
റിയാദ്: സൗദി പ്രോ ലീഗ് ഫുട്‌ബോളില്‍ അല്‍ നസറിന് കിരീടം. സീസണിലെ അവസാന മത്സരത്തില്‍ ഡാമാകിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കു തോല്‍പ്പിച്ചതോടെയാണ് അവര്‍ കിരീടം നേടിയത്.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ക്ലബിലെത്തിയ ശേഷം ആദ്യമായാണ് അല്‍ നസര്‍ ചാമ്പ്യന്‍മാരാകുന്നത്. 34 കളികളില്‍നിന്ന് 86 പോയിന്റുമായാണ് അവരുടെ കിരീടധാരണം. രണ്ടാം സ്‌ഥാനത്തുള്ള അല്‍ ഹിലാലിന് 34 കളികളില്‍നിന്ന് 84 പോയിന്റാണ്. 29 പോയിന്റുള്ള ഡാമാസ് 16-ാം സ്‌ഥാനത്തും 20 പോയിന്റുള്ള അല്‍ അക്‌ദൗദ് 17-ാം സ്‌ഥാനത്തും 16 പോയിന്റുള്ള അല്‍ നജ്‌മ 18-ാം സ്‌ഥാനത്തും ഫിനിഷ് ചെയ്‌തു. മൂന്ന് ടീമുകളെയും പ്രോ ലീഗില്‍നിന്നു തരംതാഴ്‌ത്തി. 41 വയസുകാരനായ ക്രിസ്‌റ്റ്യാനോയുടെ കരിയറിലെ 37-ാം കിരീടമാണിത്.
നാല് വ്യത്യസ്‌ത രാജ്യങ്ങളിലെ ലീഗ് കിരീടങ്ങളില്‍ മുത്തമിടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്‌റ്റ്യാനോയുടെ ശേഖരത്തിലെത്തി. ഇം?ീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനായും സ്‌പാനിഷ് ലാ ലിഗയില്‍ റയാല്‍ മാഡ്രിഡിനായും ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനായും ലീഗ് കിരീടങ്ങള്‍ നേടി. ഒന്നിലധികം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനും അവകാശിയായി. 973 കരിയര്‍ ഗോളുകള്‍ക്കും ഉടമയാണ്.
ഡാമാകിനെതിരേ സ്വന്തം തട്ടകമായ അല്‍ അവാല്‍പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ നസറിനായി ക്രിസ്‌റ്റ്യാനോ ഇരട്ട ഗോളുകളടിച്ചു. സാദിയോ മാനെ, കിങ്‌സ്ലെ കോമാന്‍ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു. മോര്‍ലായ് സിലയാണ് ഡാമാകിനായി ഗോളടിച്ചത്. 62, 80 മിനിറ്റുകളിലാണു ക്രിസ്‌റ്റ്യാനോയുടെ ഗോളുകള്‍. 33-ാം മിനിറ്റില്‍ മാനെയുടെ ഗോളിലാണ് അല്‍ നസര്‍ മുന്നിലെത്തിയത്. കോമന്‍ 51ാം മിനിറ്റിലും പന്ത് വലയിലാക്കി. 57-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കിയാണ് ഡാമാക് അക്കൗണ്ട് തുറന്നത്‌്.
അല്‍ നസറിന്റെ 11-ാം പ്രോ ലീഗ് കിരീടമാണിത്. ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ ലീഗിലെ ആദ്യ കിരീടമാണിത്. 2006, 2007, 2008 എന്നീ വര്‍ഷങ്ങളിലാണ് പോര്‍ച്ചുഗല്‍ ഇതിഹാസം യുണൈറ്റഡിന് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്തത്. റയാല്‍ മാഡ്രിഡിനൊപ്പം 2011, 2016 വര്‍ഷങ്ങളിലായിരുന്നു ലാ ലിഗ ചാമ്പ്യനായത്‌്. യുവന്റസിനൊപ്പം 2018, 2019 വര്‍ഷങ്ങളിലായിരുന്നു താരം കപ്പുയര്‍ത്തിയത്.






