റായ്‌പുര്‍: ഛത്തീസ്‌ഗഡിലെ സര്‍ഗുജയില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങാനായി 90 വയസുകാരിയായ ഭര്‍തൃമാതാവിനെ ചുമലിലേറ്റി മരുമകള്‍ നടന്നത് ഒന്‍പത് കിലോമീറ്റര്‍. മെയിന്‍പാറ്റ് സ്വദേശിയായ സുഖ്‌മാനിയ ബായ് എന്ന സ്‌ത്രീയാണ് 1500 രൂപ പെന്‍ഷന്‍ തുക കൈപ്പറ്റാനായി കിടപ്പുരോഗിയായ ഭര്‍തൃമാതാവിനെ ചുമലിലേറ്റി നടന്നത്.
ബാങ്കില്‍ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചാല്‍ മാത്രമേ പെന്‍ഷന്‍ തുക ലഭിക്കൂ എന്ന നിബന്ധനയുള്ളതിനാലാണ് ഈ വഴി സ്വീകരിച്ചതെന്ന് സുഖ്‌മാനിയ പറഞ്ഞു. പ്രദേശത്ത് ഗതാഗത സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വയോധികയെ ചുമന്നുകൊണ്ട് നടക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. പെന്‍ഷന്‍ കൈപ്പറ്റാനായി മാസങ്ങളായി തങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെന്നും സുഖ്‌മാനിയ പറയുന്നു.
സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ക്ഷേമ പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.


