ഭോപ്പാല്‍: സ്‌ത്രീധനപീഡനത്തെത്തുടര്‍ന്ന് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മോഡലും നടിയുമായ ത്വിഷാ ശര്‍മ്മയുടെ മൃതദേഹം സംസ്‌കരിച്ചു. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് രണ്ടാമതും പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.
ത്വിഷയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഡല്‍ഹി എയിംസില്‍നിന്നുള്ള വിദഗ്‌ധസംഘമാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തുടര്‍ന്ന് വൈകുന്നേരത്തോടെ സംസ്‌കാരം നടത്തി. മരണം നടന്ന് രണ്ടാഴ്‌ചയ്‌ക്കുശേഷമാണ് ട്വിഷയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.
ഈ മാസം 12-നാണ് ത്വിഷയെ ഭോപ്പാലിലെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. സ്‌ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചിരുന്നെന്ന ആരോപണവുമായി ത്വിഷയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് ത്വിഷയുടെ ഭര്‍ത്താവ് സമര്‍ഥ് സിങ്ങിനെയും അമ്മയും മുന്‍ജഡ്‌ജിയുമായ ഗിരിബാല സിങ്ങിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു.
പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും മൃതദേഹം വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ആശങ്കകള്‍ പരിഹരിക്കുന്നതിനായി വീണ്ടും പോസ്‌റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലായിരുന്നു കുടുംബം. ഒടുവില്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് രണ്ടാമതും പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. ഡല്‍ഹി എയിംസില്‍നിന്നുള്ള നാലംഗ ഡോക്‌ടര്‍മാരുടെ സംഘം ഭോപ്പാലില്‍ എത്തിയാണ് പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയത്. പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് ഒളിവില്‍പ്പോയ സമര്‍ഥ് സിങ്ങിനെ കഴിഞ്ഞ വെള്ളിയാഴ്‌ച ജബല്‍പൂരില്‍നിന്ന് പോലീസ് അറസ്‌റ്റ് ചെയ്‌തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴു ദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയില്‍ വിട്ടു.



