കാസര്‍ഗോഡ്: യു.ഡി.എഫ്. സര്‍ക്കാരില്‍ മന്ത്രിയായി ചുമതലയേറ്റ കെ.എം. ഷാജിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി പോലീസ് ഉദ്യോഗസ്‌ഥന്‍. വര്‍ഗീയവാദി എന്നു വിശേഷിപ്പിക്കുന്ന വാട്‌സ്‌ആപ്പ് സന്ദേശമാണ് വിവാദമായത്. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ: സുജിത്താണ് സന്ദേശം പങ്കുവച്ചതെന്നാണ് വിവരം. കാസര്‍ഗോഡ്‌് ജില്ലയിലെ പോലീസ് ഫ്രണ്ട്‌സ് എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിലാണ് വിവാദസന്ദേശം പ്രചരിച്ചത്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞാ ചടങ്ങിന് എത്തിയതിനെ പരാമര്‍ശിച്ചാണ് സന്ദേശം തുടങ്ങുന്നത്. തുടര്‍ന്ന് കെ.എം ഷാജിയെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളുമുണ്ട്. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറി. ഉടന്‍ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി സൂചന നല്‍കിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്‌ഥന്റെ പോസ്‌റ്റ്:
സത്യപ്രതിജ്‌ഞാ ചടങ്ങിനെത്തി പിണറായി വിജയന്‍. ഈ വീഡിയോ നിങ്ങള്‍ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്‌ഞാ ചടങ്ങുകളും യു.ഡി.എഫ്. മുട്ടുന്യായങ്ങള്‍ പറഞ്ഞ് ബഹിഷ്‌കരിച്ചിരുന്നു.
അത് അവരുടെ സംസ്‌കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോണ്‍ഗ്രസുകാരെയും കേരള കോണ്‍ഗ്രസുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനെയും നിങ്ങള്‍ക്ക് കാണാം.
എന്നാല്‍ ആ ഭാഗത്തുനിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്‌കൂട്ടാകുന്ന ഒരു വര്‍ഗീയവാദിയെയും നിങ്ങള്‍ക്ക് കാണാം. ഉറക്കത്തില്‍പോലും മതം മതം മതമാണ് പ്രശ്‌നം എന്ന് പുലമ്പുന്ന കെ.എം. ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നില്‍ തെറിവിളിച്ച് ആളാകാന്‍ ഏതവനും പറ്റും. ഷാജിയേ, ആ മനുഷ്യന്റെ മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ നിന്റെ മുട്ടുവിറയ്‌ക്കും. ഷാജിയേ, നീ നിന്ന് വിറയ്‌ക്കാന്‍ പോകുന്നതേയുള്ളൂ എന്നാണ വാട്‌സാപ് ഗ്രൂപ്പില്‍ വന്ന സന്ദേശം.






