
സൂര്യ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രം 'കറുപ്പ്' ഇന്ന് പുറത്തിറങ്ങും. സിനിമയുടെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ കേരള പ്രീ റിലീസ് ഇവന്റിനിടെ സംവിധായകന് ആര് ജെ ബാലാജി നടന് അജു വര്‍ഗീസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അതിഥി വേഷത്തിലാണ് അജു വര്‍ഗീസ് സിനിമയിലെത്തുന്നത്. ചിത്രത്തിനായി ഒരു ദിവസത്തെ ഷൂട്ട് മാത്രമേ അജുവിനുണ്ടായിരുന്നുള്ളൂവെന്നും എന്നിട്ടും നടന് എത്തിയെന്നും ആര്‍ജെ ബാലാജി പറഞ്ഞു.അജുവിന് നന്ദി പറയാനും ബാലാജി മറന്നില്ല.
അജു വര്‍ഗീസ് ഇവിടുത്തെ വലിയ താരമാണ്. പക്ഷേ അദ്ദേഹം എന്റെ സിനിമയ്ക്കായി വെറും ഒരു ദിവസത്തെ ഷൂട്ടിന്, ഒരു ചെറിയ വേഷം വന്ന് ചെയ്തു. അതിന് കാശ് പോലും വാങ്ങിയിട്ടില്ല ഇതുവരെ. നന്ദി അജു. ഞങ്ങളോടൊപ്പം നിന്നതിന്'.- ബാലാജി പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന് സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സൂര്യ-തൃഷ കൂട്ടുകെട്ടിന്റെ മാജിക് വീണ്ടും വലിയ സ്ക്രീനില്‍ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.






