
ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന മികച്ച അഭിനേത്രിയാണ് കിയാര അദ്വാനി. ചെറിയ വേഷങ്ങളിലൂടെ തുടക്കം കുറിച്ച്, പിന്നീട് തന്റെ അഭിനയമികവിലൂടെ ഹിന്ദി സിനിമാലോകത്ത് തന്റേതായ ഇടം നേടിയെടുത്ത അഭിനേത്രി. കരിയറിന്റെ പീക്ക് ടൈമിലാണ് കിയാര ബോളിവുഡ് യുവതാരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. ഇക്കഴിഞ്ഞ വര്‍ഷം ഇവര്‍ രണ്ടാളും തങ്ങളുടെ ആദ്യത്തെ കണ്മണിയായ സാരായ മല്‍ഹോത്രയെ സ്വാഗതം ചെയ്യുകയും ചെയ്തു.
കരിയറിന്റെ തിളക്കത്തിലും തന്റെ മദര്‍ഹുഡ് ജേര്‍ണി വളരെ സുന്ദരമായി ആസ്വദിക്കുകയാണ് കിയാര. മകള്‍ക്കൊപ്പമുള്ള എല്ലാ നിമിഷങ്ങളും താന്‍ എന്ജോയ് ചെയ്യാറുണ്ടെന്നും സിദ്ധാര്‍ത്ഥും തന്റെ പേരന്റ്ഹുഡ് യാത്ര ശരിക്കും ആസ്വദിക്കാറുണ്ടെന്നും കിയാര അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ സാരായയുടെ ഒരു ക്യൂട്ട് ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കിടുകയാണ് കിയാര അദ്വാനി. സിദ്ധാര്‍ത്ഥിനും മകള്‍ സാരായ്ക്കുമൊപ്പം കുടുംബസമേതം അവധിക്കാലം ആഘോഷിക്കുകയാണ് കിയാര. ആ യാത്രയ്ക്കിടെ വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രമാണ് കിയാര പങ്കിട്ടത്. മകൾ സരായയുടെ കൈയും വിമാനത്തിന്റെ ജനാലയിൽ ഒരു കളിപ്പാട്ടവും കാണിക്കുന്ന ഒരു ഫോട്ടോയാണ് താരം പങ്കിട്ടത്. ഒപ്പം കുറെയധികം ഹാര്‍ട്ട് ഇമോജിയും താരം കുറിച്ചിട്ടുണ്ട്.
2025 ജൂലൈ 15 നാണ് കിയാരയും സിദ്ധാർത്ഥും മകൾ സാരായയെ സ്വാഗതം ചെയ്തത്. പൊതുജനങ്ങൾക്ക് മുന്നിൽ മകളുടെ മുഖം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇവര്‍ രണ്ടാളും പലപ്പോഴും അഭിമുഖങ്ങളിലും സോഷ്യൽ മീഡിയയിലും മകളോടുള്ള സ്നേഹം പ്രകടിപ്പിക്കാറുണ്ട്. കിയാര അടുത്തിടെ ഒരു അമ്മ എന്ന നിലയിൽ തന്റെ ആദ്യത്തെ മാതൃദിനം ആഘോഷിച്ചതും സിദ്ധാർത്ഥ് മൽഹോത്ര പാൻകേക്കുകൾ നൽകി താരത്തെ അത്ഭുതപ്പെടുത്തിയതുമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.
കരിയറിലും നല്ല തിരക്കിലാണ് കിയാര. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺഅപ്സ് എന്ന ചിത്രമാണ് കിയാരയുടെ ഏറ്റവും പുതിയ ചിത്രം. യാഷ്, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ എന്നിവരും ഇതിലുണ്ട്. ചിത്രത്തിന്റെ അന്തിമ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2026 ജൂൺ 4 ന് മുമ്പ് ഷെഡ്യൂൾ ചെയ്തിരുന്ന റിലീസ് നിലവിൽ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, തമന്ന ഭാട്ടിയയ്‌ക്കൊപ്പം 'വ്വൻ' റിലീസിന് തയ്യാറെടുക്കുകയാണ് സിദ്ധാർത്ഥ്.






