
ഹരിപ്പാട്: ആലപ്പുഴയിൽ ഗൺമാൻമാർ നടത്തിയ മർദനത്തെക്കുറിച്ചും ഇഡി ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണത്തിലും പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ആലപ്പുഴയിൽ രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കി. അതിൽ നിയമം ഇടപെടുന്നതാണ് ഇപ്പോൾ കാണുന്നത്. നിയമം കൈയിൽ എടുക്കാനും അക്രമം കാണിക്കാനും ആര് വന്നാലും അത് അമർച്ച ചെയ്യുകതന്നെ ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. എന്നാൽ, അന്നത്തെ മുഖ്യമന്ത്രി അനങ്ങിയില്ല. എസ്ഐടി നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഞ്ചോളം പൊലീസുകാരെ കേസുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്തിട്ടുണ്ട്. മർദിച്ച ഗൺമാൻമാർ നിയമത്തിന് അതീതരല്ല. നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും.
ഇഡി വന്നത് സർക്കാരിനെ അറിയിച്ചിട്ടല്ല. കണ്ണുരും കോഴിക്കോടും ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. അവിടെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ, തിരുവനന്തപുരത്ത് അത് ഉണ്ടായില്ല. ഇഡിക്കെതിരെ അക്രമം നടത്തിയവർ പാർട്ടി ഓഫീസിൽ കയറിയിരുന്നു. പാർട്ടി ഓഫീസിൽ കയറി പിടികൂടുന്നത് ശരിയല്ല എന്ന് തോന്നി. പൊലീസ് സമചിത്തതയോടെ ഇടപെട്ടു. വേണമെങ്കിൽ പാർട്ടി ഓഫീസിൽ കയറി പിടികൂടാമായിരുന്നു. 21 പേർ പിടിയിലായെന്നും ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
രാഹുൽ ഗാന്ധിയും തനിക്ക് പ്രിയപ്പെട്ടവരും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മന്ത്രിസഭയിൽ ചേരാൻ തീരുമാനിച്ചത്. പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. എനിക്ക് വലുത് എന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് ആണ് എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.






