
ലഖിസരായി (ബീഹാർ): ജൂൺ 21-ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയിൽ വ്യാജന്മാരെ പരീക്ഷയ്ക്ക് ഇരുത്തിയ 'സോൾവർ ഗ്യാങ്' സംഘത്തെ പോലീസ് പിടികൂടി. പരീക്ഷാ കേന്ദ്രങ്ങളിലെ ബയോമെട്രിക് പരിശോധനാ സംവിധാനം തകിടം മറിച്ചാണ് സംഘം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർത്ഥികളിൽ നിന്ന് 10 മുതൽ 12 ലക്ഷം രൂപ വരെ വാങ്ങിയാണ് അവർക്ക് പകരം വ്യാജന്മാരെ ഉപയോഗിച്ച് പരീക്ഷ എഴുതിക്കുന്നത്.
ബയോമെട്രിക് ഏജൻസിയിലെ ജീവനക്കാരും മറ്റ് സംഘാംഗങ്ങളും ഉൾപ്പെടെ ആകെ 30 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടികൂടിയ ഒമ്പത് സോൾവർമാരും മെഡിക്കൽ വിദ്യാർത്ഥികളാണ്. മറ്റൊരാൾ യഥാർത്ഥത്തിൽ പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥിയാണ്. കസ്റ്റഡിയിലുള്ള മറ്റ് ചില സംശയാസ്പദമായ വ്യക്തികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ പേരുടെ വിവരങ്ങളും സാമ്പത്തിക ഇടപാടുകളും പുറത്തുവരുമെന്നാണ് അധികൃതർ കരുതുന്നത്.
ബയോമെട്രിക് വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ ഒത്താശയോടെയാണ് യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം വ്യാജന്മാരെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചത്. നളന്ദ രാജ്‌ഗീറിലെ പവാപുരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയായ രവിശങ്കർ ആണ് ഈ തട്ടിപ്പ് ശൃംഖലയുടെ പ്രധാന സൂത്രധാരൻ എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധ മെഡിക്കൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സ്വാധീനിച്ച്, പണം വാങ്ങി മറ്റുള്ളവർക്ക് വേണ്ടി പരീക്ഷ എഴുതുന്ന 'സോൾവർമാർ' ആയി മാറ്റിയെടുക്കുകയായിരുന്നു ഇയാളുടെ രീതി. ഏതുവിധേനയും മെഡിക്കൽ കോളേജിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ കണ്ടെത്തിയാണ് സംഘം ഇടപാടുകൾ നടത്തിയിരുന്നത്.
ഹാജിപൂർ സ്വദേശിയും പട്ന മെഡിക്കൽ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിയുമായ മയങ്ക് കശ്യപ്, അങ്കിത് കുമാർ എന്നയാളുടെ വ്യാജ ഐഡന്റിറ്റിയിൽ ബയോമെട്രിക് സ്റ്റാഫ് ആയി പരീക്ഷാ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. സംഘം ബയോമെട്രിക് വെരിഫിക്കേഷൻ പ്രക്രിയയിൽ കൃത്രിമം കാണിച്ച് വ്യാജ പരീക്ഷാർത്ഥികളെ സുരക്ഷിതമായി ഉള്ളിൽ കയറ്റുകയായിരുന്നു. തുടർന്ന് ഇവർ യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പരീക്ഷ എഴുതി.
പരീക്ഷ പാസാക്കിക്കൊടുക്കുന്നതിന് കരാർ പ്രകാരം ഒരു വിദ്യാർത്ഥിയിൽ നിന്ന് 10 മുതൽ 12 ലക്ഷം രൂപയുടെ ഇടപാടാണ് നടക്കുന്നതെന്ന് ലഖിസരായി എസ്‌ഡിപിഒ ശിവം കുമാർ പറഞ്ഞു. ഇതിൽ 1-2 ലക്ഷം രൂപ മുൻകൂറായി വാങ്ങുകയും ബാക്കി തുക പരീക്ഷ ജയിച്ച് അഡ്മിഷൻ നേടിയ ശേഷം നൽകാനുമായിരുന്നു കരാർ.






