
ബംഗളൂരു: ഇന്ത്യയുടെ സിലിക്കൺ വാലിയിലെ ഗതാഗതക്കുരുക്കിൽപ്പെട്ട ഒരു സാധാരണക്കാരൻ ഗാന്ധിയൻ രീതിയിലുള്ള പ്രതിഷേധം തിരഞ്ഞെടുത്തത് വാർത്തകളിൽ ഇടം നേടി. ബംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്കിന് പുറമെ, വിഐപി വാഹനവ്യൂഹത്തിന് കടന്നുപോകാനായി റോഡ് തടയുക കൂടി ചെയ്തപ്പോൾ ഗർഭിണിയായ ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവ് നടുറോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിന്റെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ഓൾഡ് എയർപോർട്ട് റോഡിൽ അരമണിക്കൂർ നേരം ഗതാഗതം തടഞ്ഞതായിരുന്നു ഇയാളെ പ്രകോപിപ്പിച്ചത്. അടിപ്പാത നിർമ്മാണം നടക്കുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടുന്ന സ്ഥലത്താണ് വിഐപിക്ക് വേണ്ടി ഗതാഗതക്കുരുക്ക് സൃഷ്ടിച്ചത്.
ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന ട്രാഫിക് ഇൻസ്പെക്ടർ യുവാവിനെ റോഡിൽ നിന്ന് നീക്കാൻ ശ്രമം നടത്തി. എന്നാൽ, തന്റെ ഗർഭിണിയായ ഭാര്യയാണ് കാറിലിരിക്കുന്നത് എന്നും ഗവർണർ വിഐപി ആയതുകൊണ്ട് ഞങ്ങൾ ആരുമല്ലാതാകുമോ എന്നുമായിരുന്നു യുവാവിന്റെ മറുപടി. ഒരു രാഷ്ട്രീയക്കാരന്റെ സമയത്തിന് എത്രത്തോളം മൂല്യമുണ്ടോ അത്രത്തോളം തന്നെ വിലപ്പെട്ടതാണ് ഒരു സാധാരണക്കാരന്റെ സമയവുമെന്ന് വാദിച്ചുകൊണ്ട് ഇയാൾ റോഡിൽ നിന്ന് മാറാൻ വിസമ്മതിച്ചു.
മറ്റു വാഹനങ്ങളിൽ ഇരുന്നവർ യുവാവിന്റെ വീഡിയോ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതോടെ സംഭവം വലിയ ചർച്ചയായി മാറുകയായിരുന്നു.






