്റ്യാനോയ്ക്കും സംഘത്തിനും കിരീടം ഉയര്‍ത്താം.




