
ജന്മദിനം, വിവാഹവാർഷികം, പ്രൊപോസൽ എന്നിങ്ങനെയുള്ള സ്വകാര്യ സന്തോഷങ്ങൾ വീടുകളിൽ നിന്ന് വലിയ റെസ്റ്റോറന്റിലും റിസോർട്ടുകളിലും ആഘോഷിക്കുന്ന ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. സർപ്രൈസായി ഇത്തരം സന്തോഷങ്ങൾ ആഘോഷിക്കാൻ പല റെസ്റ്റോറന്റുകളും അവരുടെ പാർട്ടി ഹാളുകൾ നന്നായി അലങ്കരിച്ച് ആളുകളുടെ ഹൃദയം കവരാറുണ്ട്. ഇതിനൊക്കെ നന്നായി പണം ചിലവാകും എന്നതും മറ്റൊരു വസ്തുതയാണ്.
എന്നാൽ ഇപ്പോഴിതാ തീർത്തും അമ്പരിപ്പിക്കുന്ന തരത്തിൽ ഒരു കേക്ക് കട്ടിംഗിന് സർവീസ് ചാർജ് ഈടാക്കിയ റെസ്റ്റോറന്റിന്റെ രീതിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. റെസ്റ്റോറന്റിൽ ജന്മദിനാഘോഷത്തിന് കൊണ്ടുവന്ന കേക്ക് മുറിച്ചു നൽകിയതിന് വൻ തുകയാണ് സർവീസ് ചാർജ്ജായി ഈ റെസ്റ്റോറന്റ് ഈടാക്കിയത്.
അമേരിക്കയിലെ ബെവർലി ഹിൽസിലുള്ള 'പോസ' എന്ന പ്രമുഖ റെസ്റ്റോറന്റാണ് കേക്ക് മുറിച്ചതിന് മാത്രം ബില്ലിൽ 110 ഡോളർ (ഏകദേശം 10,650 രൂപ) ചേർത്തത്. ഒരു പ്രമുഖ ഫുഡ് ഇൻഫ്ലുവൻസറാണ് തനിക്ക് ലഭിച്ച ഭീമമായ ബില്ലിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ആഘോഷത്തിൽ പങ്കെടുത്ത 11 പേർക്കായി ഒരാൾക്ക് 10 ഡോളർ (ഏകദേശം 830 രൂപ) വീതം കണക്കാക്കിയാണ് 'കേക്ക് കട്ടിങ് ഫീ' ഇനത്തിൽ ഈ തുക ഈടാക്കിയത്. ആകെ കഴിച്ച ഭക്ഷണത്തിന്റെ ബിൽ തുക 1,100 ഡോളറിലധികം കടന്നതിന് പിന്നാലെയാണ് ഈ അധിക നിരക്ക് എന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം.
സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് റെസ്റ്റോറന്റിനെതിരെ ഉയരുന്നത്.
സംഭവം വിവാദമായതോടെ വിശദീകരണവുമായി റെസ്റ്റോറന്റ് അധികൃതർ തന്നെ നേരിട്ട് രംഗത്തെത്തി. തുകയെക്കുറിച്ച് ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ അവർ പരസ്യമായി ക്ഷമ ചോദിച്ചു. 'കേക്ക് മുറിക്കുന്നതിനുള്ള നിരക്കിനെക്കുറിച്ച് നിങ്ങളെ മുൻകൂട്ടി അറിയിക്കാൻ സാധിക്കാത്തതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് ഞങ്ങളുടെ സാധാരണ രീതിയല്ല. നിങ്ങൾ കേക്ക് കൊണ്ടുവന്നപ്പോൾ തന്നെ ഇക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. അതിനാൽ, ഈ തുക പൂർണ്ണമായി റീഫണ്ട് ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. ഒപ്പം മികച്ചൊരു ഭക്ഷണാനുഭവത്തിനായി നിങ്ങളെയും സുഹൃത്തിനെയും വീണ്ടും ഞങ്ങളുടെ റെസ്റ്റോറന്റിലേക്ക് ക്ഷണിക്കുന്നു...' എന്നാണ് അധികൃതർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
എന്നിട്ടും വിമർശനങ്ങൾ കുറയാതെ വന്നതോടെ, കേക്ക് മുറിക്കുന്നതിനായി ഈടാക്കിയിരുന്ന നിരക്ക് ഒരാൾക്ക് 10 ഡോളർ എന്നതിൽ നിന്നും 5 ഡോളറായി കുറച്ചതായും റെസ്റ്റോറന്റ് മാനേജ്മെന്റ് അറിയിച്ചു.
മൂന്ന് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളും നടക്കുന്നുണ്ട്.
ഉയർന്ന നിലവാരമുള്ള ഹോട്ടലുകളിൽ പുറത്തുനിന്നുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുമ്പോൾ ഇത്തരം നിരക്കുകൾ ഈടാക്കാറുണ്ടെന്ന് ചിലർ റെസ്റ്റോറന്റിനെ പിന്തുണച്ചു. 'വെറുമൊരു കത്തി കൊണ്ട് കേക്ക് മുറിച്ചതിന് പതിനായിരത്തിലധികം രൂപ വാങ്ങുന്നത് ശുദ്ധ ഭ്രാന്താണ്' എന്ന് പ്രതികരിച്ചവരുമുണ്ട്.






