
റിയോ ഡി ജനീറോ: ലോകകപ്പിനുള്ള ബ്രസീലിന്റെ 26 അംഗ സ്ക്വാഡില്‍ ഫോര്‍വേഡ് നെയ്മറെ മുഖ്യപരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി ഉള്‍പ്പെടുത്തി. റിയോ ഡി ജനീറോയില്‍ നടന്ന ചടങ്ങിലാണ് ഇറ്റാലിയന്‍ പരിശീലകനായ ആന്‍സലോട്ടി തന്റെ സ്ക്വാഡ് പ്രഖ്യാപിച്ചത്. നെയ്മറുടെ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ ആരാധകര്‍ ആവേശത്തോടെയാണ് പ്രതികരിച്ചത്.
ബ്രസീലിയന്‍ ക്ലബ്ബായ സാന്റോസിന് വേണ്ടി കളിക്കുന്ന നെയ്മറുടെ നാലാം ലോകകപ്പാണ് ഇത്. 128 മത്സരങ്ങളില്‍ നിന്ന് 79 ഗോളുകളുമായി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മറെ പരിക്കുകള്‍ അലട്ടിയതിനെ തുടര്‍ന്ന് ടീമില്‍ നിന്നും തഴഞ്ഞിരുന്നു. 2023-ന് ശേഷം അദ്ദേഹം ദേശീയ ടീമിനായി കളിച്ചിരുന്നില്ല. 2014, 2018, 2022 പതിപ്പുകളില്‍ നെയ്മര്‍ ടീമിന്റെ ഭാഗമായിരുന്നു.
പരിക്കു കാരണം ലിവര്‍പൂളിന്റെ അവസാന 10 മത്സരങ്ങള്‍ നഷ്ടമായ ഗോള്‍കീപ്പര്‍ അലിസണ് ബെക്കര്‍ ടീമിലിടം നേടിയിട്ടുണ്ട്. ഇവര്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളായ കസെമിറോ, മാത്യൂസ് കുന്‍ഹ, ന്യൂകാസില്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമാരസ്, ആഴ്സണല്‍ ഡിഫെന്‍ഡര്‍ ഗബ്രിയേല്‍, ബ്രെന്റ്ഫോര്‍ഡ് സ്ട്രൈക്കര്‍ ഇഗോര്‍ തിയാഗോ, ബേണ്‍മൗത്ത് ഫോര്‍വേഡ് റായന്‍ എന്നിവരും ടീമിലുണ്ട്.
റയല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയര്‍, ബാഴ്സലോണയുടെ റാഫീന്യ എന്നിവര്‍ക്കൊപ്പം റയലില്‍ നിന്നും ലോണില്‍ ലിയോണില്‍ കളിക്കുന്ന 19-കാരന് സ്ട്രൈക്കര്‍ എന്‍ഡ്രിക്കും അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.എന്നാല്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ 15 ഗോളുകളും 5 അസിസ്റ്റുകളുമായി ചെല്‍സിയുടെ ടോപ്പ് സ്കോററായ ഫോര്‍വേഡ് ജോവോ പെഡ്രോയ്ക്ക് സ്ക്വാഡില്‍ ഇടം ലഭിച്ചില്ല.
അഞ്ച് തവണ ലോകകപ്പ് ജേതാക്കളായ ബ്രസീല്‍ ഗ്രൂപ്പ് സിയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജൂണ്‍ 13-ന് മൊറോക്കോയെ നേരിടും. ജൂണ്‍ 20-ന് ഹെയ്തിക്കെതിരെയും നാല് ദിവസത്തിന് ശേഷം സ്കോട്ട്ലന്‍ഡിനെതിരെയുമാണ് ബ്രസീലിന്റെ മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍. 48 ടീമുകള്‍ പങ്കെടുക്കുന്ന ഈ വിപുലീകരിച്ച ലോകകപ്പ് ജൂണ്‍ 11-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി ആരംഭിക്കും.
ബ്രസീല്‍ ലോകകപ്പ് സ്ക്വാഡ്:
ഗോള്‍കീപ്പര്‍മാര്‍: അലിസണ് (ലിവര്‍പൂള്‍), എഡേഴ്സണ് (ഫെനര്‍ബാഷെ), വെവര്‍ട്ടണ്‍ (ഗ്രെമിയോ).
ഡിഫെന്‍ഡര്‍മാര്‍: അലക്സ് സാന്‍ഡ്രോ, ഡാനിലോ, ലിയോ പെരേര (ഫ്ലെമംഗോ), ബ്രെമര്‍ (യുവന്റസ്), ഇബാനെസ് (അല്‍-അഹ്ലി), വെസ്ലി (റോമ), മാര്‍ക്വിഞ്ഞോസ് (പാരിസ് സെന്റ് ജര്‍മന്‍), ഗബ്രിയേല്‍ (ആഴ്സണല്‍), ഡഗ്ലസ് സന്റോസ് (സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ്).
മിഡ്ഫീല്‍ഡര്‍മാര്‍: ബ്രൂണോ ഗ്വിമാരസ് (ന്യൂകാസില്‍), കസെമിറോ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), ഡാനിലോ സന്റോസ് (ബോട്ടഫോഗോ), ഫാബിഞ്ഞോ (അല്‍-ഇത്തിഹാദ്), ലൂക്കാസ് പക്വേറ്റ (ഫ്ലെമംഗോ).
ഫോര്‍വേഡ്മാര്‍: എന്‍ഡ്രിക് (ലിയോണ്‍), ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി (ആഴ്സണല്‍), ഇഗോര്‍ തിയാഗോ (ബ്രെന്റ്ഫോര്‍ഡ്), മാത്യൂസ് കുന്‍ഹ (മാഞ്ചസ്റ്റര്‍ യുണൈറ്റഡ്), റാഫീന്യ (ബാഴ്സലോണ), വിനീഷ്യസ് ജൂനിയര്‍ (റയല്‍ മാഡ്രിഡ്), ലൂയിസ് ഹെന്റിക് (സെനിത് സെന്റ് പീറ്റേഴ്സ്ബര്‍ഗ്), നെയ്മര്‍ (സാന്റോസ്), റായന്‍ (ബേണ്‍മൗത്ത്).




