
ധര്‍മശാല: പഞ്ചാബ് കിങ്സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ മീഡിയം പേസര്‍ ശാര്‍ദുല്‍ ഠാക്കൂറിന് നാല് വിക്കറ്റ്. ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റിന് 200 റണ്ണെടുത്തു.
പരുക്കേറ്റ ഹാര്‍ദിക് പാണ്ഡ്യയുടെയും സൂര്യകുമാര്‍ യാദവിന്റെയും അഭാവത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മുംബൈയെ നയിച്ചത്. ടോസ് നേടിയ ബുംറ പഞ്ചാബിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ പ്രഭ്സിമ്രന് സിങ് (32 പന്തില്‍ നാല് സിക്സറും ആറ് ഫോറുമടക്കം 57), അസ്മത്തുള്ള ഒമര്‍സായ് (17 പന്തില്‍ നാല് സിക്സറും രണ്ട് ഫോറുമടക്കം 38) എന്നിവരുടെ ബാറ്റിങാണ് പഞ്ചാബിനെ 200 കടത്തിയത്്.
പ്രഭ്സിമ്രന്, സൂര്യാംശ് ഷെഡ്ഗെ (എട്ട്), നായകന് ശ്രേയസ് അയ്യര്‍ (നാല്), മാര്‍കോ യാന്സന് (രണ്ട്) എന്നിവരെയാണു ഠാക്കൂര്‍ പുറത്താക്കിയത്. ദീപക് ചാഹാര്‍ രണ്ട് വിക്കറ്റും കോര്ബിന് ബോഷ്, രാജ് ബാവ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. നാല് ഓവറില്‍ 35 റണ്‍ വഴങ്ങിയ ബുംറയ്ക്കു വിക്കറ്റെടുക്കാനായില്ല. ഏഴ് ബൗളര്‍മാരാണു മുംബൈക്കായി പന്തെറിഞ്ഞത്. പ്രിയാംശ് ആര്യയും (17 പന്തില്‍ 22) പ്രഭ്സിമ്രനും ചേര്‍ന്ന് പഞ്ചാബിന് മികച്ച തുടക്കം നല്കി. ആര്യയെ പുറത്താക്കി ചാഹാറാണു കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായിറങ്ങിയ കൂപര്‍ കോണോലിയും (22 പന്തില്‍ 21) മെല്ലെപ്പോയി.




