ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്മാന്മാര് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ നീതി ലഭിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആഭ്യന്തരവകുപ്പില്‍നിന്നു നീക്കുമെന്നും പ്രതീക്ഷിക്കുന്നതായി മര്‍ദനത്തിനിരയായ നിയുക്ത എം.എല്‍.എ: എ.ഡി. തോമസ്. സംഭവത്തില്‍ പുനരന്വേഷണത്തിനായി എസ്.ഐ.ടി. രൂപവത്കരിച്ചിട്ടുണ്ട്. അവരുടെ അന്വേഷണത്തില്‍ ഒരുമാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് സര്‍ക്കാരിനു കീഴില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ അഭ്യന്തരവകുപ്പിലുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം കെ.സി. വേണുഗോപാല്‍ എം.പിയുടെ ഇടപെടലിലാണ് പൊതുജനശ്രദ്ധയിലെത്തിയത്. അന്ന് അദ്ദേഹവും പ്രതിപക്ഷനേതാവായിരുന്ന വി.ഡി. സതീശനും ഇത് എല്ലാക്കാലത്തും ഓര്‍ത്തുവയ്ക്കുമെന്ന് പ്രതികരിച്ചിരുന്നു. ആ നേതൃത്വത്തിന്റെ ഇടപെടലിലാണ് മന്ത്രിസഭ അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ തുടര്‍നടപടി ആരംഭിച്ചത്. അതില്‍ സന്തോഷമുണ്ട്. ഇതു രാഷ്ട്രീയ പകപോക്കലല്ല. പ്രതിഷേധിക്കാനും അഭിപ്രായം പറയാനും സമരം ചെയ്യാനുമുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. വെട്ടിയത് മഴു മറന്നാലും വെട്ടേറ്റ മരത്തിന് അത് മറക്കാനാകില്ല. നിഷ്പക്ഷമായ അന്വേഷണമാകും നടക്കുകയെന്നും തോമസ് പറഞ്ഞു.






