
പിലിഭിത്: ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയിലെ ഒരു ഗ്രാമത്തിൽ നിയമവിരുദ്ധമായി മതപരിവർത്തന പ്രവർത്തനങ്ങൾ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ക്രിസ്ത്യൻ പ്രസംഗകനെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മതപരിവർത്തനം നടത്തിയാൽ സർക്കാർ ജോലിയും "സുന്ദരികളായ പെൺകുട്ടികളുമായുള്ള" വിവാഹവും വാഗ്ദാനം ചെയ്ത് ആളുകളെ പ്രലോഭിപ്പിക്കാൻ പ്രതി ശ്രമിച്ചതായി ഉത്തർപ്രദേശ് പോലീസ് പറഞ്ഞു.
ജോഗ്രാജ്പൂർ ഗ്രാമത്തിലാണ് ഈ മതപരിവർത്തന പ്രവർത്തനങ്ങൾ നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഗ്രാമത്തിൽ ഇലക്ട്രിക്കൽ കട നടത്തുന്ന ഗൗരവ് ഗുപ്ത എന്ന പ്രാദേശിക ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. മൊറാദാബാദ് ജില്ലക്കാരനായ അനോഖെ സിംഗ് എന്നയാളാണ് തിങ്കളാഴ്ച അറസ്റ്റിലായതെന്ന് സൂപ്രണ്ട് ഓഫ് പോലീസ് സുകീർത്തി മാധവ് മിശ്ര അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് സിംഗ് തന്റെ കടയിൽ ബൈബിൾ വാക്യങ്ങൾ എഴുതിയ ലഘുലേഖകളുമായി എത്തിയതായി ഗുപ്ത ആരോപിച്ചു. കുടുംബ വഴക്കുകൾ, രോഗങ്ങൾ, വിവാഹ സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. ക്രിസ്തുമതം സ്വീകരിച്ചാൽ സർക്കാർ ജോലി വാങ്ങിത്തരാമെന്നും സുന്ദരിയായ ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ചു തരാമെന്നും ഉറപ്പ് നൽകി. വാഗ്ദാനം നിരസിച്ചപ്പോൾ എന്നെ ചീത്തവിളിക്കുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നും ഗുപ്തയെ ഉദ്ധരിച്ചുവന്ന റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച രാത്രി വൈകി സെഹ്രാമൗ നോർത്ത് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. യുപി മതപരിവർത്തന നിരോധന നിയമപ്രകാരം കേസ്ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 352 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന തരത്തിൽ മനഃപൂർവം അപമാനിക്കൽ) എന്നിവയ്ക്കൊപ്പം ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രസംഗകന്റെ ഫണ്ടിംഗ് സ്രോതസ്സുകളെക്കുറിച്ചും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് ശൃംഖലകളെക്കുറിച്ചും അന്വേഷിച്ചുവരികയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.






