കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഉടനീളം 'ഖജനാവില്‍ പൂച്ചപെറ്റുകിടക്കുന്നു' എന്നത് വി.ഡി. സതീശന്റെ മാസ്റ്റര്‍ പീസ് ഡയലോഗായിരുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞത് ഇനി നേരിട്ടനുഭവിക്കാം സതീശന്. കടത്തിനുമേല്‍ കടം കയറി തകര്‍ന്നടിഞ്ഞ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയെന്നതാകും വി.ഡി. സതീശന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
യു.ഡി.എഫിന്റെ ഭാഷയില്‍ കാലിയായ ഖജനാവ് ഒരുവശത്തും യു.ഡി.എഫ്. തെരഞ്ഞെടുപ്പ് പ്രകടനപ്പത്രികയില്‍ മുന്നോട്ടുവച്ച ജനപ്രിയ പദ്ധതികളുടെ നടത്തിപ്പു മറ്റൊരു വശത്തും. വലിയ സാമ്പത്തിക കടമ്പകള്‍ തന്നെയാണ് ഈ സര്‍ക്കാരിന് ചാടിക്കടക്കേണ്ടത്. സര്‍ക്കാരിന്റെ മുന്നോട്ടുള്ള പോക്കില്‍ ഇനി ഏറെ ജനശ്രദ്ധ പതിയുന്നതു പ്രടകനപ്പത്രികയിലെ വാഗ്ദാനങ്ങളുടെ നടപ്പാക്കല്‍ തന്നെയാകും. ട്രഷറിയുടെ നിലവിലെ സാഹചര്യത്തില്‍ വലിയൊരു സാമ്പത്തിക 'വിസ്മയം' ഉണ്ടായില്ലെങ്കില്‍ വലിയ പ്രതിസന്ധിയാകും യു.ഡി.എഫ്. അഭിമുഖീകരിക്കാന്‍ പോകുന്നത്.
2026 ന്റെ തുടക്കത്തില്‍ സംസ്ഥാനത്തിന്റെ പൊതുകടം 4.8 ലക്ഷം കോടി മുതല്‍ 5 ലക്ഷം കോടിയോളമാണ്. സംസ്ഥാനത്തിന് കിട്ടുന്ന വരുമാനത്തിന്റെ 98 ശതമാനവും ശമ്പളവും പലിശയും പെന്‍ഷനും കടം തിരിച്ചടവിനും വേണ്ടിയാണ് ചെലവിടുന്നത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത് എന്നതിന് ഇതില്‍പ്പരം മറ്റൊരു കണക്കുവേണ്ട.
വികസനത്തിന്റെയും കരുതലിന്റെയും ഒരുപുതുയുഗ കേരളം സൃഷ്ടിക്കുന്നതിനുള്ള രൂപരേഖയായിട്ടാണ് യു.ഡി.എഫ്. മാനിഫെസ്റ്റോ പുറത്തിറക്കിയത്. സമഗ്രവികസനം, സാധാരണക്കാരന്റെയും പാര്ശ്വവല്ക്കരിക്കപ്പെട്ടവന്റെയും ആവലാതികളും ആവശ്യങ്ങളും പരിഹരിക്കാനുള്ള പദ്ധതികളാണതിലുള്ളത്.ഇന്ദിരാഗ്യാരന്റിയില്‍ ആറിനങ്ങളാണുള്ളത്. സാമൂഹിക സുരക്ഷാ പെന്ഷന് പ്രതിമാസം 3000 രൂപ, സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സി. ബസുകളില്‍ സൗജന്യയാത്ര, കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1,000 ധനസഹായം, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിനായി അഞ്ചുലക്ഷം രൂപവരെ പലിശരഹിത സൗജന്യ വായ്പ, ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 25ലക്ഷം വരെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ, മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് എന്നിവയാണ് ആറു പ്രധാന പദ്ധതികള്‍.
