
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ 89 റണ്ണിനു തോറ്റതിനു പിന്നാലെ മുന്‍ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് പിഴ ശിക്ഷയും.
തോറ്റതോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ടീം ഒന്നടങ്കം സംഘാടക സമിതിയുടെ പിഴ ശിക്ഷ നേരിട്ടു. നായകന്‍ ഋതുരാജ് ഗെയ്‌ക്‌വാദിനും 24 ലക്ഷം രൂപ പിഴ ചുമത്തി. സീസണില്‍ രണ്ടാം തവണയാണ് ചെന്നൈ കുറഞ്ഞ ഓവര്‍ നിരക്കില്‍ ശക്ഷിക്കപ്പെടുന്നത്. അതിനാലാണ് ഇംപാക്‌ട് പ്ലെയര്‍ ഉള്‍പ്പെടെ മുഴുവന്‍ ടീമംഗങ്ങള്‍ക്കും പിഴ ശിക്ഷ ലഭിച്ചത്. കുറഞ്ഞ ഓവര്‍ നിരക്കുമായി ബന്ധപ്പെട്ട ഐ.പി.എല്‍. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം ഗെയ്‌ക്വാദിന്റെ ടീം വരുത്തുന്ന രണ്ടാമത്തെ നിയമലംഘനമായതിനാല്‍ (ആദ്യത്തെ നിയമലംഘനം 18-ാം മത്സരത്തിലായിരുന്നു) 24 ലക്ഷം രൂപ പിഴ ചുമത്തി. ഇംപാക്‌ട് പ്ലെയര്‍ ഉള്‍പ്പെടെയുള്ള പ്ലെയിങ് ഇലവനിലെ ബാക്കി അംഗങ്ങള്‍ക്ക് ആറ് ലക്ഷം രൂപയോ അല്ലെങ്കില്‍ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ (അതില്‍ ഏതാണോ കുറവ്) പിഴയായി ഈടാക്കും. സ്വന്തം തട്ടകത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിന് 229 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സൂപ്പര്‍ കിങ്‌സ് 14-ാം ഓവറില്‍ 140 റണ്ണിന് ഓള്‍ഔട്ടായി. സൂപ്പര്‍ കിങ്‌സിന്റെ മലയാളി ഓപ്പണര്‍ സഞ്‌ജു സാംസണ്‍ മുഹമ്മദ് സിറാജ് എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ പന്തില്‍ പുറത്തായി. സഞ്‌ജുവിനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ പിടികൂടി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ശിവം ദുബെയുടെ (17 പന്തില്‍ നാല് സിക്‌സറും നാല് ഫോറുമടക്കം 47) ബാറ്റിങ് ഒഴിച്ചു നിര്‍ത്തിയാല്‍ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ പരാജയമായി. ദുബെയെ റാഷിദ് ഖാന്റെ പന്തില്‍ ഗുജറാത്ത് നായകന്‍ ശുഭ്‌മന്‍ ഗില്‍ പിടിച്ചതോടെ ചെന്നൈയുടെ കഥ കഴിഞ്ഞു. ഓപ്പണര്‍ മാത്യു ഷോര്‍ട്ടാണ് (14 പന്തില്‍ ഒരു സിക്‌സറും മൂന്ന് ഫോറുമടക്കം 24) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച മറ്റൊരു ബാറ്റര്‍. ഗുജറാത്തിനായി സിറാജും കാഗിസോ റബാഡയും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതമെടുത്തു. കാര്‍ത്തിക് ശര്‍മ (15 പന്തില്‍ 19) റണ്ണൗട്ടായി. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്‌ക്വാദ് ഗുജറാത്തിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ സായ് സുദര്‍ശനും (53 പന്തില്‍ നാല് സിക്‌സറും ഏഴ് ഫോറുമടക്കം 84) ശുഭ്‌മന്‍ ഗില്ലും (37 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 64) തുടങ്ങിയ ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്ന ജോസ് ബട്ട്‌ലറും (27 പന്തില്‍ നാല് സിക്‌സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 57) ഏറ്റെടുത്തതോടെ മികച്ച സ്‌കോറിലെത്തി.
അന്‍ശുല്‍ കാംബോജ് നാല് ഓവറില്‍ 56 റണ്‍ വഴങ്ങി ഒരു വിക്കറ്റെടുത്തു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങുന്ന ബൗളറെന്ന ''റെക്കോഡ്'' അന്‍ശുല്‍ കാംബോജ് സ്വന്തമാക്കി. ഈ സീസണില്‍ 34 സിക്‌സറുകളാണു താരം വഴങ്ങിയത്. 33 സിക്‌സറുകള്‍ വഴങ്ങിയ റാഷിദ് ഖാന്റെ റെക്കോഡാണു പഴങ്കഥയായത്‌്.






