''''''
'കൂറ കപ്പലില്‍ പോയ പോലെ' എന്ന പരിഹാസത്തിലെ കഥാനായകനല്ല ഇന്നത്തെ പാറ്റ. മലയാളി പാറ്റകളുടെ സാമര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ഒരു കഥ പണ്ടേ പ്രചാരത്തിലുണ്ട്. പാറ്റകളുടെ അന്താരാഷ്‌ട്ര സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിലെ പാറ്റകളെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു. പാറ്റകള്‍ പുറത്തുചാടി രക്ഷപ്പെടാതിരിക്കാന്‍ ഭരണികളെല്ലാം അടച്ചാണ് വച്ചിരിക്കുന്നത്. ഒരു ഭരണി മാത്രം അടക്കാതെ തുറന്നുവച്ചിരിക്കുന്നു. അവയിലെ പാറ്റകളും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ മറ്റുള്ളവ അവയുടെ കാലില്‍ പിടിച്ച് താഴോട്ടു വലിച്ചിടുന്നു. ഇത് നിരന്തരം ആവര്‍ത്തിക്കുന്നതിനാല്‍ ഒന്നിനുപോലും രക്ഷപ്പെടാനാവുന്നില്ല. ഈ ഭരണി മലയാളിപ്പാറ്റകളുടേതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എന്നാല്‍ പാറ്റവിശേഷം ഇവിടെ തീരുന്നില്ല. 'മാവോ മുതല്‍ മുല്ലപ്പൂ' വരെയുള്ള വിപ്ലവങ്ങളില്‍നിന്ന് വേറിട്ട ഒരു വിപ്ലവ സുനാമി പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു. സുപ്രീംകോടതിയുടെ ഒരു പരിഹാസമാണ് പാറ്റ വിപ്ലവത്തിന് നിമിത്തമായത്. അവഗണന, അടിച്ചമര്‍ത്തല്‍, പരിഹാസം തുടങ്ങിയവയില്‍നിന്നാണല്ലോ വിപ്ലവങ്ങള്‍ ഉയിരെടുക്കുന്നത്. മതേതര സോഷ്യലിസ്‌റ്റ് ജനാധിപത്യ മടിയന്‍പാര്‍ട്ടിയായ കോക്രോച്ച് ജനതാപാര്‍ട്ടി (സി.ജെ.പി) അഞ്ചാറുദിവസംകൊണ്ട് പെറ്റുപെരുകി ബി.ജെ.പി, കോണ്‍ഗ്രസ് പാര്‍ട്ടി ഫോളോവേഴ്‌സിനെപ്പോലും മറികടന്നിരിക്കുന്നു. കക്ഷിരാഷ്‌ട്രീയത്തിന്റെ മാമൂലുകളൊന്നും സി.ജെ.പിക്കില്ല. മെമ്പര്‍ഷിപ്പ്, ഫണ്ടുപിരിവ്, കമ്മറ്റികള്‍, പോളിറ്റ് ബ്യൂറോ-ഇത്തരം നൂലാമാലകളൊന്നുമില്ല. അതുകൊണ്ടാണ് ശശി തരൂര്‍ ഇതിനെ വെറുമൊരു ഇന്റര്‍നെറ്റ് പ്രതിഭാസം മാത്രമല്ലെന്ന് പറഞ്ഞത്. പാക്കിസഥാനിലും കോക്രോച്ച് അവാമിലീഗ്, അവാമിപാര്‍ട്ടി എന്നിവ രൂപംകൊണ്ടിരിക്കുന്നു. പഴയ ചാരുകസേര വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രമായിരുന്ന ബി. രാജീവന്‍ പോലും പാറ്റകളുടെ മാനിഫെസ്‌റ്റോ ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ ഈ ഉദയകാഹളം കോണ്‍ഗ്രസ് കേള്‍ക്കണം എന്നാണദ്ദേഹം ആഹ്വാനം ചെയ്യുന്നത് (മാതൃ. 26.5.26). ഇടതുപക്ഷം നാമവേശഷമായ നിലയ്‌ക്ക് അദ്ദേഹത്തിന് മറ്റെന്താണ് പോംവഴി? (മംഗളം 27.5.26).
