നെടുമ്പാശേരി: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിക്ക് കീഴില്‍ 2026 ഹജ്‌ജിനുള്ള അവസാന വിമാനം കൊച്ചി എമ്പാര്‍ക്കേഷനില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ 1.05ന് ജിദ്ദയിലേക്ക് യാത്രയായി. അവസാന ദിവസത്തെ ഹാജിമാര്‍ക്കുള്ള യാത്രാ സംഗമവേദിയിലെ സമാപന സമ്മേളനത്തില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി വി.ഡി. ശതീശന്‍, മന്ത്രിമാരായ എന്‍.ഷംസുദ്ദീന്‍, വി.ഇ.അബ്‌ദുല്‍ ഗഫൂര്‍ എന്നിവര്‍ ഹാജിമാര്‍ക്ക് ആശംസകള്‍ നേര്‍ന്നു. കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖാന്തിരം കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും ഏപ്രില്‍ 30 മുതല്‍ ഇന്നലെ വരെ 21 വിമാനങ്ങളിലായി ആകെ 8341 ഹാജിമാര്‍ യാത്രയായി. ഇതില്‍ 2849 പുരുഷന്മാരും 5492 സ്‌ത്രീകളുമാണ്. ഇതില്‍ ആറു വിമാനങ്ങള്‍ വിത്തൌട്ട് മഹറം കാറ്റഗറിയില്‍ പെട്ട സ്‌ത്രീ ഹജ്‌ജുമ്മമാര്‍ മാത്രമായിരുന്നു. ലക്ഷദ്വീപില്‍ നിന്നു 106 ഹാജിമാരും, തമിഴ്‌നാടില്‍ നിന്ന് 262 ഉം, കര്‍ണാടകയില്‍ നിന്ന് 17 ഉം, പോണ്ടിച്ചേരിയില്‍ നിന്ന് (മാഹി) 12 ഉം, യൂ.പി യില്‍ നിന്നുള്ള 03 ഹാജിമാരും യാത്രയായി.
ഇന്നലെ രാത്രി 12.35-നും 01:05 നുമുളള രണ്ട് വിമാനങ്ങളിലായി 217 ഷോര്‍ട്ട് ഹജ്‌ജ് വിഭാഗത്തിലുള്ള ഹാജിമാരാണ് യാത്ര തിരിച്ചത്. ഇതില്‍ ലക്ഷദ്വീപില്‍ നിന്നുമുള്ള 2 ഹാജിമാരും തമിഴ്‌നാടില്‍ നിന്ന് 23 ഉം, കര്‍ണാടകയില്‍ നിന്ന് 05 ഹാജിമാരും ഉണ്ട്. ഈ വര്‍ഷം മുതല്‍ പുതുതായി ആരംഭിച്ച ഷോര്‍ട് ഹജ്‌ജിനു മെയ് 17 മുതല്‍ 19 തീയതി വരെ നാല് ഫ്‌ളൈറ്റുകളിലായി 1061 ഹാജിമാര്‍ ആണ് പുറപ്പെട്ടത്. ഇതില്‍ 533 പുരുഷ ഹാജിമാരും 528 സ്‌ത്രീ ഹാജിമാരും ആണുണ്ടായിരുന്നത്. ഷോര്‍ട് ഹജ്‌ജ് അടക്കം ആകെ 8341 ഹാജിമാര്‍ ആണ് സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി മുഖാന്തിരം കൊച്ചി എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും പുറപ്പെട്ടത്.
ഫ്‌ളൈനാസ് എയര്‍വേയ്‌സ് ആണ് കൊച്ചിയില്‍ നിന്നും യാത്രക്കായുള്ള വിമാനങ്ങള്‍ സജ്‌ജീകരിച്ചത്. സമാപന സമ്മേളനം ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉഘാടനം ചെയ്‌തു. ഹജ്‌ജ് കമ്മിറ്റി അംഗങ്ങളായ നൂര്‍ മുഹമ്മദ് നൂര്‍ഷാ, അഡ്വ.പി.മൊയ്‌തീന്‍ കുട്ടി ഹാജി, മുഹമ്മദ് സക്കീര്‍ ഈരാറ്റുപേട്ട, ഷംസുദ്ദീന്‍ അരിഞ്ചിറ, സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ ജി.മനു എന്നിവര്‍ പ്രസംഗിച്ചു. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, എച്ച്.മുസമ്മില്‍ ഹാജീ, ഫ്‌ളൈനാസ് സേ്‌റ്റഷന്‍ ഹജ്‌ജ് ഓപ്പറേഷന്‍ മാനേജര്‍ ഹനി, ഹജ്‌ജ് നോഡല്‍ ഓഫീസര്‍ പി.കെ. അസ്സയിന്‍ എന്നിവരെയും സെല്‍ ഉദ്യോഗസ്‌ഥരെയും സന്നദ്ധ സേവകരെയും ചടങ്ങില്‍ ആദരിച്ചു.
ഹജ്‌ജ് ക്യാമ്പ് വിജയത്തിനായി ക്യാമ്പില്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വിവിധ ഏജന്‍സികളൈയും, ഡിപ്പാര്‍ട്ട്‌മെന്റുകളെയും ഹജ്‌ജ് കമ്മിറ്റി അഭിനന്ദിച്ചു. കേരളത്തിലെ മറ്റൂ എംബാര്‍ക്കേഷന്‍ പോയിന്റകളായ കണ്ണൂരില്‍ നിന്നും 4519 പേരും, കോഴിക്കോട് നിന്നും 968 പേരുമാണ് ഹജ്‌ജിന് ഇതിനകം യാത്രയായത്. മൊത്തം 13828 പേര്‍ ഹജ്‌ജിന് യാത്രയായി.



