
പത്തനംതിട്ട : ആഗോള തീര്‍ഥാടന കേന്ദ്രമായ ശബരിമല അയ്യപ്പ ക്ഷേത്രം നിലനില്‍ക്കുന്ന മണ്ഡലം എന്ന നിലയില്‍ സര്‍ക്കാര്‍ റാന്നിക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതാണെന്ന് നിയുക്‌ത റാന്നി എം.എല്‍.എ. അഡ്വ. പഴകുളം മധു.
30 വര്‍ഷമായി റാന്നി വികസനം എത്തി നോക്കാത്ത മണ്ഡലമാണെന്നും നഷ്‌ടപ്പെട്ട അവസരം തിരികെ പിടിക്കുക എന്നതാണ് തന്റെ ഉത്തര വാദിത്വം എന്നും പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.എന്നാല്‍ കാലങ്ങളായി മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഇക്കാര്യത്തില്‍ വേണ്ടത്ര മുന്‍ഗണന നല്‍കിയിട്ടില്ല.ഇക്കുറി ഇതിന് മാറ്റം ഉണ്ടാക്കാനാണ് ശ്രമം.
വടശേരിക്കരയില്‍
പില്‍ഗ്രിം സെന്റര്‍
തീര്‍ഥാടകരുടെ പമ്പയിലെ തിരക്ക് ഒഴിവാക്കാന്‍ വടശേരിക്കര കേന്ദ്രീകരിച്ച് ഒരു പില്‍ഗ്രിം സെന്റര്‍ തുറക്കും.
വിദൂര പ്രദേശങ്ങളില്‍ നിന്നും എത്തുന്ന അയ്യപ്പ ഭക്‌തര്‍ക്ക് ഈ പ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.പമ്പയിലേക്കും നിലക്കലിലേക്കും എത്തും മുന്‍പേ തിരക്ക് ഒഴിവാക്കി ഭക്‌തര്‍ക്ക് വിശ്രമിക്കുന്നതിന് വടശ്ശേരിക്കരയിലെ പില്‍ഗ്രിം സെന്റര്‍ പ്രയോജനപ്പെടും
കുടിവെള്ള പ്രശ്‌നത്തിന്
പരിഹാരം
പമ്പാ നദിയുടെ ഇരു കരകളിലുമായി പടര്‍ന്ന് കിടക്കുന്ന റാന്നിയില്‍ കുടിവെള്ള പ്രശ്‌നം അതി രൂക്ഷമാണ്. അശാസ്‌ത്രീയമായ പദ്ധതികള്‍ ആവിഷ്‌കരിച്ചതും പമ്പയെ മലിനമാക്കിയതും ഒക്കെ ഇതിനു കാരണമാണ്. മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുക അത്ര എളുപ്പമല്ല.
ജല്‍ ജീവന്‍ മിഷന്‍ പൈപ്പുകള്‍ മാത്രം കുഴിച്ചിട്ടിട്ടുണ്ട് . ഒരിടത്തും വെള്ളം എത്തുന്നില്ല.
റാന്നി ടൗണ്‍ വികസനത്തിന് മാസ്‌റ്റര്‍ പ്ലാന്‍ തയ്യാറാക്കും. . റാന്നി വലിയ പാലം പണി വേഗം പൂര്‍ത്തിയാക്കാന്‍ കരാറുകാരനെ വിളിച്ച് ചേര്‍ത്ത് ചര്‍ച്ചനടത്തും. റാന്നി ബസ് സ്‌റ്റാന്‍ഡിന്‍റെ വികസനം വേഗത്തില്‍ സാധ്യമാക്കും . കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും.റാന്നിയെ തകര്‍ത്ത 2018 ലെ പ്രളയം സംബന്ധിച്ച് സര്‍ക്കാര്‍ ഒരു അന്വേഷണം നടത്തണമെന്നും ആവശ്യപ്പെടും . ഇനി ഒരു പ്രളയം വന്നാല്‍ റാന്നിക്ക് നാശനഷ്‌ടം ഉണ്ടാകാതിരിക്കാന്‍ റാന്നിയില്‍ ശാസ്‌ത്രീയ പഠനങ്ങള്‍ നടത്തും. പമ്പയിലെ മണല്‍ പുറ്റുകള്‍ നീക്കാന്‍ പഠനങ്ങള്‍ നടത്തും.
