കൊച്ചി: പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഏറെ പ്രതീക്ഷയിലാണ് എറണാകുളം. ജില്ലയില്‍ നിന്ന് ആദ്യത്തെ മുഖ്യമന്ത്രി, ഒപ്പം റോജി എം ജോണ്‍, വി ഇ അബ്‌ദുള്‍ ഗഫൂര്‍, അനൂപ് ജേക്കബ് എന്നിവരാണ് ജില്ലയില്‍ നിന്നുള്ള മറ്റ് മന്ത്രിമാര്‍. കൂടാതെ പതിനാലു മണ്ഡലങ്ങളിലും യുഡിഎഫ് എംഎല്‍എമാര്‍. ഇതോടെ വികസന കാര്യത്തില്‍ വലിയ പ്രതീക്ഷയിലാണ് ജില്ല.
മുഖ്യമന്ത്രിക്ക് വന്‍കിട വികസന പദ്ധതികള്‍ക്കപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ അടിസ്‌ഥാന സൗകര്യങ്ങള്‍ ശക്‌തിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. നഗരത്തില്‍ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക്, മാലിന്യ പ്രശ്‌നങ്ങള്‍, ടൂറിസം മേഖലകളുടെ വികസനം, സര്‍ക്കാര്‍ സ്‌കൂളുകളുടെയും ആശുപത്രികളുടെയും അടിസ്‌ഥാന സൗകര്യങ്ങള്‍, പഠനത്തിനും തൊഴിലിനുമായി കൊച്ചിയിലെത്തുന്ന യുവാക്കള്‍ക്കായുള്ള കൂടുതല്‍ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ജനങ്ങള്‍ ഉയര്‍ത്തുന്നു. കുടിവെള്ളക്ഷാമം, രൂക്ഷമാകുന്ന കടലേറ്റം, വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്ക് അടിയന്തര പരിഹാരം തേടേണ്ടതുണ്ട്. പരിസ്‌ഥിതി സംരക്ഷണം, തീരദേശ ജനതയുടെ പ്രശ്‌നങ്ങള്‍, കിഴക്കന്‍ മേഖലയിലെ വന്യജീവി ആക്രമണം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ എന്നിവയും സര്‍ക്കാരിന്റെ പ്രധാന പരിഗണന വിഷയങ്ങളാകേണ്ടതാണ്.
പ്രധാന ലക്ഷ്യങ്ങള്‍
ഗതാഗത കുരുക്ക്
നഗരത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും കുരുക്ക് തന്നെ. നാളിതുവരെ ഇതിനൊരു അന്ത്യമില്ലാതെ തുടരുകയാണ്. ഇതിനു പരിഹാരമായി അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ബൈപാസുകള്‍, ഇടപ്പിള്ളി മുതല്‍ അരൂര്‍ വരെയുള്ള ഉയരപ്പാത, അങ്കമാലി- കുണ്ടന്നൂര്‍ ബൈപാസ്, തങ്കളം-കാക്കനാട് ബൈപാസ് എന്നിവ പരിഗണിക്കണം. കൂടാതെ സീപോര്‍ട്ട് -എയര്‍പോര്‍ട്ട് റോഡ് പൂര്‍ത്തീകരണം, തമ്മനം- പുല്ലേപ്പടി റോഡ് വികസനം, പറവൂര്‍ -പിഴല -എറണാകുളം റോഡ് പൂര്‍ത്തീകരണം, തുടങ്ങിയ പദ്ധതികള്‍ തുടര്‍ നടപടികള്‍ അനിവാര്യമാണ്.
മെട്രോ
നഗരത്തില്‍ നിലവില്‍ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. കൂടാതെ ആലുവയില്‍ നിന്ന് അങ്കമാലി വരെ സര്‍വീസ് നീട്ടുന്ന പദ്ധതി നിലവില്‍ പരിഗണനയിലാണ്. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന പ്രതീക്ഷയാണുള്ളത്.
കടല്‍ഭിത്തി
ചെല്ലാനം കണ്ണമാലി പ്രദേശങ്ങളില്‍ കടല്‍ഭിത്തി ഭാഗീകമായി തകര്‍ന്ന അവസ്‌ഥയിലാണ്. ഒരുപാട് കുടുംബങ്ങള്‍ ഇവിടെ ദുരിതത്തിലാണ്. പലയിടങ്ങളിലും ട്രൈപോടുകളും പുലിമുട്ടുകളും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും കടലാക്രമണത്തില്‍ നിന്ന് പൂര്‍ണമായ സംരക്ഷണം ഒരുക്കിയിട്ടില്ല. ആയതിനാല്‍ തീരദേശ മേഖലയിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കണം.
ടൂറിസം
പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്‌കൊച്ചിയും മട്ടാഞ്ചേരിയും ഉള്‍പ്പെടുന്ന തീരദേശ പ്രദേശങ്ങള്‍ നിരവധി അടിസ്‌ഥാന സൗകര്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യത്തില്‍ തീരശോഷണം തടയാനും കടപ്പുറം പുനരുദ്ധരിക്കാനും ആവശ്യമായ പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കണം.
ശാസ്‌ത്രീയമായ കടല്‍ഭിത്തി നിര്‍മാണം, മണല്‍ നിക്ഷേപം, തീരസംരക്ഷണ സംവിധാനങ്ങള്‍ എന്നിവയും പരിഗണിക്കേണ്ടതുണ്ട്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന പ്രദേശമായതിനാല്‍ മാലിന്യ സംസ്‌കരണത്തിനും പൊതുശുചിത്വ പരിപാലനത്തിനും പ്രത്യേക സംവിധാനം വേണം. രാത്രികാല ലൈറ്റിംഗ്, ശുചിമുറികള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണം.
മട്ടാഞ്ചേരി ബോട്ടുജെട്ടിയിലും ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. കായലിന്റെ ആഴം കുറഞ്ഞതിനാല്‍ ബോട്ടുകള്‍ സുരക്ഷിതമായി അടുപ്പിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ് നിലവിലുള്ളത്. കൃത്യമായ ഇടവേളകളില്‍ ഡ്രെജ്‌ജിങ് നടത്തി കായലിന്റെ ആഴം നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കണം.



