മുംബൈ: ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി) സ്‌ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ വീടിന് പോലീസ് സംരക്ഷണം. അമേരിക്കയിലെ ബോസ്‌റ്റണില്‍ വിദ്യാര്‍ഥിയായ അഭിജിത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്ന മഹാരാഷ്‌ട്രയിലെ വസതിക്കാണ് 24 മണിക്കൂര്‍ കാവല്‍ ഏര്‍പ്പെടുത്തിയത്. ഛത്രപതി സംഭാജിനഗറിലെ അഭിജിത്തിന്റെ വസതിക്കു പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പങ്കജ് അതുല്‍ക്കര്‍ സ്‌ഥിരീകരിച്ചു. എം.ഐ.ഡി.സി. വാലുജ് മേഖലയിലെ അഭിജിത്തിന്റെ വസതിയില്‍ 24 മണിക്കൂറും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോക്രോച്ച് പാര്‍ട്ടി സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി മാറിയതിനാല്‍ അദ്ദേഹത്തിന്റെ വീടിനു സമീപം ആളുകള്‍ തടിച്ചുകൂടുന്നത് ഒഴിവാക്കാനാണ് ഉറപ്പാക്കാനാണ് സംരക്ഷണം നല്‍കുന്നത്. തന്റെ അധികാരപരിധിയില്‍ ഒരിടത്തും ഇതുസംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നും ഡി.സി.പി. പറഞ്ഞു.
അതേസമയം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലുള്ള തങ്ങളുടെ പ്രസ്‌ഥാനത്തിനെതിരേ വ്യാപകമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിച്ചതായി അഭിജിത് ദീപ്‌കെ ആരോപിച്ചു. സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റും നിരോധിക്കുകയോ തടയപ്പെടുകയോ ചെയ്‌തതിനാല്‍ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ഇയാള്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍നിന്ന് നിരവധി ഭീഷണികള്‍ ലഭിച്ചതായി അഭിജിത്തിന്റെ മാതാപിതാക്കള്‍ ഭഗവാനും അനിത ദിപ്‌കെയും പറഞ്ഞു. സി.ജെ.പിയുടെ പെട്ടെന്നുള്ള പ്രശസ്‌തി തങ്ങളുടെ ഉറക്കം കെടുത്തിയെന്ന് അവര്‍ പറഞ്ഞു. തങ്ങളുടെ മകന്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ താല്‍പ്പര്യമില്ല. മകന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം ഉറക്കം നഷ്‌ടപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. അഭിജിത്ത് പ്രശസ്‌തനായതിനാല്‍ തനിക്ക് ആശങ്കയുണ്ടെന്ന് പിതാവ് ഭഗവാന്‍ പറഞ്ഞു. മകന്‍ രാഷ്‌ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ജോലി നേടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് അമ്മ അനിത പറഞ്ഞു. രാഷ്‌ട്രീയത്തില്‍ തുടരണോ വേണ്ടയോ എന്നത് അവന്റെ തീരുമാനമായിരിക്കും. പക്ഷേ മകന്‍ അതില്‍ തുടരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
യുവാക്കള്‍ക്കെതിരായ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് ഓണ്‍ലൈന്‍ ആക്ഷേപഹാസ്യ പ്രസ്‌ഥാനമായ കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി)യുടെ ജനനം.



