
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധത്തിന് ഡൽഹി പൊലീസിന്റെ അനുമതി. ജന്തർ മന്തറിൽ പ്രഖ്യാപിച്ചിട്ടുള്ള പ്രതിഷേധ പ്രകടനത്തിന് മുന്നോടിയായി സ്ഥാപകൻ അഭിജിത് ദിപ്കെ ശനിയാഴ്ച പുലർച്ചെ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ വച്ച് പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ അനുമതി ലഭിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാൽ അനുയായികൾ നേരിട്ട് ജന്തർ മന്തറിൽ എത്തിയാൽ മതിയെന്ന് സിജെപി നേതൃത്വം അറിയിച്ചു. നേരത്തെ, പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ എത്താനായിരുന്നു നിർദേശം. എല്ലാവർക്കും വിദ്യാഭ്യാസം, തുല്യ അവസരം എന്നതിനു പ്രതീകാത്മകമായി അനുയായികൾ ദേശീയ പതാകയും ഒരു പുസ്തകവും കൈവശം വയ്ക്കണമെന്ന ആഹ്വാനവുമുണ്ട്.
പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാരുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും അനുനയ ചർച്ചകളിലൂടെ സ്ഥിതിഗതികൾ ശാന്തമാക്കാനും പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി ഏകദേശം 2,000-ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും 20 കമ്പനി അധിക സേനയെയും വിന്യസിച്ചിട്ടുണ്ട്.