വന്യ മൃഗ ശല്യം
റാന്നി മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും വന മേഖലയോട് ചേര്‍ന്ന് കിടക്കുന്നതാണ്.അതിനാല്‍ തന്നെ വന്യ മൃഗശല്യവും രൂക്ഷമാണ്.മലയോര മേഖലകളില്‍ വന്യ മൃഗ ശല്യം പരിഹരിക്കാന്‍ ഇതിനോട് ചേര്‍ന്ന് ട്രഞ്ച് കുഴിച്ച് പരിഹാരം കണ്ടെത്തും. വനമേഖലകളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് അവരുടെ പറമ്പിലെ മരം മുറിക്കാനുള്ള നിയമ തടസങ്ങള്‍ നീക്കും. മലയോര മേഖലയിലെ പട്ടയം പ്രശ്‌നത്തിന് പരിഹാരം കാണും . അര്‍ഹതപ്പെട്ട എല്ലാവര്‍ക്കു പട്ടയം നല്‍കും.
കാര്‍ബൊറാണ്ടം പദ്ധതി
മണിയാര്‍ ജലവൈദ്യുത പദ്ധതി കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്? ആവശ്യപ്പെടും. 30 വര്‍ഷത്തെ കരാര്‍ 2024 ല്‍ പൂര്‍ത്തിയായതാണ്.എന്നാല്‍ തുടര്‍ന്നും ഇവിടെ ഉല്‍പ്പാദനം നടന്നു. ഇത് സംസ്‌ഥാന സര്‍ക്കാരിന് ലഭ്‌ക്കേണ്ടതാണ്.അതിനാല്‍ 2024 നു ശേഷം അവിടെ വൈദ്യുതി ഉല്ലാദിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം . ഇതിനായി വേണ്ട നടപടികള്‍ സ്വീകരിക്കും.
പെരുന്തേനരുവി ടൂറിസം വികസനം നടപ്പാക്കും . 12 പഞ്ചായത്തുകളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കൂടുതല്‍ പ്രയോജനപ്രദമായ പദ്ധതികള്‍ നടപ്പാക്കും . വയോജനങ്ങള്‍ക്കായി പഞ്ചായത്തുകളില്‍ പകല്‍ വീടുകള്‍ ആരംഭിക്കും .എസ്. എസ്. എല്‍ .സി , പ്ലസ് ടു വിജയികള്‍ക്ക്? മെറിറ്റ് അവാര്‍ഡ് നല്‍കും . എന്‍. ആര്‍. ഐ സഹകരണത്തോടെ മിനി അഗ്രോ ടെക്‌നോ പാര്‍ക്‌സ്ഥാപിക്കും.
സ്വര്‍ണക്കൊള്ളയും നവീന്‍
ബാബുവിന്റെ മരണവും
അന്വേഷണം വേണം
ശബരിമല സ്വര്‍ണ കൊള്ള കേസ് അനേഷിക്കുന്ന നിലവിലെ എസ്.ഐ.ടിയെ പിരിച്ചു വിട്ട് പുതിയ അന്വേഷണ ഏജന്‍സിയെ ഏല്ലിക്കാന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും.ശബരിമല വികസനത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. എ. ഡി. എം നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണം.
ജില്ലക്ക് മന്ത്രി
വേണ്ടിയിരുന്നു
ജില്ലക്ക് ഒരു മന്ത്രിയെ ലഭിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പ്രയോജനം ഉണ്ടാകുമായിരുന്നുവെന്നും പഴകുളം മധു പറഞ്ഞു. തനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു. ഇപ്പോഴും അത് തുടരുന്നു. താന്‍ അത് ശ്രദ്ധിക്കാറില്ല. കെ. സി. വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാവാണ്. അനാവശ്യ കാരണങ്ങളുടെ പേരില്‍ ചിലര്‍ അദ്ദേഹത്തെ ക്രൂശിക്കാന്‍ നോക്കിയപ്പോഴാണ് താന്‍ അനുകൂലിച്ച്‌സംസാരിച്ചത്.റാന്നിയുടെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.പ്രസ് ക്ലബ് പ്രസിഡന്റ്‌ബിജു കുര്യന്‍ അധ്യക്ഷത വഹിച്ചു.


