
മലയാള സിനിമയുടെ നായകസങ്കല്‍പ്പങ്ങളെയും അഭിനയരീതികളെയും തിരുത്തിയെഴുതിയ അഭിനയ ചക്രവർത്തിയായ മോഹൻലാലിന് ഇന്ന് 66-ാം പിറന്നാളാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാളി ഹൃദയങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയതാരത്തിന് ആശംസകളുമായി സഹപ്രവര്‍ത്തകരും ആരാധകരും സിനിമാലോകവും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.
അക്കൂട്ടത്തില്‍ ഇപ്പോഴിതാ ഏറ്റവും സ്പെഷ്യല്‍ ആശംസയാകുന്നത് മോഹന്‍ലാലിന്റെ മകളും ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയും ചെയ്യുന്ന വിസ്മയ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. തനിക്കറിയാവുന്നതില്‍ വച്ച് ഏറ്റവും ടാലന്റുള്ള കഠിനാധ്വാനിയായ വ്യക്തിയാണ് മോഹന്‍ലാല്‍ എന്നാണ് വിസ്മയ കുറിച്ചത്.
‘‘ജന്മദിനാശംസകൾ അച്ഛാ... എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും ടാലന്റുള്ള, കഠിനാധ്വാനിയായ മനുഷ്യനാണ് താങ്കള്‍... ഒപ്പം മികച്ച കലാകാരനും പാചകക്കാരനും... അതിലൊക്കെ പ്രധാനം ഏറ്റവും ബ്യൂട്ടിഫുള്‍ സോളാണ് താങ്കള്‍... ലവ് യൂ...’’ എന്നാണ് വിസ്മയ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങളും ത്രോബാക്ക് ചിത്രവും മോഹന്‍ലാല്‍ പാചകം ചെയ്യുന്ന ചിത്രവും വിസ്മയ പങ്കുവച്ചിരിക്കുന്നത്. വിസ്മയയുടെ പോസ്റ്റിനു താഴെ നിരവധി ആരാധകരാണ് കമന്റുകളും സ്നേഹവും കുറിച്ചിരിക്കുന്നത്. ലാലേട്ടന്റെ ജന്മദിനാശംസയ്ക്കൊപ്പം വിസ്മയയുടെ ബിഗ് സ്ക്രീന്‍ എന്‍ട്രിയുടെ ആശംസകളും ആരാധകര്‍ കുറിച്ചിട്ടുണ്ട്.






