
പാനൂര്‍: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പാനൂര്‍ നഗരസഭ പരിധിയിലെ പെരിങ്ങത്തൂരില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ട് കടകളില്‍ നിന്നായി നിരോധിത ഒറ്റത്തവണ ഉപയോഗ വസ്‌തുക്കള്‍ പിടികൂടി. പെരിങ്ങത്തൂര്‍ ടൗണിലെ ലുലു ക്രോക്കറി, കീര്‍ത്തി ബേക്കറി എന്നിവിടങ്ങളില്‍ നിന്നാണ് ഒറ്റത്തവണ ഉപയോഗ നിരോധിത പ്ലാസ്‌റ്റിക്‌് ക്യാരിബാഗുകള്‍, പ്ലാസ്‌റ്റിക് ആവരണം ഉള്ള പേപ്പര്‍ കപ്പുകള്‍, പ്ലാസ്‌റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ വാഴയില, ഗാര്‍ബേജ് ബാഗുകള്‍ തെര്‍മോകോള്‍ പ്ലേറ്റുകള്‍ തുടങ്ങി 25 കിലോയില്‍ അധികം നിരോധിത ഒറ്റത്തവണ പ്ലാസ്‌റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
രണ്ട് സ്‌ഥാപനങ്ങള്‍ക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പാനൂര്‍ നഗരസഭാ സെക്രട്ടറിക്ക് ജില്ലാ സ്‌ക്വാഡ് നിര്‍ദ്ദേശം നല്‍കി. ഇരുചക്രവാഹനങ്ങളിലും മറ്റുമായി ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ 9446 700 800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്കും വാട്‌സാപ്പ് ചെയ്യാവുന്നതാണ്. ചുമത്തുന്ന പിഴയുടെ 25 ശതമാനം പാരിതോഷികമായി ലഭിക്കുന്നതാണ്. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡിലെ കെ.ആര്‍ അജയകുമാര്‍, പി.എസ് പ്രവീണ്‍, പി വിജയന്‍ പാനൂര്‍ നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരായ എം ബിജോയ്, എ വിസിയ എന്നിവര്‍ പങ്കെടുത്തു.



