
ഇസ്ലാമാബാദ്: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങൾ 'അബ്രഹാം ഉടമ്പടി'യിൽ പങ്കാളികളാകണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തിന് ഇസ്ലാമാബാദ് വഴങ്ങരുതെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അമേരിക്കയുടെ ഈ നിർദ്ദേശം പാകിസ്താന്റെ "അടിസ്ഥാന പ്രത്യയശാസ്ത്രങ്ങൾക്ക്" വിരുദ്ധമാണെന്ന് 'സാമാ ടിവി'ക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് ചൂണ്ടിക്കാട്ടി.
ഇറാനുമായുള്ള സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ രാജ്യങ്ങളും ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിൽ നയതന്ത്ര, സാമ്പത്തിക, സുരക്ഷാ ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഈ പരാമർശം. ചർച്ചകളിൽ പങ്കാളികളായ യു.എ.ഇയും ബഹ്റൈനും ഇതിനകം തന്നെ ഈ ഉടമ്പടിയിൽ അംഗങ്ങളാണ്. സൗദി അറേബ്യ, ഖത്തർ, പാകിസ്താൻ, ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങളും ഇതിൽ ഒപ്പുവെക്കുമെന്നാണ് ട്രംപ് പ്രതീക്ഷിക്കുന്നത്.
‘നമ്മുടെ അടിസ്ഥാന പ്രത്യയശാസ്ത്രങ്ങളുമായി ഏറ്റുമുട്ടുന്ന ഇത്തരം ഒരു ഉടമ്പടിയിലും നമ്മൾ പങ്കുചേരണമെന്ന് ഞാൻ കരുതുന്നില്ല’, സാമാ ടിവിയിലെ ഒരു ടോക്ക് ഷോ അഭിമുഖത്തിനിടെ ആസിഫ് പറഞ്ഞു. കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967-ന് മുൻപുള്ള അതിർത്തികളോടെ ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം സ്ഥാപിതമാകുന്നതുവരെ ഇസ്രായേലിനെ അംഗീകരിക്കില്ലെന്ന തങ്ങളുടെ രാജ്യത്തിന്റെ ദീർഘകാല നിലപാടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 78 വർഷത്തെ ചരിത്രത്തിൽ ഇസ്ലാമാബാദ് ഇതുവരെ ഇസ്രായേലിനെ അംഗീകരിച്ചിട്ടില്ല. പാകിസ്താൻ പൗരന്മാർക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് ഇസ്രായേലിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുന്നു. ഇത് ഒട്ടും സ്വീകാര്യമല്ലെന്ന വ്യക്തമായ നിലപാടാണുള്ളത് എന്നും പാകിസ്താൻ മന്ത്രി പറഞ്ഞു.
ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ ശക്തമായി എതിർക്കുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് ഖ്വാജ ആസിഫ്. കഴിഞ്ഞ മാസം അദ്ദേഹം ഇസ്രായേലിനെ "മനുഷ്യരാശിയുടെ ശാപം" എന്ന് വിശേഷിപ്പിക്കുകയും, ആ പ്രദേശത്ത് ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ ആവശ്യങ്ങളോട് യോജിക്കുക എന്നത് പാകിസ്താനെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കീർണ്ണമായ ഒരു പ്രതിസന്ധിയാണ്. ഒരു സ്വതന്ത്ര പലസ്തീൻ രാജ്യം രൂപീകരിച്ചതിനു ശേഷം മാത്രമേ ബന്ധങ്ങൾ സാധാരണ നിലയിലാകൂ എന്ന് വാദിച്ചുകൊണ്ട് പാകിസ്താൻ ചരിത്രപരമായി ഇസ്രായേലിനെ അംഗീകരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്. അബ്രഹാം ഉടമ്പടിയിൽ ചേരുന്നതിനുള്ള ഏതൊരു നീക്കവും രാഷ്ട്രീയമായും പൊതുസമൂഹത്തിൽ നിന്നും കടുത്ത ആഭ്യന്തര എതിർപ്പ് നേരിടേണ്ടി വരും.
അതേസമയം, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ് പിന്മാറ്റത്തിന് ശേഷം വർഷങ്ങളായി നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ പരിഹരിച്ച് വാഷിംഗ്ടണുമായുള്ള ബന്ധം വീണ്ടെടുക്കാൻ പാകിസ്താന്റെ സിവിലിയൻ-സൈനിക നേതൃത്വങ്ങൾ ശ്രമിച്ചുവരികയുമാണ്.