വിഫല സല്ലാപങ്ങള്‍
ഓസ്‌കാറും ഗോള്‍ഡന്‍ഗ്ലോബും ദേശീയപുരസ്‌കാരവുമെല്ലാം നേടിയ സംഗീത സംവിധായകന്‍ കീരവാണിയുമായി ബി.കെ. ഹരിനാരായണന്‍ നടത്തിയ ദീര്‍ഘഭാഷണം സഫലമാകാതെ പോയി. കീരവാണിയുടെ പ്രകൃതവും ഭക്ഷണശീലങ്ങളും പറഞ്ഞ് ഒടുങ്ങുകയായിരുന്നു അത്. സൗന്ദര്യലഹരിയിലെ ശ്ലോകം ഉദ്ധരിച്ചുകൊണ്ട് പാര്‍വതിയുടെ പുരികക്കൊടികളെ കാമദേവന്റെ വില്ലിനോട് ശങ്കരാചാര്യര്‍ ഉപമിച്ചതിനെക്കുറിച്ച് കീരവാണി പറയുന്നു. പ്രാസംകൊണ്ടു മാത്രം നല്ല വരികളാവില്ല. പ്ലാസ്‌റ്റിക് മണമുണ്ടാവില്ല. സൗരഭ്യമാണ് കവിത. അതുണ്ടെങ്കിലേ പാട്ടുപാടാവൂ എന്നും ഹരിനാരായണനോട് കീരവാണി.
വായനയില്‍നിന്നും
എഴുത്തിലേക്ക്
വായിക്കുകയാണ് എഴുത്തിലേക്ക് കടക്കുവാനുള്ള വഴിയെന്ന് സക്കറിയ. എഴുതാനുദ്ദേശിക്കുന്ന ഭാഷ ഏതാണോ അതില്‍ മുങ്ങിത്താഴുക. അതിന്റെ രഹസ്യങ്ങളെല്ലാം കണ്ടെത്തുക. ആവശ്യമെങ്കില്‍ അതിന്നടിമയാകുക. അതിനുള്ള ഏക മാര്‍ഗമാണ് വായന. തന്നെ സംബന്ധിച്ചിടത്തോളം ആ കഴിവ് നേടാനുള്ള ഏക വഴി നമുക്ക് പറയാനുള്ളത് ഏറ്റവും സാധാരണ വാക്കുകളുപയോഗിച്ച് കൃത്യമായി പറഞ്ഞുവെന്ന് തൃപ്‌തിവരുംവരെ പൊളിച്ചെഴുതുക എന്നതാണെന്നും സക്കറിയ. മലയാളത്തില്‍നിന്നും ഇംഗ്ലീഷിലേക്ക് അഴിച്ചുവിട്ട താന്‍ പുതിയ ചക്രവാളങ്ങളിലൂടെ ഒരു ഗോളാന്തര സഞ്ചാരിയെപ്പോലെ പറന്നുപോയി. മലയാളവും ഇംഗ്ലീഷും നല്‍കിയ തിരിച്ചറിവിനും അനുഭൂതികള്‍ക്കുമിടയില്‍ തന്റെ ആദ്യകഥ മൈസൂര്‍കാലത്ത് പൊട്ടിമുളച്ചു എന്നും സക്കറിയ.
ഗ്രന്ഥപ്പുര
മാതൃഭൂമി ആഴ്‌ചപ്പതിപ്പ് ഇപ്പോള്‍ വിരസപംക്‌തികളില്‍ നിര്‍ലോഭമായി അഭിരമിക്കുകയാണ്. വായനക്കാരെ എങ്ങിനേയും ആട്ടിയകറ്റാന്‍ യത്നിക്കുന്നവയാണധികവും, പഴയ ബാലപംക്‌തിയാണ് പരിക്കുകളില്ലാതെ തുടരുന്നത്. ഗ്രന്ഥപ്പുര നോക്കുക. 'ഒരു നാടന്‍ പെണ്‍കിടാവിന്റെ ലണ്ടന്‍യാത്ര' (1958). ഈ കൃതി പ്രസിദ്ധീകരിക്കുന്നതിനും കാല്‍നൂറ്റാണ്ടുമുമ്പ് മിസിസ് കുട്ടന്‍നായര്‍ എന്ന കെ. കല്യാണിക്കുട്ടിയമ്മയെഴുതിയ 'ഞാന്‍ കണ്ട യൂറോപ്പ്' എന്ന ആദ്യ പെണ്‍യാത്രാ വിവരണം പരാമര്‍ശിക്കപ്പെടുന്നതേയില്ല. അപൂര്‍വവും അജ്‌ഞാതവും ചരിത്ര പ്രാധാന്യാവുമുള്ള കൃതികള്‍ തേടിപ്പിടിച്ച് അവതരിപ്പിക്കുന്നതിലും എളുപ്പം കയ്യില്‍ കിട്ടിയവകൊണ്ട് കാലംകഴിക്കലാണല്ലോ? (മാതൃ. ആഴ്‌ച. മേയ്. 3).