ഇതിനു പുറമേ അഞ്ചു സ്വപ്ന പദ്ധതികളായ മിഷന് സമുദ്ര വ്യോമയാന വികസനം, എം.എസ്.എം.ഇ. സംരംഭങ്ങള്‍, ജോബ് വാച്ച് ടവര്‍, വയനാട് ൈട്രബല്‍ യൂണിവേഴ്സിറ്റി എന്നിവയും പറയുന്നു. അതുകൂടാതെ 39 ല്‍പരം വിവിധ തലക്കെട്ടുകള്‍ക്കു കീഴില്‍ 1279 വാഗ്ദാനങ്ങളും. എല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ ആകെ 1290 വാഗ്ദാനങ്ങള്‍ അടുത്ത അഞ്ചുവര്‍ഷം സതീശന് സര്‍ക്കാരിന് നടപ്പിലാക്കേണ്ടിവരും. ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലകളില്‍ ഇടതുസര്‍ക്കാരിന്റെ കാലത്ത് വീഴ്ചകള്‍ പറ്റിയതിനെ ഇനി തിരുത്തണം. സര്‍വോപരി സംസ്ഥാനം നേരിടുന്ന വിലക്കയറ്റത്തിന് തടയിടുകയും വേണം. സംസ്ഥാനത്തിന്റെ വിലക്കയറ്റത്തോത് 10 ശതമാനത്തിലേക്ക് അടുക്കുകയാണ്. ഒരു വര്‍ഷമായി വിലക്കയറ്റത്തോതില്‍ രാജ്യത്ത് ഒന്നാമതാണ് കേരളം.
ക്ഷേമപെന്ഷന് നിലവിലെ 2,000 രൂപയില്‍ നിന്ന് 3,000 ആക്കുമ്പോള്‍ വലിയ സാമ്പത്തികബാധ്യതാണ് സംസ്ഥാനത്തിനു നേരിടേണ്ടിവരിക. അതിനുപുറമേ സര്‍ക്കാര്‍ ജീവനക്കാരുടെ കിട്ടാക്കുടിശികയായ ഡി.എ. ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഇടതു സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കേണ്ടതും ഈ സര്‍ക്കാരാണ്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതു പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ജീവനക്കാര്‍. കെ.എസ്.ആര്.ടി.സിയില്‍ സ്ത്രീയാത്രികര്ക്കു സൗജന്യം നല്കുമെന്നതു നടപ്പാക്കാനായി യാത്രക്കാരികളുടെ എണ്ണം എടുത്തു തുടങ്ങി. പ്രതിദിനം 23.5 ലക്ഷം യാത്രികരില്‍ 45 ശതമാനം സ്ത്രീകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പ്രതിമാസം 50 കോടി സര്‍ക്കാര്‍ അനുവദിച്ചുകൊണ്ടാണ് കെ.എസ്.ആര്.ടി.സി. ഓടിക്കുന്നത്. സ്ത്രീകള്‍ക്കു സൗജന്യയാത്ര അനുവദിക്കുമ്പോള്‍ ടിക്കറ്റുവരുമാനം കുറയുന്നതിനെ എങ്ങനെ മറികടക്കുമെന്നതാണു ചോദ്യം. സൗജന്യയാത്രപോലെ റബര്‍ താങ്ങുവില 250 രൂപ, ആശ വര്‍ക്കര്‍മാര്‍ക്ക് പ്രതിദിന വേതനം 700 രൂപയും വിരമിക്കല്‍ ആനുകൂല്യം അഞ്ചുലക്ഷം എന്നിവയും ആദ്യ ക്യാബിനറ്റ് യോഗത്തില്‍ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷ. അതുപോലെതന്നെ ഈമാസവും അടുത്തമാസവുമായി ആയിരക്കണക്കിന് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ ബാധ്യതയാണ് ഇതുമൂലം വരുന്നത്. അതുകൊണ്ടുതന്നെ പെന്ഷന് പ്രായം നീട്ടുമോയെന്ന് ചോദ്യവും ജീവനക്കാരില്‍ നിന്ന് കാര്യമായി ഉയര്‍ന്നിട്ടുണ്ട്.യു.ഡി.എഫ്. മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ പ്രയാസമുള്ളതാണെന്നു കാട്ടി പലകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ പദ്ധതികളാണെന്നും സാമ്പത്തികഭാരം മറികടക്കാനുള്ള കൃത്യമായ പദ്ധതികളുണ്ടെന്നും വി.ഡി. സതീശന് തന്നെ വ്യക്തമാക്കിയതിലാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവിശ്വാസം. വി.ഡി. സതീശന്റെ ധനകാര്യ മാനേജ്മെന്റ് തന്നെയാകും കേരളത്തിന്റെ വിസ്മയമായി മാറുക.
ബൈജു ഭാസി






