
റാന്നി: മുട്ടയുമായി തമിഴ് നാട്ടില്‍ നിന്നും വന്ന പിക്ക് അപ്പ് വാനും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു. വാന്‍ മറിഞ്ഞ് മുട്ട പൊട്ടി റോഡിലേക്ക് ഒഴുകി. പിക്ക് ആപ്പ് ഡ്രൈവര്‍ക്കും ബസിലെ സഹായിക്കും നിസാര പരുക്കേറ്റത് ഒഴിച്ചാല്‍ ആര്‍ക്കും കാര്യമായ പരുക്കില്ല. ഇന്നലെ രാവിലെ ഏഴരയോടെ റാന്നി വാളിപ്ലാക്കല്‍ ജങ്ങ്‌ഷനിലാണ് അപകടം ഉണ്ടായത്.
കമ്പം തേനിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് വന്ന വാന്‍ റാന്നി സിറ്റാഡല്‍ സ്‌കൂള്‍ ബസിലേക്ക് ഇടിക്കുകയായിരുന്നു എന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ വാന്‍ മറിയുകയും ഇതിനുള്ളില്‍ ഉണ്ടായിരുന്ന മുട്ടകള്‍ പൊട്ടി റോഡിലേക്ക് വീഴുകയും ചെയ്‌തു. സംഭവ സ്‌ഥലത്തെത്തിയ അഗ്നി ശമന സേന ഇത് വൈകാതെ നീക്കം ചെയ്‌ത് ഗതാഗതം സുഗമമാക്കി. റാന്നി പോലീസും നടപടികള്‍ സ്വീകരിച്ചു.


