
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ ഫാല്‍ട്ട മണ്ഡലത്തില്‍ നടന്ന റീപോളിങ്ങില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിക്ക് റെക്കോഡ് ഭൂരിപക്ഷം.
ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ദേബാംഗ്‌ഷു പാണ്ഡ സി.പി.എം സ്‌ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. 1,49,666 വോട്ടുകളാണ് ബി.ജെ.പി ആകെ നേടിയത്. സി.പി.എം സ്‌ഥാനാര്‍ഥി ശംഭുനാഥ് കുര്‍മി 40,645 വോട്ടുകളും നേടി. മൂന്നാം സ്‌ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി അബ്‌ദുല്‍ റസാഖ് മൊല്ലയ്‌ക്ക് 10,084 വോട്ട് ലഭിച്ചു. നാലാമതെത്തിയ തൃണമൂല്‍ സ്‌ഥാനാര്‍ഥി ജഹാംഗീര്‍ ഖാന് കേവലം 7783 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. വോട്ടെടുപ്പിനു തൊട്ടുമുമ്പ് തൃണമൂല്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥി മത്സരരംഗത്തുനിന്ന് പിന്മാറിയിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനായി അറിയപ്പെടുന്ന അഭിഷേക് ബാനര്‍ജിയുടെ ലോക്‌സഭാ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറിന്റെ ഭാഗമാണ് ഫാല്‍ട്ട. അഭിഷേകിന്റെ വലംകൈയായി അറിയപ്പെടുന്ന ജഹാംഗീര്‍ ഖാന്‍ വോട്ടെടുപ്പിന് മുമ്പ് നടത്തിയ കൊലവിളി പ്രസംഗം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍, ഏപ്രില്‍ 29 നാണ് മണ്ഡലത്തില്‍ ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാല്‍, സൗത്ത് 24 പര്‍ഗാനാസ് സീറ്റിലെ വോട്ടെടുപ്പില്‍ വ്യാപകമായ ഇ.വി.എം അട്ടിമറിയും മറ്റ് ക്രമക്കേടുകളും നടന്നതായി പരാതി ഉയര്‍ന്നു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 29 ലെ വോട്ടെടുപ്പ് റദ്ദാക്കുകയും, ഫലം പ്രഖ്യാപിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കെ മണ്ഡലത്തിലെ 285 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിടുകയുമായിരുന്നു.
മണ്ഡലത്തിലെ ആകെ 2.36 ലക്ഷം വോട്ടര്‍മാരില്‍ 87 ശതമാനത്തിലധികം പേര്‍ റീപോളിങ്ങില്‍ പങ്കെടുത്തു. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുരക്ഷ ശക്‌തമാക്കിയിരുന്നു.






