
കണ്ണൂര്‍ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ പഴശ്ശി ജലസംഭരണിയില്‍ കക്കൂസ് മാലിന്യം നിറയുന്നു.ഇരിട്ടി പുതിയ ബസ് സ്‌റ്റാന്‍ഡിലെ നഗരസഭയുടെ അധീനതയിലുള്ള പൊതുശൗചാലയത്തില്‍ നിന്നുള്ള കക്കൂസ് മാലിന്യമാണ് യഥേഷ്‌ടം പഴശ്ശി ജനസംഭരണിയില്‍ എത്തുന്നത്. ജില്ലയിലെ പ്രധാന കുടി വെള്ള പദ്ധതികളായ കൊളച്ചേരി, കണ്ണൂര്‍, ജപ്പാന്‍, പെരളശ്ശേരി തുടങ്ങിയ പദ്ധതിയില്‍ ഈ ജലസംഭരണിയില്‍ നിന്നാണ് വെള്ളം ട്രീറ്റ്‌മെന്റ് പ്ലാന്റുകളില്‍ എത്തിക്കുന്നത്.അവിടെ ശുചീകരണം പ്രവര്‍ത്തനം നടത്തിയാണ് നിലവില്‍ കുടിവെള്ള വിതരണം നടത്തുന്നത്. പഴശ്ശി ജലസംഭരണിയിലേക്ക് ഒഴുകി എത്താന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്നാല്‍ ഒരു നടപടിയുമില്ലാതെ ഇതിനോട് കണ്ണടച്ചിരിക്കുകയാണ് നഗരസഭാ അധികൃതര്‍. ജില്ലയിലെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിലും ആയിരക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനും കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ആശ്രയിക്കുന്ന ജലസ്രോതസിലേക്കാണ് കക്കൂസ് മാലിന്യം ഒരു തടസ്സവുമില്ലാതെ നിത്യവും ഒഴുകിയെത്തുന്നത്.
നാളുകളായി പ്രശ്‌നം തുടരുന്നുണ്ടെന്നും നിരവധി തവണ അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയിട്ടും നഗരസഭ അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഏറെ കൊട്ടി ആഘോഷിച്ചു നടന്നമഴക്കാല പൂര്‍വ ശുചീകരണം കഴിഞ്ഞ ദിവസം ഇരിട്ടി നഗരസഭ നടത്തിയെങ്കിലും ഇത്രയും ഗുരുതരമായ പ്രശ്‌നം നഗരസഭ കണ്ടില്ലെന്ന് നടിക്കുകയാണ്.
പൊതുസ്‌ഥലങ്ങളില്‍ വലിച്ചെറിയുന്ന ചെറിയ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്ന ആരോഗ്യവിഭാഗവും എന്‍ഫോഴ്‌സ്മെന്റ് വിഭാഗവും ഇത്തരമൊരു വിഷയത്തില്‍ കണ്ണടയ്‌ക്കുന്നതെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്. ശുചിത്വ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ പ്രചരിപ്പിക്കുന്ന തദ്ദേശസ്‌ഥാപനങ്ങള്‍ ഇത്തരത്തിലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തി പരിഹാരം കാണണമെന്നാണ് വിവിധ സംഘടനകളുടെ ആവശ്യം.
കെപി. അനില്‍കുമാര്‍
മട്ടന്നുര്‍



