
ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചുകൊണ്ട് സുസ്മിതാ സെൻ മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയിട്ട് ഇന്ന് 32 വർഷം തികയുന്നു. 1994-ൽ ഇന്ത്യയിലേക്ക് ആദ്യമായി വിശ്വസുന്ദരിപ്പട്ടം എത്തിച്ച ആ ചരിത്ര മുഹൂർത്തത്തിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിമാനത്തിലേക്ക് കയറാനായി ബസ്സിൽ യാത്ര ചെയ്യുന്നതിനിടയിൽ പകർത്തിയ തന്റെ ആ പ്രശസ്തമായ പുഞ്ചിരിയോടെയുള്ള ചിത്രവും താരം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. തനിക്ക് കിരീടം സമ്മാനിച്ച വേദിയായ ഫിലിപ്പീൻസിനോട് അതീവ നന്ദി പ്രകടിപ്പിച്ചുകൊണ്ടാണ് സുസ്മിതയുടെ കുറിപ്പ്.
"32 വർഷമായി എന്നെ വിട്ടുപോകാത്ത ആ പുഞ്ചിരിക്ക് ഞാൻ നന്ദിയുള്ളവളാണ്. ഇത് ഇനിയും തുടരും. ഏറെ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു; നിങ്ങളാണ് ഇതിന് കാരണം. ഫിലിപ്പീൻസ്, നിങ്ങളെ ഞാൻ എന്നും ഹൃദയത്തോട് ചേർത്തുപിടിക്കും. അതിരുകളില്ലാതെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു," സുഷ്മിത കുറിച്ചു.
1994-ൽ വെറും 18 വയസ്സുള്ളപ്പോഴാണ് സുഷ്മിത മിസ് ഇന്ത്യയാകുന്നത്. ആ വിജയമാണ് അതേവർഷം ഫിലിപ്പീൻസിൽ നടന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് ഇന്ത്യയുടെ പ്രതിനിധിയായി സുഷ്മിതയ്ക്ക് വഴിതുറന്നത്. വർഷങ്ങൾക്ക് ശേഷം, 2016-ൽ ഇതേ ആഗോള സൗന്ദര്യ മത്സരത്തിന്റെ വിധികർത്താവായി സുഷ്മിത വീണ്ടുമെത്തി എന്നതും ശ്രദ്ധേയമാണ്.
മിസ് യൂണിവേഴ്‌സ് ആയതിന് പിന്നാലെ 1996-ൽ പുറത്തിറങ്ങിയ 'ദസ്തക്' എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് 'സോർ', 'ബിവി നമ്പർ 1', 'മേം ഹൂം നാ', 'മേനെ പ്യാർ ക്യൂൻ കിയാ' പോലുള്ള ജനപ്രിയ ചിത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഒരിടം കണ്ടെത്താൻ സുസ്മിതയ്ക്ക് സാധിച്ചു.
വെള്ളിത്തിരയിലെ പ്രകടനങ്ങൾക്കപ്പുറം സ്വന്തം ജീവിതത്തിലെ ശക്തമായ നിലപാടുകൾ കൊണ്ടാണ് സുസ്മിത പലപ്പോഴും ആരാധകരെ കൈയിലെടുത്തത്. കരിയറിന്റെ തുടക്കത്തിൽ, വെറും 24 വയസ്സുള്ളപ്പോഴാണ് റെനി എന്ന കുഞ്ഞിനെ ദത്തെടുത്ത് അവർ മാതൃകാപരമായ ഒരു തീരുമാനമെടുക്കുന്നത്. പിന്നീട് 2010-ൽ അലീഷ എന്ന പെൺകുട്ടിയെക്കൂടി ദത്തെടുത്ത താരം, രണ്ട് മക്കളുടെ അമ്മയായി തന്റെ വ്യക്തിജീവിതവും മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നു.
അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഗംഭീരമായ ഒരു തിരിച്ചുവരവാണ് സുസ്മിത സെൻ നടത്തിയത്. രാം മാധവാനിയുടെ പ്രശസ്തമായ 'ആര്യ' എന്ന ക്രൈം-ത്രില്ലർ പരമ്പരയുടെ മൂന്നാം സീസണിലാണ് താരം അവസാനമായി സ്ക്രീനിലെത്തിയത്. ആഗോളതലത്തിൽ ശ്രദ്ധനേടിയ ഈ സീരീസ് അന്താരാഷ്ട്ര എമ്മി അവാർഡ് നാമനിർദ്ദേശവും സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ, 2023-ൽ റിലീസ് ചെയ്ത 'താലി' എന്ന മിനിസീരീസിലെ ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ശ്രീഗൗരി സാവന്തിന്റെ വേഷം സുസ്മിതയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.






