
വാഷിംഗ്ടൺ: അമേരിക്കൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരെ ഇസ്രായേൽ രഹസ്യമായി നിരീക്ഷിക്കുന്നുവെന്ന ആശങ്കയെത്തുടർന്ന് കടുത്ത ജാഗ്രതാ നിർദ്ദേശവുമായി യു.എസ് പ്രതിരോധ മന്ത്രാലയമായ പെന്റഗൺ. ഇറാൻ, ലെബനൻ യുദ്ധങ്ങളുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമാകുന്നതിനിടയിലാണ് ഈ സുപ്രധാന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേലിന്റെ കൗണ്ടർ ഇന്റലിജൻസ് ഭീഷണിയുടെ നിലവാരം ഏറ്റവും ഉയർന്ന ഘട്ടമായ 'ക്രിട്ടിക്കൽ' എന്ന നിലയിലേക്ക് പെന്റഗണിന് കീഴിലുള്ള ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഉയർത്തിയതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. മധ്യേഷ്യൻ സംഘർഷങ്ങളിൽ ട്രംപ് ഭരണകൂടം എടുക്കാൻ പോകുന്ന ആഭ്യന്തര തീരുമാനങ്ങളും ചർച്ചകളും ചോർത്തിയെടുക്കാൻ ഇസ്രായേൽ ഏജൻസികൾ ശ്രമിക്കുന്നുണ്ടെന്നാണ് യു.എസ് പ്രതിരോധ വിഭാഗത്തിന്റെ വിലയിരുത്തൽ. ഏഴ് പേജുള്ള ഒരു ആഭ്യന്തര റിപ്പോർട്ടും ഇത് സംബന്ധിച്ച് ഡി.ഐ.എ പുറത്തുവിട്ടിട്ടുണ്ട്.
ഇസ്രായേൽ സന്ദർശിക്കുന്ന യു.എസ് ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി താൽക്കാലിക ബർണർ ഫോണുകളും (തൽക്കാലിക ഉപയോഗത്തിനായി ആയി വാങ്ങുന്ന, കരാറുകളോ വ്യക്തിഗത വിവരങ്ങളോ ആവശ്യമില്ലാത്ത വിലകുറഞ്ഞ പ്രീപെയ്ഡ് ഫോണുകൾ) കമ്പ്യൂട്ടറുകളും ഉപയോഗിക്കാനും, ഹോട്ടൽ മുറികളിൽ വെച്ച് നിർണായക വിവരങ്ങൾ സംസാരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്താനും നിർദ്ദേശമുണ്ട്.
അമേരിക്ക എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് അറിയാൻ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം കടുത്ത താല്പര്യം കാണിക്കുന്നുണ്ടെന്ന് യു.എസ് പ്രതിരോധ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സുഹൃദ് രാജ്യങ്ങൾക്കിടയിൽ സാധാരണയായി അനുവദിക്കുന്ന ചാരപ്രവർത്തന പരിധിക്കപ്പുറമാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ.
ഇറാനുമായുള്ള യുദ്ധത്തിന് വിരാമമിട്ട് ഒരു നയതന്ത്ര ഉടമ്പടിയിലെത്താൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുമ്പോൾ, ഇറാനെതിരെ സൈനിക നീക്കം ശക്തമാക്കണമെന്ന നിലപാടിലാണ് നെതന്യാഹു. ലെബനനിലെ ബെയ്റൂട്ട് ലക്ഷ്യമാക്കി ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ട്രംപ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന ഒരു ഫോൺ സംഭാഷണത്തിനിടെ ട്രംപ് നെതന്യാഹുവിനെ 'ഭ്രാന്തൻ' എന്ന് വിളിച്ചതായും, ഇസ്രായേലിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ അവരുടെ പ്രതിച്ഛായ തകർക്കുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, അമേരിക്കൻ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നുവെന്ന വാർത്തകൾ ഇസ്രായേൽ എംബസി പൂർണ്ണമായും നിഷേധിച്ചു. തങ്ങളുടെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ശത്രുരാജ്യങ്ങൾക്ക് എതിരെ മാത്രമാണെന്നും സഖ്യകക്ഷികൾക്കെതിരെ അല്ലെന്നുമാണ് ഇസ്രായേലിന്റെ വാദം. വൈറ്റ് ഹൗസും ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.






