തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ദിവസങ്ങള്‍ നീണ്ട അധികാരപ്പോരിനും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ വി.ഡി. സതീശന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി. കേരളം നെഞ്ചിടിപ്പോടെ വീക്ഷിച്ച ഇഞ്ചോടിഞ്ച് 'മത്സര'ത്തില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും മറികടന്നാണ് സതീശന്റെ പുതിയ നിയോഗം.
കേരളത്തിന്റെ 13-ാം മുഖ്യമന്ത്രിയായി സതീശന് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കമാന്‍ഡ് തീരുമാനപ്രകാരം കേരളത്തിന്റെ സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് ഡല്‍ഹിയില്‍ സതീശന്റെ പേര് പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാക്കളായ ജയ്റാം രമേഷ്, അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന്, തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നിയമസഭാകക്ഷി
യോഗം ചേര്‍ന്ന് സതീശനെ നേതാവായി തെരഞ്ഞെടുത്തു. മുഖ്യമന്ത്രിക്കൊപ്പം കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും മന്ത്രിമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതോടെ 'ടീം യു.ഡി.എഫ്' സര്‍ക്കാര്‍ അധികാരമേല്‍ക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 102 സീറ്റുകളുമായി യു.ഡി.എഫ്. ചരിത്രജയം നേടിയെങ്കിലും മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ഉത്തരം കിട്ടാന്‍ 11 ദിവസം കാത്തിരിക്കേണ്ടിവന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂവരില്‍ ഒരാളിലേക്കെത്താന്‍ കേരളത്തിലും ഡല്‍ഹിയിലുമായി ഈ ദിവസങ്ങളില്‍ മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. വേണുഗോപാലിനെയും രമേശിനെയും സതീശനെയും പിന്തുണയ്ക്കുന്നവര്‍ ചേരിതിരിഞ്ഞതോടെ പോര് തെരുവിലേക്കും സൈബര്‍ ഇടങ്ങളിലേക്കും വ്യാപിച്ചു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ഭൂരിപക്ഷപിന്തുണ വേണുഗോപാലിനായിരുന്നെങ്കിലും സതീശന് അനുകൂലമായി ഉയര്‍ന്ന ജനവികാരം പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് കണ്ടില്ലെന്നു നടിക്കാനായില്ല. സതീശനെ പിന്തുണച്ച് യു.ഡി.എഫ്. ഘടകകക്ഷികളും രംഗത്തുവന്നതോടെ ഹൈക്കമാന്‍ഡ് കടുത്ത സമ്മര്‍ദത്തിലായി. വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ ഉണ്ടാകാവുന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നേരിടാന്‍ തയാറല്ലെന്നായിരുന്നു ഘടകകക്ഷികളുടെ നിലപാട്.
സീനിയോറിറ്റിയും പ്രവര്‍ത്തനപാരമ്പര്യവും പരിഗണിക്കപ്പെടുമെന്നായിരുന്നു അവസാനനിമിഷംവരെ രമേശ് ചെന്നിത്തല ക്യാമ്പിന്റെ പ്രതീക്ഷ. തീരുമാനത്തില്‍ അതൃപ്തിയറിയിച്ച രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്നു നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ഹൈക്കമാന്‍ഡ് തീരുമാനത്തെ സ്വാഗതം ചെയ്ത കെ.സി. വേണുഗോപാല്‍ സതീശനെ അഭിനന്ദിച്ചു. സര്‍ക്കാരിനു പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു.
എറണാകുളം ജില്ലയിലെ പറവൂരില്‍നിന്നുള്ള നിയമസഭാംഗമാണ് സതീശന്. 2001 മുതല്‍ തുടര്‍ച്ചയായി പറവൂരിനെ പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷനേതാവായിരുന്നു. തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പുകള്‍ തോറ്റ യു.ഡി.എഫിനെ അധികാരത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു. 'ടീം യു.ഡി.എഫ്' എന്ന പേരില്‍ മുന്നണിയെ ഒരു പാര്ട്ടിയെന്നപോലെ നയിച്ചതും വിജയത്തിന്റെ മാറ്റ് കൂട്ടി.






