ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കു സമീപം കഴിഞ്ഞ നവംബര്‍ 10-ന് നടന്ന കാര്‍ ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്യാന്‍ അല്‍ക്വയ്‌ദ ബന്ധമുള്ള പ്രതി ജാസിര്‍ ബിലാല്‍ വാനി യുട്യൂബും നിര്‍മിതബുദ്ധി (എ.ഐ) ആപ്പായ ചാറ്റ്‌ജി.പി.ടിയും ഉപയോഗിച്ചതായി എന്‍.ഐ.എ. കണ്ടെത്തല്‍. ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള ഖാസിഗണ്ഡ് വനമേഖലയില്‍ പ്രതി സ്‌ഫോടകവസ്‌തു (റോക്കറ്റ് ഐ.ഇ.ഡി) പരീക്ഷണം നടത്തിയതായും പ്രത്യേക എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച 7500 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
സ്‌ഫോടകവസ്‌തു നിര്‍മിക്കാനും പ്രയോഗിക്കാനും ലബോറട്ടറി നിലവാരത്തിലുള്ള പരീക്ഷണങ്ങളാണ് ജാസിര്‍ നടത്തിയതെന്ന് എന്‍.ഐ.എ. ചൂണ്ടിക്കാട്ടി. അല്‍ക്വയ്‌ദ ബന്ധമുള്ള 'അന്‍സാര്‍ ഘസ്‌വാത് ഉള്‍ ഹിന്ദ്' എന്ന സംഘടനയിലെ 'എന്‍ജിനീയറാ'ണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ഭീകരരില്‍ ഒരാള്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍ക്വയ്‌ദ വിഭാഗത്തെയും (എ.ക്യു.ഐ.എസ്) അനുബന്ധസംഘടനകളെയും ഭീകരസംഘടനകളായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളതാണ്.
ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫലാ സര്‍വകലാശാല കാമ്പസില്‍ ജാസിര്‍ ബിലാല്‍ വാനി 2024-25 കാലയളവില്‍ പലതവണ താമസിച്ച് ഭീകരാക്രമണ ഗൂഢാലോചനയ്‌ക്കു സാങ്കേതികസഹായം നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. സര്‍വകലാശാല മെഡിക്കല്‍ കോളജില്‍ ജോലിചെയ്‌ത മൂന്ന് ഡോക്‌ടര്‍മാര്‍ക്ക് ചെങ്കോട്ട കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. കാറില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച് ചാവേറായ ഡോ. ഉമര്‍ ഉന്‍ നബിക്കു ജാസിറിനെ പരിചയപ്പെടുത്തിയത് ഡോ. അദീല്‍ അഹമ്മദ് റാത്തറാണ്.
സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. സ്‌ഫോടകവസ്‌തു നിര്‍മിക്കാനാവശ്യമായ പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള രാസവസ്‌തുക്കള്‍ ജാസിറിന് എത്തിച്ചുനല്‍കിയത് ഡോ. അദീലാണ്. ഡോ. ഉമര്‍ സ്‌ഫോടകവസ്‌തു നിര്‍മാണം സംബന്ധിച്ച് ഗവേഷണം നടത്തുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്‌തു. റോക്കറ്റ് നിര്‍മാണം, അതിനാവശ്യമായ സാമഗ്രികളുടെ അനുപാതം തുടങ്ങിയ കാര്യങ്ങളാണ് ജാസിര്‍ യുട്യൂബിലും ചാറ്റ്‌ജി.പി.ടിയിലും തെരഞ്ഞത്. ഡോ. ഉമര്‍, ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു വനമേഖലയിലെ സ്‌ഫോടകവസ്‌തു പരീക്ഷണം. ജാസിറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഖാസിഗണ്ഡ് വനമേഖലയില്‍നിന്ന് സ്‌ഫോടകവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ തെളിവായി കണ്ടെത്തി.
ജാസിറിനു ഡോ. ഉമര്‍ രണ്ട് ഡ്രോണുകളും അവയുടെ ദൂരപരിധി, പോര്‍മുനശേഷി എന്നിവ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും നല്‍കിയതായി എന്‍.ഐ.എ. കുറ്റപത്രത്തില്‍ പറയുന്നു.
കശ്‌മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈനികകേന്ദ്രങ്ങളിലടക്കം സ്‌ഫോടവസ്‌തു വഹിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. ഡോ. ഉമര്‍, ജാസിര്‍, ഡോ. മുസമ്മില്‍, ഡോ. അദീല്‍ എന്നിവര്‍ ചേര്‍ന്ന് അനന്തനാഗിലെ യൗഷ്‌മര്‍ഗ് വനത്തില്‍ സിലിണ്ടര്‍ ബേസ്‌ഡ് ഐ.ഇ.ഡി. സ്‌ഫോടനപരീക്ഷണവും നടത്തി. ഡോ. അദീലിന്റെ സാന്നിധ്യത്തില്‍ നടത്തിയ തെളിവെടുപ്പില്‍ സ്‌ഫോടകവസ്‌തുക്കളുടെ അവശിഷ്‌ടങ്ങള്‍ എന്‍.ഐ.എ. കണ്ടെത്തി.
പ്രാദേശികമായി ലഭിക്കുന്ന സാമഗ്രികള്‍ ഉപയോഗിച്ച് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്‌തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്‌ധനാണ് ജാസിറെന്നും എന്‍.ഐ.എ. അന്വേഷണത്തില്‍ വ്യക്‌തമായി. 2023 ഡിസംബര്‍-2024 ജനുവരി കാലയളവില്‍ ഇയാള്‍ ഐ.ഇ.ഡി. നിര്‍മാണത്തിനാവശ്യമായ സെന്‍സര്‍ ഇന്‍ഡക്‌ടീവ് പ്രോക്‌സിമിറ്റി സ്വിച്ച്, ഹീറ്റ് ഗണ്‍, പിസോ പ്ലേറ്റ്, റിമോട്ട് കണ്‍ട്രോള്‍ റിലേ സ്വിച്ച് റേഡിയോ ഫ്രീക്വന്‍സി ട്രാന്‍സ്‌മിറ്റര്‍, റിസീവര്‍ കിറ്റ്, ഫ്‌ളെയിംലെസ് റീചാര്‍ജബിള്‍ പോക്കറ്റ് ലൈറ്റര്‍, സോള്‍ഡറിങ് കിറ്റ്, എല്‍.ഇ.ഡി. ഇലക്‌ട്രോണിക് കിറ്റ് തുടങ്ങിയവ 'ഫ്‌ളിപ്‌കാര്‍ട്ട്' മുഖേന വാങ്ങി. ഡോ. ഉമറാണ് ഇതിനു പണം മുടക്കിയത്. 'കാഷ് ഓണ്‍ ഡെലിവറി' ഓര്‍ഡറായാണ് ഫ്‌ളിപ്‌കാര്‍ട്ട് മുഖേന സാധനങ്ങള്‍ വരുത്തിയത്. ഐ.ഇ.ഡി. നിര്‍മാണത്തിനായി ഇവ കൂട്ടിയോജിപ്പിച്ച് ഡോ. ഉമറിന് ജാസിര്‍ കൈമാറി. ഇത് സ്‌ഫോടനസജ്‌ജമാക്കിയത് ഉമറാണ്.



