
പാരീസ്: ലോകകപ്പില്‍ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഫ്രാന്‍സിന് സര്‍പ്രൈസ് ഷോക്ക്. നിലവിലെ റണ്ണറപ്പുകളായ ഫ്രാന്‍സ് സന്നാഹമത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഐവറികോസ്റ്റിനോട് 2-1 ന് തോറ്റു.
വ്യാഴാഴ്ച നാന്റസില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ റായന്‍ ചെര്‍ക്കിയുടെ മികച്ചൊരു ഗോളിലൂടെ ദിദിയര്‍ ദെഷാംപ്സിന്റെ ഫ്രഞ്ച് പടയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയില്‍ കളി കൈവിട്ട ഫ്രാന്‍സിനെതിരെ ഗുവേല ദൂവെ , അമദ് ഡിയാലോ എന്നിവരിലൂടെ ആനകള്‍ മത്സരം അനുകൂലമാക്കുകയായിരുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വിജയത്തിന് ശേഷം പാരീസ് സെന്റ് ഷെര്‍മെയ്ന്‍ താരങ്ങളില്‍ പലര്‍ക്കും വിശ്രമം അനുവദിച്ചതിനാല്‍ ഒരു പരീക്ഷണ ടീമിനെയാണ് ഫ്രാന്‍സ് കളത്തിലിറക്കിയത്. രണ്ടാം പകുതിയില്‍ ടീമില്‍ ഒട്ടനവധി മാറ്റങ്ങളും വരുത്തിയിരുന്നു.
അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന് പിന്നാലെ ഉയര്‍ന്ന ആശങ്കകളെ തള്ളി ഫ്രാന്‍സ്. ഈ തിരിച്ചടി ഒരു മുന്നറിയിപ്പായി മാത്രമേ കാണുന്നുള്ളൂ എന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ടീം വ്യക്തമാക്കി. ജൂണ്‍ 16-ന് ന്യൂയോര്‍ക്കില്‍ സെനഗലിനെതിരെയാണ് ഫ്രാന്‍സിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഈ സാഹചര്യത്തില്‍, മത്സരഫലത്തെ ഒരുക്കങ്ങളുടെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താനെന്ന് മിഡ്ഫീല്‍ഡര്‍ ഔറേലിയന്‍ ചൗമേനി പറഞ്ഞു.
ആദ്യ 45 മിനിറ്റില്‍ മികച്ച കളി പുറത്തെടുത്തിട്ടും പിന്നീട് മത്സരത്തിന്മേലുള്ള നിയന്ത്രണം നഷ്ടമായതായി കോച്ച് ദിദിയര്‍ ദെഷാംപ്സ് സമ്മതിച്ചു. 'ആദ്യ പകുതിയില്‍ ചില നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും ഒരു തോല്‍വി ഒരിക്കലും സന്തോഷം നല്‍കുന്നതല്ലെന്ന് ദെഷാംപ്സ് പറഞ്ഞു. ടൂര്‍ണമെന്റിന് മുന്‍പ് കളിക്കാരില്‍ അമിത ആത്മവിശ്വാസം ഉണ്ടാകാതിരിക്കാന്‍ ഈ ഫലം ഉപകരിക്കുമെന്നും ഫ്രഞ്ച് കോച്ച് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ വെച്ച് നടക്കുന്ന ലോകകപ്പില്‍ ഐവറി കോസ്റ്റിന് സമാനമായ ശൈലിയുള്ള എതിരാളികളെ ഫ്രാന്‍സിന് നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്കി.






