
തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ. പദ്ധതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തിന്റെ നിലവിലെ വിദ്യാഭ്യാസ നയത്തില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്തേണ്ടി വരില്ലെന്ന് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര നിബന്ധനകളുടെ ഭാഗമായുള്ള എസ്.എസ്.കെ ഫണ്ട് സംസ്ഥാനത്തിന് അത്യന്താപേക്ഷിതം ആണെന്നും, പദ്ധതി നിരസിച്ചാല്‍ ഈ സാമ്പത്തിക സഹായം നഷ്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പുണ്ട്. ഈ ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാരാകും അന്തിമ തീരുമാനമെടുക്കുക.
പുതിയ വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ണായക വിവരങ്ങളുള്ളത്. നിലവിലുള്ള എസ്.സി.ഇ.ആര്.ടി പാഠപുസ്തകങ്ങള്‍ തന്നെ ഉപയോഗിച്ച് കുട്ടികളുടെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട് ഉറപ്പുനല്‍കുന്നുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും, ഭരണമുന്നണിയില്‍ നിന്ന് തന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പിന്നോട്ട് പോവുകയായിരുന്നു.
2025 ഒക്ടോബര്‍ 16-ന് മന്ത്രിസഭയോ ഇടത് മുന്നണിയോ അറിയാതെ അന്നത്തെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്ത് പദ്ധതിയുടെ കരാറില്‍ ഒപ്പിട്ടത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അടിച്ചേല്പ്പിക്കപ്പെടുമെന്ന ആശങ്കയായിരുന്നു അന്ന് എതിര്‍പ്പുകള്‍ക്ക് കാരണം. ഈ പശ്ചാത്തലത്തിലാണ് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും വിദ്യാഭ്യാസ നയം മാറ്റേണ്ടതില്ലെന്നുമുള്ള ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.
വിഷയത്തില്‍ പെട്ടെന്നൊരു തീരുമാനത്തിലേക്ക് കടക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് വ്യക്തമാക്കി. സാമ്പത്തിക വശങ്ങള് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കൂ. 'കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രവുമായി ഒപ്പിട്ട കരാറുണ്ട്, അതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് കൈപ്പറ്റിയിട്ടുമുണ്ട്. നിലവിലെ സര്‍ക്കാര്‍ അതിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ഫണ്ട് അനുവദിക്കുന്നതിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മേല്‍ കടുത്ത നിബന്ധനകള്‍ വെക്കാന്‍ പാടില്ല. നിലവില്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യമില്ല. വിദഗ്ധരുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമേ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ട് പോകൂ എന്നാണ് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.






