പത്തനംതിട്ട : സി.പി.ഐ. എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചര്‍ച്ചകളെന്ന പേരില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു.വീണാ ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നു എന്നത് ശരിയല്ല.വീണാ ജോര്‍ജ് പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റിയിലെ ക്ഷണിതാവാണ്.
അവരുടെ അഭിപ്രായങ്ങള്‍ അവിടെയാണ് പറയുക. എന്നാല്‍ ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം അവര്‍ പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. പ്രചരിപ്പിക്കുന്നതിന് യാഥാര്‍ഥ്യവുമായി ഒരുബന്ധവുമില്ല.
പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ കമ്മിറ്റികള്‍ ചേര്‍ന്ന് തെരഞ്ഞെടുപ്പ് വിശകലനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.സിപിഐ എമ്മിന്റെ സംഘടനാ രീതിയനുസരിച്ച് ഇത്തരം യോഗങ്ങളിലെ ചര്‍ച്ചകള്‍കൂടി കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുക. അത് ബ്രാഞ്ച് വരെയുള്ള ഘടകങ്ങള്‍ ചര്‍ച്ച ചെയ്യും.തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടുവെന്നത് പാര്‍ടി അംഗീകരിച്ചതാണ്.
അതിന്റെ മറവില്‍ എന്ത് കെട്ടുകഥകളും അവതരിപ്പിക്കുന്നത് പാര്‍ടിയെ തകര്‍ക്കുകയെന്ന രാഷ്ര്‌ടീയ ലക്ഷ്യത്തോടെയാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് പാര്‍ടി പ്രവര്‍ത്തിക്കുന്നതും മുന്നോട്ടു പോകുന്നതും. വ്യാജ പ്രചാരണങ്ങള്‍ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ലെന്നും രാജു ഏബ്രഹാം വ്യക്‌തമാക്കി.



