
നെടുമ്പാശേരി: സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ 1.15 ന് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട അവസാന ഹജ്‌ജ് വിമാനത്തില്‍ സംസ്‌ഥാനത്ത് നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ തീര്‍ഥാടക ആയിഷ ഫെറിയും യാത്രയായി. ദിവസങ്ങള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കൊടുവിലാണ് 13 കാരിയായ ആയിഷയ്‌ക്ക് ഹജ്‌ജ് യാത്രയ്‌ക്ക് അവസരം ഒരുങ്ങിയത്.
മലപ്പുറം തിരൂര്‍ സ്വദേശികളായ പൊന്‍മണ്ടം അബ്‌ദുള്‍ ജലീല്‍ വഹീദ ദമ്പതികളുടെ മകളായ ആയിഷ മാതാപിതാക്കള്‍ക്കൊപ്പമാണ് ഹജ്‌ജ് കര്‍മ്മം നിര്‍വഹിക്കാന്‍ യാത്രയായത്.
ആദ്യം ഈ കുട്ടിക്ക് വിസ അനുവദിച്ചെങ്കിലും പിന്നീട് 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇപ്രാവശ്യം ഹജ്‌ജിന് ഉള്‍പ്പെടുത്തുന്നില്ല എന്ന സഊദി സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ മാസം ആദ്യത്തോടെ ഈ നിബന്ധന ഒഴിവാക്കി സഊദി ഹജ്‌ജ് കാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇതേതുടര്‍ന്നാണ് ഈ കുട്ടിക്ക് വീണ്ടും വിസ അനുവദിച്ചത്. സംസ്‌ഥാനത്തെ മൂന്ന് എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്നും പുറുപ്പെട്ട തീര്‍ഥാടകരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണ് ആയിഷ ഫെറി.


