ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണില്‍ ഇന്ത്യയുടെ സിംഗിള്‍സ് താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ഒളിമ്പ്യന്‍ സിന്ധു പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിന്റെ അമാലിയ സ്കള്സിനെയാണു തോല്പ്പിച്ചത്്്. സ്കോര്‍: 21-13, 21-15. ആറാം സീഡായ ഇന്ത്യന്‍ താരം 23 മിനിറ്റിലാണു മത്സരം അവസാനിപ്പിച്ചത്. പുരുഷ സിംഗിള്‍സില്‍ ഏഴാം സീഡായ ലക്ഷ്യ ചൈനയുടെ സു ഷുയാന്‍ ചെന്നിനെയാണു തോല്‍പ്പിച്ചത്. സ്കോര്‍: 21-12, 21-13. 39 മിനിറ്റ് കൊണ്ടാണു ലക്ഷ്യയുടെ മത്സരം അവസാനിച്ചത്. ലോക മൂന്നാം നമ്പര്‍ ജപ്പാന്റെ അകാനെ യാമാഗുചിയാണു സിന്ധുവിന്റെ അടുത്ത എതിരാളി. തായ്ലന്‍ഡിന്റെ രണ്ടാം സീഡ് കുന്‍ലാവത് വിറ്റിദ്സാണാണു ലക്ഷ്യയുടെ ക്വാര്‍ട്ടറിലെ എതിരാളി. പുരുഷ ഡബിള്‍സ് ജോഡി സാത്വിക്സായ്രാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി. മലേഷ്യയുടെ ബ്രയാന്‍ ജെറമി ഗൂണ്ടിങ്- മുഹമ്മദ് ഹായ്കല് സഖ്യത്തെയാണ് അവര്‍ തോല്പ്പിച്ചത്്്. സ്കോര്‍: 21-12, 21-19.
ജപ്പാന്റെ താകുമി നോമുറ - യുചി ഷിമോഗാമി സഖ്യമാണു ക്വാര്‍ട്ടറിലെ എതിരാളികള്‍. പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ കിഡംബി ശ്രീകാന്ത് തോല്‍വി നേരിട്ടു. ചൈനീസ് തായ്പേയുടെ സു ലി യാങാണു ശ്രീകാന്തിനെ തോല്‍പ്പിച്ചത്. സ്കോര്‍: 16-21, 21-11, 18-21. കടുത്ത പോരാട്ടം ഒരു മണിക്കൂര്‍ 10 മിനിറ്റ് കൊണ്ടാണ് അവസാനിച്ചത്. യുവ താരം ദേവിക സിഹാഗും തോറ്റു പുറത്തായി. തായ്ലന്ഡ് മാസ്റ്റേഴ്സ് 300 ജേതാവായ ദേവികയെ തായ്ലന്‍ഡിന്റെ പിചാമോന് ഒപാനിപുതാണു തോല്‍പ്പിച്ചത്.



