പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പാരീസ് സെയിന്റ് ജെര്മെയ്ന് ജേതാക്കള്‍. ലീഗ് വണ്ണില്‍ പി.എസ്.ജിയുടെ തുടര്‍ച്ചയായ അഞ്ചാം കിരീട നേട്ടമാണിത്. ലെന്‍സിനെതിരേ നടന്ന എവേ മത്സരത്തില്‍ 2-0 ത്തിനു ജയിച്ചതോടെയാണു കിരീടധാരണമുണ്ടായത്. ബൊലെറ്റ്- ഡെലിസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ക്വിച ക്വാററ്റ്സിക, ഇബ്രാഹിം എംബായെ എന്നിവരാണു ഗോളടിച്ചത്.
ലൂയിസ് എന്റികെ്വയുടെ ശിഷ്യന്മാരുടെ സീസണിലെ രണ്ടാം കിരീടമാണിത്. ഫ്രഞ്ച് സൂപ്പര്‍ കപ്പിലും പി.എസ്.ജിയായിരുന്നു ജേതാക്കള്‍. ചാമ്പ്യന്‍സ് ലീഗില്‍ തുടരെ രണ്ടാം തവണയും ഫൈനലില്‍ കടന്ന അവര്‍ക്ക് സീസണിലെ മൂന്നാം കിരീടം നേടാന്‍ അവസരമുണ്ട്്. എന്റികെ്വ 2023 ല്‍ കോച്ചായെത്തിയ ശേഷം മൂന്നാം തവണയാണു പി.എസ്.ജി. ലീഗ് ജേതാക്കളാകുന്നത്്. ചരിത്രത്തില്‍ ഇതുവരെ 14 തവണയാണ് പി.എസ്.ജി. ലീഗ് വണ്‍ കിരീടത്തില്‍ മുത്തമിടുന്നത്. ലെന്‍സിനെതിരേ ഏപ്രില്‍ 11 നു നടക്കേണ്ടിയിരുന്ന മത്സരമാണ് ബുധനാഴ്ചത്തേക്കു മാറ്റിയത്. ലെന്‍സ് കോച്ച് പിയറി സാഗെ ഉള്‍പ്പെടെയുള്ളവര്‍ മത്സരം മാറ്റിവയ്ക്കുന്നതിനെ എതിര്‍ത്തിരുന്നു.
ലെന്‍സിന് 22 നു നൈസിനെതിരേ നടക്കുന്ന ഫ്രഞ്ച് കപ്പ് ഫൈനലില്‍ കളിക്കാനുണ്ട്. ഒരു മത്സരം ശേഷിക്കേയാണു പി.എസ്.ജി. ജേതാക്കളാകുന്നത്. ലെന്‍സിനെതിരേ സമനില നേടിയാലും പി.എസ്.ജിക്കു കിരീടം ഉറപ്പിക്കാമായിരുന്നു. 33 കളികളില്‍നിന്ന് 76 പോയിന്റാണ് അവരുടെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള ലെന്‍സിന് 67 പോയിന്റാണ്. ലെന്‍സിനെതിരേ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ക്വാററ്റ്സിക ജയം ഉറപ്പിച്ച ഗോളടിച്ചു. പ്രതിരോധ താരം മലാങ സാറിന്റെ അലക്ഷ്യമായ പാസ് ഒസുമാനെ ഡെംബലെ തട്ടിയെടുത്തു. ഡെംബലെ ക്വാററ്റ്സികയ്ക്കു മറിച്ചു നല്കി. കിട്ടിയ അവസരം താരം പാഴാക്കിയില്ല. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു 18 വയസുകാരനായ എംബായെയുടെ ഗോള്‍. ഡിസയര്‍ ദൗസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.



