ന്യൂഡല്‍ഹി: സി.ബി.എസ്.ഇ ഫലപ്രഖ്യാപനത്തിനു ശേഷമുള്ള പുനര്‍മൂല്യനിര്‍ണയ പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ഐ.ഐ.ടി വിദഗ്‌ധരുടെ സഹായം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.
മദ്രാസ്, കാണ്‍പുര്‍ ഐ.ഐ.ടികളില്‍ നിന്നുള്ള പ്രഫസര്‍മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘത്തെ ഇതിനായി വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചുമതലപ്പെടുത്തി.
പോര്‍ട്ടല്‍ ആരംഭിച്ചതു മുതല്‍ നേരിട്ട എല്ലാ സാങ്കേതിക തകരാറുകളും ഐഐടി സംഘം വിശദമായി പരിശോധിക്കും. പോര്‍ട്ടലിന്റെ സ്‌ഥിരത, സെര്‍വര്‍ ശേഷി എന്നിവയാണ് വിലയിരുത്തുക. വിദ്യാര്‍ഥികള്‍ പ്രധാനമായും പരാതിപ്പെട്ട ലോഗിന്‍ ഓതന്റിഫിക്കേഷന്‍, യൂസര്‍ ആക്‌സസ് സിസ്‌റ്റം, പേയ്‌മെന്റ് ഗേറ്റ്‌വേ എന്നിവയിലെ തകരാറുകള്‍ കണ്ടെത്തി അടിയന്തരമായി പരിഹരിക്കാന്‍ സി.ബി.എസ്.ഇയെ ഈ സംഘം സഹായിക്കും. വിദ്യാര്‍ഥികളുടെ താല്‍പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും സുതാര്യവും കാര്യക്ഷമവുമായ സംവിധാനം മുന്‍ഗണനാടിസ്‌ഥാനത്തില്‍ ഉറപ്പാക്കാന്‍ സി.ബി.എസ്.ഇക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പ്രധാന്‍ വ്യക്‌തമാക്കി.
അതേസമയം, പുനര്‍മൂല്യ നിര്‍ണയത്തിന്റെ ഭാഗമായി ആവശ്യമായ തുകയേക്കാള്‍ കൂടുതല്‍ പണം ഈടാക്കിയവര്‍ക്ക് കൃത്യമായ തുക റീഫണ്ട് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കുറഞ്ഞ തുക ഈടാക്കപ്പെട്ട വിദ്യാര്‍ഥികളെ ബാക്കി തുക അടയ്‌ക്കുന്നതിനായി പ്രത്യേകം വിവരമറിയിക്കും.
എന്നാല്‍, തുകയിലുണ്ടായ വ്യത്യാസം കാരണം ആരുടെയും അപേക്ഷകള്‍ റദ്ദാക്കില്ലെന്നും പുതുതായി അപേക്ഷ സമര്‍പ്പിക്കാതെ തന്നെ സ്‌കാന്‍ ചെയ്‌ത ഉത്തരക്കടലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുമെന്നും സി.ബി.എസ്.ഇ ഉറപ്പുനല്‍കിയിട്ടുണ്ട്.



