ഹജ്ജ് സീസണിനോടനുബന്ധിച്ച് മക്കയിലേക്കുള്ള പ്രധാന റോഡുകളിലൂടെ എഴുപതിനായിരത്തിലധികം വാഹനങ്ങൾ പ്രവേശിച്ചതായി ജനറൽ അതോറിറ്റി ഫോർ റോഡ്സ് അറിയിച്ചു. തീർത്ഥാടകരുടെ യാത്രയും ചരക്കുനീക്കവും സുഗമമാക്കുന്നതിനായി റോഡ് ശൃംഖലകളുടെ കാര്യക്ഷമത വർധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
അതോറിറ്റി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോയത് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ റോഡിലൂടെയാണ്. ഈ പാതയിലൂടെ മാത്രം 24,600 വാഹനങ്ങൾ മക്കയിൽ പ്രവേശിച്ചു. തുടർന്ന് അൽ-ലൈത്ത് റോഡിലൂടെ 13,400 വാഹനങ്ങളും, അൽ-സൈൽ അൽ-കബീർ വഴിയുള്ള ത്വാഇഫ്–മക്ക റോഡിലൂടെ 11,600 വാഹനങ്ങളും കടന്നുപോയതായി റിപ്പോർട്ടിൽ പറയുന്നു.
മദീന–മക്ക റോഡിലൂടെ 9,500 വാഹനങ്ങളും, മക്ക–ത്വാഇഫ് റോഡായ അഖബ അൽ-ഹദ വഴിയായി 7,600 വാഹനങ്ങളും സഞ്ചരിച്ചു. കൂടാതെ മക്ക–ജിദ്ദ റോഡ് (ബഹ്‌റ) വഴി 6,900 വാഹനങ്ങളും, മക്ക–ജിദ്ദ ഡയറക്ട് റോഡിലൂടെ 3,000 വാഹനങ്ങളും പ്രവേശിച്ചതായും അധികൃതർ വ്യക്തമാക്കി.
പുണ്യസ്ഥലങ്ങളിലേക്കുള്ള എല്ലാ പ്രധാന പാതകളിലും ഫീൽഡ് ടീമുകൾ മുഴുവൻ സമയവും നിരീക്ഷണം തുടരുകയാണെന്ന് ജനറൽ അതോറിറ്റി ഫോർ റോഡ്സ് അറിയിച്ചു. ട്രാഫിക് നിയന്ത്രണവും റോഡ് സുരക്ഷയും ഉറപ്പാക്കുന്നതിനൊപ്പം തീർത്ഥാടകർക്ക് മികച്ച സേവനങ്ങൾ ലഭ്യമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു.
ഹജ്ജ് കാലയളവിൽ വാഹനങ്ങളുടെ സുഗമമായ ഗതാഗതവും തീർത്ഥാടകരുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രയും ഉറപ്പാക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു



![[IMG]](/_next/image?url=https%3A%2F%2Fimages.mangalam.com%2Fuploads%2Fnews%2F2026%2F05%2F843494%2F08.jpg&w=256&q=75)


