
ആലത്തൂര്‍: വിദ്യാര്‍ഥികളുടെ കുറവും അടച്ചുപൂട്ടല്‍ ഭീഷണിയും നേരിടുന്ന കാലത്ത്, പൊതുവിദ്യാഭ്യാസ രംഗത്ത് പ്രതീക്ഷയുടെ പ്രകാശമായി മാറുകയാണ് ആലത്തൂരിലെ പുതിയങ്കം ഗവ. യു.പി സ്‌കൂള്‍. പുതിയ അധ്യയന വര്‍ഷം തുടങ്ങാന്‍ നാളുകള്‍ ബാക്കി നില്‍ക്കേ തന്നെ അഡ്‌മിഷന്‍ പൂര്‍ണമായി അവസാനിപ്പിച്ച് ഹൗസ്‌ഫുള്‍ ബോര്‍ഡ് ഉയര്‍ത്തിയിരിക്കുകയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. മികച്ച പഠന നിലവാരവും വിദ്യാര്‍ഥി സൗഹൃദ അന്തരീക്ഷവും കേട്ടറിഞ്ഞ് സമീപപഞ്ചായത്തുകളില്‍ നിന്നു പോലും രക്ഷിതാക്കള്‍ കുട്ടികളെ ഇവിടെ എത്തിക്കുന്നതാണ് സ്‌കൂളിന്റെ പ്രത്യേകത. എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെ 26 ഡിവിഷനുകളിലായി ഇന്ന് 900 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.
അടിസ്‌ഥാന സൗകര്യങ്ങളിലെ മികവും സ്‌കൂളിന്റെ വളര്‍ച്ചയ്‌ക്ക് കരുത്താകുന്നു. രണ്ടു കോടി രൂപ ചെലവില്‍ പുതിയ ക്ലാസ് മുറികള്‍ നിര്‍മിച്ചപ്പോള്‍, 15 ലക്ഷം രൂപ വിനിയോഗിച്ച് ആകര്‍ഷകമായ പ്രീപ്രൈമറി വര്‍ണക്കുടാരവും ഒരുക്കി. അയ്യായിരത്തിലധികം പുസ്‌തകങ്ങളുള്ള സമ്പന്നമായ ലൈബ്രറി, ശാസ്‌ത്ര ലാബ്, ശീതീകരിച്ച കമ്പ്യൂട്ടര്‍ ലാബ്, ഐ.ടി അധിഷ്‌ഠിത പഠനത്തിനാവശ്യമായ ലാപ്‌ടോപ്പുകളും പ്ര?ജക്‌ടറുകളും വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠനാനുഭവം സമ്മാനിക്കുന്നു.
വിദ്യാര്‍ഥികളുടെ കലാ കായിക സൃഷ്‌ടിപരമായ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തുന്നതിനായി ടാലന്റ് ലാബുകളും പ്രവര്‍ത്തിക്കുന്നു. ഊഷ്‌മളം എന്ന ഗൃഹസന്ദര്‍ശന പദ്ധതി, കൂട്ടുകൂടാം ഒപ്പമെത്താം, കണ്‍സള്‍ട്ട് യുവര്‍ ടീച്ചര്‍ ഇന്‍സൈറ്റ്, റിങ് മാസ്‌റ്റര്‍ തുടങ്ങിയ പദ്ധതികള്‍ അക്കാദമിക മികവിനൊപ്പം കുട്ടികളുടെ മാനസിക വളര്‍ച്ചക്കും പ്രാധാന്യം നല്‍കുന്നു. സഹപാഠിക്ക് ഒരു വീട് പദ്ധതിയിലൂടെ ഒരു വിദ്യാര്‍ഥിക്കായി വീട് നിര്‍മ്മിച്ച് നല്‍കിയതും ശ്രദ്ധേയമാണ്.
കെ.ഡി. പ്രസേനന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ച് 500 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ ഓഡിറ്റോറിയത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടിയതും സ്‌കൂളിന്റെ നേട്ടപ്പട്ടികയില്‍ തിളക്കമാര്‍ന്ന അധ്യായമാണ്.
ആലത്തൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്‌ഥിരം സമിതി അധ്യക്ഷന്‍കൂടിയായ കെ. മണികണ്‌ഠനാണ് പി.ടി.എ പ്രസിഡന്റ്. വി.ജെ. ജോണ്‍സനാണ് പ്രധാനാധ്യാപകന്‍.



