ന്യൂഡല്‍ഹി: ഇരുപക്ഷത്തിന്റെയും ദേശീയതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടക്കാല വ്യാപാരക്കരാര്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടരുകയാണെന്ന് ഇന്ത്യയും യു.എസും. ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ പ്രതിനിധിസംഘം ഉടന്‍ ന്യൂഡല്‍ഹിയിലെത്തുമെന്നു വിദേശമന്ത്രി എസ്. ജയ്‌ശങ്കറും യു.എസ്. വിദേശ സെക്രട്ടറി മാര്‍കോ റൂബിയോയും സംയുക്‌ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ സമഗ്രമായ ഉഭയകക്ഷി വ്യാപാരക്കാരാറില്‍ ഒപ്പിടുന്നതിലേക്കുള്ള പ്രധാനചുവടുവയ്‌പ്പായിരിക്കുമിത്.
വ്യാപാരക്കരാറിന് അടുത്തെത്തിയതായി ഫെബ്രുവരി രണ്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികള്‍ മുന്നോട്ടുപോയില്ല. യു.എസിന്റെ ശ്രദ്ധ പശ്‌ചിമേഷ്യന്‍ പ്രതിസന്ധിയിലേക്കു തിരിഞ്ഞെങ്കിലും വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു. ഇടക്കാല വ്യാപാര കരാര്‍ അന്തിമമാക്കുന്നതിന് ഇരുപക്ഷവും പ്രത്യേക സമയപരിധി അറിയിച്ചിട്ടില്ല.
ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള തീരുവ കൂട്ടിയ യു.എസ്. നടപടി ഇന്ത്യയെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നില്ലെന്നും റൂബിയോ പറഞ്ഞു. ' ഇന്ത്യയുമായി ഒരു സംഘര്‍ഷം പ്രസിഡന്റ് ആഗ്രഹിക്കുന്നില്ല. ആഗോള തലത്തില്‍ യു.എസിന്റെ വ്യാപാര അസന്തുലിതാവസ്‌ഥ പരിഹരിക്കുകയും യു.എസിലേക്ക് ഉല്‍പ്പാദനം തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ളതായിരുന്നു തീരുവ വര്‍ധന.
ഇന്ത്യയുമായി മാത്രമല്ല, യൂറോപ്യന്‍ യൂണിയനുമായും ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായും ആഗോള വ്യാപാരത്തില്‍ സന്തുലിതാവസ്‌ഥ തിരികെ കൊണ്ടുവരേണ്ടതുണ്ട്. '-റൂബിയോ പറഞ്ഞു.
എ.ഐ. സാങ്കേതികവിദ്യയ്‌ക്കും സെമികണ്ടക്‌ടറുകള്‍ക്കുമായി സുരക്ഷിതമായ ആഗോള വിതരണ ശൃംഖല ഉറപ്പാക്കാനുള്ള യു.എസ്. സംരംഭമായ 'പാക്‌സ് സിലിക്ക'യില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയതും യു.എസില്‍ ഇന്ത്യന്‍ കമ്പനികള്‍ 20 ബില്യണ്‍ ഡോളറിലധികം നിക്ഷേപം നടത്തിയതും ഇരുപക്ഷവും തമ്മിലുള്ള വളരുന്ന സാമ്പത്തിക സഹകരണത്തിന്റെ അടയാളങ്ങളായി റൂബിയോ ചൂണ്ടിക്കാട്ടി.
നിര്‍ണായക ധാതുക്കളിലും എ.ഐയിലും സഹകരണത്തിനുള്ള സാധ്യത ജയ്‌ശങ്കര്‍ ചൂണ്ടിക്കാട്ടി. ഊര്‍ജമേഖലയിലും സഹകരണം ശക്‌തമാക്കും. അതേസമയം, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ ആവശ്യകത ഉറപ്പാക്കുക എന്ന ഇന്ത്യയുടെ അടിസ്‌ഥാന ഉത്തരവാദിത്വത്തെക്കുറിച്ചു ജയ്‌ശങ്കര്‍ യു.എസ്. വിദേശസെക്രട്ടറിയോട് എടുത്തു പറഞ്ഞു. ഊര്‍ജത്തിന്റെ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കണം.
ആണവോര്‍ജ സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്‌തു. ഇന്ത്യയുടെ 'ശാന്തി' നിയമം പാസാക്കിയത് ഈ മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ടുണ്ടെന്ന് ജയ്‌ശങ്കര്‍ പറഞ്ഞു.


