തിരുവനന്തപുരം: നവകേരള സദസ് വാഹന റാലിക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ കെ.എസ്.യു.- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം ആലപ്പുഴ ൈക്രം ബ്രാഞ്ച് എസ്.പി: കെ.വി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
പോലീസ് മേധാവി രവഡാ ചന്ദ്രശേഖറിന്റെ ഉത്തരവില്‍ നിറയുന്നത് അതിവേഗ തീരുമാനങ്ങള്‍ക്കുള്ള സാധ്യത. ഗണ്‍മാന്‍മാര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും. കൊച്ചി ൈക്രംബ്രാഞ്ച് (എ.ടി.എസ്.) ഡിവൈ.എസ്.പി: ബൈജു പൗലോസിനാണ് നേരിട്ടുള്ള അന്വേഷണ ചുമതല.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെയുള്ളവയിലൂടെ കുറ്റവാളികളുടെ നെഞ്ചിടിപ്പു കൂട്ടിയ ഷൗക്കത്ത് അലി, കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടറി മോഹനന്റെ കാര്‍ വഴിയില്‍ തടഞ്ഞ് അറസ്‌റ്റ് ചെയ്‌തിരുന്നു.
നടന്‍ ദിലീപ് ഉള്‍പ്പെട്ട നടി ആക്രമണക്കേസ് മികച്ച രീതിയില്‍ അന്വേഷിച്ച ബൈജു പൗലോസും ഒരുമിക്കുന്നതോടെ, മുന്‍ ഭരണകൂടത്തിന്റെ തണലില്‍ 'രക്ഷാപ്രവര്‍ത്തനം' നടത്തിയ പോലീസുകാര്‍ പ്രതിസന്ധിയിലാകും. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. 15 ദിവസത്തിനുള്ളില്‍ ആദ്യ റിപ്പോര്‍ട്ട് പോലീസ് മേധാവിക്കു കൈമാറും. സംഘത്തിന്റെ ആദ്യയോഗം ഇന്ന് ചേരും. മര്‍ദിക്കാന്‍ ഉപയോഗിച്ച ലാത്തി പിടിച്ചെടുത്തേക്കും. മര്‍ദനത്തിന് ഉന്നതതല നിര്‍ദേശം ഉണ്ടായിട്ടുണ്ടോയെന്നും പ്രത്യേക സംഘം അന്വേഷിക്കും.
ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ൈക്രം നമ്പര്‍ 1574/2023 പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ടോള്‍സണ്‍, ആലപ്പുഴ ൈക്രംബ്രാഞ്ച് സബ് ഇന്‍സ്‌പെക്‌ടര്‍ ജയകൃഷ്‌ണന്‍, ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ എ.എസ്.ഐ: രാജേഷ്, ആലപ്പുഴ ൈക്രംബ്രാഞ്ച് എസ്.ഐ: ദീനദയാല്‍ മല്ലന്‍, ഡി.എച്ച്.ക്യുവിലെ എസ്.ഐ. അമൃതരാജ് എസ്.ആര്‍. എന്നിവരാണ് പ്രത്യേക സംഘത്തിലെ മറ്റ് അംഗങ്ങള്‍.
വരും ദിവസങ്ങളില്‍ അറസ്‌റ്റ് ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലേക്ക് സംഘം കടക്കാന്‍ സാധ്യതയുണ്ട്. കുറ്റകൃത്യം നടന്നുവെന്ന് കണ്ടെത്തിയാല്‍ പ്രതിയാകുന്ന പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യും. പിണറായിയുടെ അതിവിശ്വസ്‌തര്‍ എന്ന നിലയില്‍ ആഭ്യന്തര വകുപ്പില്‍ വിലസിയ പ്രതികള്‍ക്ക് വിവാദത്തിനുശേഷം പ്രമോഷന്‍ അടക്കം നല്‍കിയിട്ടുണ്ട്. ഇതും പുനഃപരിശോധിച്ചേക്കും.






