ന്യൂഡല്‍ഹി/കൊച്ചി: രാജ്യത്ത് അഞ്ചു ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വര്‍ധിപ്പിച്ച് ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോളിന് 109.73 രൂപയും ഡീസലിന് 98.63 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 111. 71 രൂപയായി. ഡീസല്‍ 100 കടന്നു. സംസ്‌ഥാനത്തെ ഉയര്‍ന്ന വിലയാണിത്. പശ്‌ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതിന്റെ പശ്‌ചാത്തലത്തിലാണ് വിലകൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. പുതുക്കിയ നിരക്ക് നിലവില്‍ വന്നു. കഴിഞ്ഞ 15ന് പെട്രോളിനും ഡീസലിനും 3 രൂപയോളവും സി.എന്‍.ജിക്ക് 2 രൂപയും വര്‍ധിപ്പിച്ചിരുന്നു.
കഴിഞ്ഞ 15-ന് ശേഷം ഇന്ധനവിലയില്‍ ശരാശരി നാലു രൂപയുടെ വര്‍ധനയാണുണ്ടായത്. പ്രാദേശിക നികുതികളിലെ വ്യത്യാസങ്ങള്‍ കാരണം, മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍വിലയില്‍ 82 പൈസ മുതല്‍ 96 പൈസ വരെയാണ് വര്‍ധന.
രാജ്യത്തെ ഇന്ധന ചില്ലറ വിപണിയുടെ 90 ശതമാനത്തിലധികം നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്‌ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് ഒരേസമയം വില പുതുക്കിയത്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 98.64 രൂപയായും ഡീസല്‍ ലിറ്ററിന് 91.58 രൂപയായും ഉയര്‍ന്നു. കൊല്‍ക്കത്തയില്‍ 96 പൈസ കൂടിയതോടെ പെട്രോള്‍ വില ലിറ്ററിന് 109.70 രൂപയിലെത്തി. മുംബൈയില്‍ 91 പൈസ വര്‍ധിച്ച് പെട്രോളിന് 107.59 രൂപയും ചെന്നൈയില്‍ 82 പൈസ വര്‍ധിച്ച് 104.49 രൂപയുമാണ് പുതിയ നിരക്ക്.
ഡീസല്‍ വിലയിലും കുത്തനെ വര്‍ധിച്ചു. കൊല്‍ക്കത്തയില്‍ 94 പൈസ വര്‍ധിച്ച് ലിറ്ററിന് 96.07 രൂപയായും മുംബൈയില്‍ 94 പൈസ വര്‍ധിച്ച് 94.08 രൂപയായും ഉയര്‍ന്നു. ചെന്നൈയില്‍ ഡീസല്‍ ലിറ്ററിന് 86 പൈസ വര്‍ധിച്ച് 96.11 രൂപയായി ഉയര്‍ന്നു.
ഇന്ധനങ്ങളുടെയും പാചകവാതകത്തിന്റെയും വില്‍പ്പനയിലൂടെ എണ്ണക്കമ്പനികള്‍ക്ക് ദിവസേന 1,000 കോടി രൂപയുടെ റവന്യൂ നഷ്‌ടമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നേരത്തേ വില കൂട്ടിയത്. ഇതിനെത്തുടര്‍ന്ന് എണ്ണക്കമ്പനികളുടെ മൊത്തം നഷ്‌ടം തിങ്കളാഴ്‌ചയോടെ ഏകദേശം 750 കോടി രൂപയായി കുറഞ്ഞിരുന്നു. ഇപ്പോഴത്തെ വിലവര്‍ധനയ്‌ക്കുശേഷവും പെട്രോള്‍, ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 9 മുതല്‍ 12 രൂപ വരെ നഷ്‌ടം നേരിടുന്നുണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
പശ്‌ചിമേഷ്യന്‍ പ്രതിസന്ധിയും ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതതടസവും കാരണം ആഗോള ഊര്‍ജ വില ഉയരുന്നത് ഇന്ത്യയ്‌ക്ക് ആശങ്കയാണ്. ഫെബ്രുവരി 28-ന് പശ്‌ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ബാരലിന് 72.87 ഡോളറായിരുന്ന ബെഞ്ച്‌മാര്‍ക്ക് ബ്രെന്റ് ക്രൂഡ് വില, ഇന്നലെയോടെ 54 ശതമാനത്തോളം വര്‍ധിച്ച് 112.10 ഡോളറിലെത്തി. മാര്‍ച്ച് ഒന്‍പതിന് വില ബാരലിന് 120 ഡോളറിനടുത്ത് വരെ എത്തിയിരുന്നെങ്കിലും പിന്നീട് നേരിയ തോതില്‍ കുറയുകയായിരുന്നു.






