തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ച തീരുമാനം പുറത്തുവന്നതും മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല മൗനത്തിലൂടെ പ്രതിഷേധം പ്രകടിപ്പിച്ചു. സതീശനുള്ള പിന്തുണക്കത്ത് പാര്‍ട്ടിക്ക് കൈമാറിയെങ്കിലും, പുതിയ മന്ത്രിസഭയില്‍ ഒരു സ്ഥാനവും ഏറ്റെടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനം രാഹുല്‍ ഗാന്ധി നേരിട്ട് ചെന്നിത്തലയെ അറിയിച്ചു. ഇതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് പോയി. നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുത്തുമില്ല. രാവിലെ മുതല്‍ വസതിയില്‍ ഉണ്ടായിരുന്ന ചെന്നിത്തല, ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ പുറകുവശത്തെ ഗേറ്റ് വഴി കാറില്‍ യാത്ര തിരിക്കുകയായിരുന്നു.
മാധ്യമങ്ങളെ കാണാന്‍ പോലും കൂട്ടാക്കിയില്ല. എല്ലാ മലയാള മാസം ഒന്നാം തീയതിയും ചെന്നിത്തല ഗുരുവായൂരില്‍ ദര്‍ശനം നടത്താറുള്ളതാണെന്നും ആ പതിവ് തെറ്റിക്കാതെയാണ് അദ്ദേഹം പോയതെന്നുമാണ് ചെന്നിത്തലയുടെ വിശ്വസ്തനായ നിയുക്ത എം.എല്‍.എ. ജ്യോതികുമാര്‍ ചാമക്കാല നല്കുന്ന വിശദീകരണം. എന്നാല്‍, രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ യാത്രയെ കാണുന്നത് ഹൈക്കമാന്‍ഡ് തീരുമാനത്തോടുള്ള നിശബ്ദ പ്രതിഷേധമായാണ്.
നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം ഗുരുവായൂരിലേക്ക് പോയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. സതീശനു പകരം ചെന്നിത്തലയെയാണ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ അദ്ദേഹം നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക് പോകുമോ എന്ന ചോദ്യം അണികള്‍ക്കിടയില്‍തന്നെ ഉയരുന്നുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മറികടന്ന് സതീശനിലേക്ക് അധികാരം എത്തിയപ്പോള്‍, താന്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു എന്ന വികാരമാണ് ചെന്നിത്തലയ്ക്ക്. സീനിയോറിട്ടി പരിഗണിച്ചില്ലെന്നാണ് പരാതി. കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ തന്നെ പരിഗണിക്കുമെന്ന് ചെന്നിത്തല ഉറച്ചുവിശ്വസിച്ചിരുന്നു.
മന്ത്രിസ്ഥാനം വേണ്ടെന്ന നിലപാട് കേന്ദ്ര നേതൃത്വത്തെ അദ്ദേഹം ഇതിനോടകം അറിയിച്ചതായാണ് വിവരം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തല, സതീശന്റെ കീഴില്‍ മന്ത്രിയാകുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരും.






