തിരുവനന്തപുരം: ഒരു പതിറ്റാണ്ടായി അടഞ്ഞുകിടന്ന, സെക്രട്ടേറിയറ്റിന്റെ 'സമരഗേറ്റ്' തുറന്നിട്ട് പുതിയ സര്‍ക്കാര്‍. സുരക്ഷാകാരണങ്ങളുടെ പേരില്‍ പിണറായി സര്‍ക്കാര്‍ അടച്ചുപൂട്ടിയ നോര്‍ത്ത് ഗേറ്റാണ് വി.ഡി. സതീശന് സര്‍ക്കാര്‍ അധികാരമേറ്റശേഷമുള്ള ആദ്യപ്രവൃത്തിദിവസംതന്നെ തുറന്നത്. സെക്രട്ടേറിയറ്റ് പടിക്കല്‍ സ്ഥിരമായി സമരങ്ങള്‍ നടക്കുന്നത് ഈ ഗേറ്റിനു മുന്നിലാണ്.
ഗേറ്റിനു മുന്നിലെ സ്ഥിരം ബാരിക്കേഡുകള്‍ ഒരുവശത്തേക്ക് മാറ്റി. മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്കുശേഷം സെക്രട്ടേറിയറ്റിലെത്തി ചുമതലയേല്ക്കുന്നതിനിടെയാണ് സമരഗേറ്റും തുറന്നത്.
മുമ്പ് നോര്‍ത്ത് ഗേറ്റിലൂടെ പൊതുജനം നിരന്തരം സെക്രട്ടേറിയറ്റില്‍ പ്രവേശിച്ചിരുന്നു. ഈ വഴിയിലാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലും പ്രവര്‍ത്തിച്ചിരുന്നത്. ജനത്തിരക്ക് വര്‍ധിച്ചതോടെ സുരക്ഷാഭീഷണി ചൂണ്ടിക്കാട്ടി, മുന്‍സര്‍ക്കാരിന്റെ കാലത്ത് ഗേറ്റ് സ്ഥിരമായി അടയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപമുള്ള ഈ കവാടത്തിലൂടെ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ക്കു മാത്രമാണ് നിലവില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. സെക്രട്ടറിയേറ്റിലേക്ക് എത്തുന്ന പൊതുജനം കന്റോണ്‍മെന്റ് ഗേറ്റ് വഴിതന്നെ പ്രവേശിക്കണം. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയശേഷം പൊതുജനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിച്ചേക്കും. സെക്രട്ടറിയേറ്റില്‍ മുന്‍സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ പ്രവേശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.