ഭജന സംസ്‌കാരം
ഇന്നലെ, ഇന്ന്
കബീര്‍ദാസ്, മീരാഭായ്, സന്ത് തുക്കാറാം എന്നിവര്‍ ഉത്തരഭാരതത്തിലും കര്‍ണാടക സംഗീത ശൈലി ഗുരുത്രയങ്ങള്‍-ബോധേന്ദ്ര സ്വാമികള്‍, ശ്രീധര അയ്യാവാള്‍, മരുതനല്ലൂര്‍ സദ്‌ഗുരുസ്വാമികള്‍ ദക്ഷിണഭാരതത്തിലും സാമ്പ്രദായിക ഭജനകീര്‍ത്തനങ്ങള്‍ ആലപിച്ചവരാണ്. ത്യാഗരാജനും പുരന്ദദാസനും ഇതിന് പ്രചുരിമ വര്‍ദ്ധിപ്പിച്ചു. ഭഗവദ് കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് ത്യാഗരാജന്‍ തിരുവയ്യാറിലെ തെരുവുകളില്‍ നടത്തിയ ഉച്‌ഛവൃത്തി സംഗീതോത്സവമായി വികസിച്ചു. മഹാരാഷ്‌ട്രയിലെ വാകേരിയും ബംഗാളിലെ ബാവൂളും ഇതോടൊപ്പം ചേര്‍ത്തുപറയാവുന്നതത്രെ. കേരളത്തില്‍ പുള്ളുവന്‍പാട്ട്, ചിന്തുപാട്ട്, ശാസ്‌താംപാട്ട് എന്നിവയിലൂടെയും ഇത് വികസിച്ചുവെന്ന് ഡോ. മധു മീനച്ചില്‍. സങ്കീര്‍ത്തന സപ്‌താഹം, അഖണ്ഡനാമജപം എന്നിവയും ഇതിന്റെ തുടര്‍ച്ചയാണ്. അമൃതാനന്ദമയി മഠം ഭജനപാരമ്പര്യത്തെ നവീകരിച്ചു. ലക്ഷക്കണക്കിനുപേരെ ആവേശഭരിതരാക്കി നന്ദഗോവിന്ദം ഭജന്‍സ് പുതുതലമുറയെ ആവേശിച്ചു മുന്നേറുകയാണ്. (കേസരി, മെയ് 22).
കിറുക്കന്‍
കാറ്റു നടത്തങ്ങള്‍
തെളിനീര്‍ഭാഷകൊണ്ട് ഗഹനമായ ആശയങ്ങള്‍ കോറിയിടുന്ന, ധ്യാനവും ധീരതയും നിറഞ്ഞ ഒരു സവിശേഷ സങ്കലനമാണ് അയ്‌മനം ജോണിന്റെ കഥകളെന്ന് ഷാഹിന ഇ.കെ. പല കഥകളിലും ക്രാന്തദര്‍ശിയായ ഒരു യാത്രികനുണ്ട്. അതൊരു ചുറ്റിനടത്തമോ സായാഹ്നഹ്ന യാത്രയോ ദീര്‍ഘസഞ്ചാരമോ ആവാം. അയ്‌മനം കഥാകാരനെ പിന്തുടരുന്ന കഥാകാരിയുടേയും കോളജുകാലം ഏകാന്ത നടത്തത്തിന്റേതായിരുന്നു. വീട്ടില്‍നിന്നും പുറപ്പെട്ട് വീട്ടിലേക്കുതന്നെ കറങ്ങിയെത്തുന്ന കിറുക്കന്‍ കാറ്റു നടത്തങ്ങള്‍. ഈ നടപ്പിന്റെ ആഖ്യാനം കവിത പോലെ ഹൃദ്യമായിരിക്കുന്നു. വെയില്‍ വീണു തിളങ്ങുന്ന പച്ചകളുടെ ആളനക്കം വിരളമായ വഴികളിലൂടെ നടുപുറം പൊള്ളുന്ന വെയിലുകൊണ്ടു നടക്കുമ്പോള്‍, താന്‍ പാടത്തെ പലവിധപ്പച്ചകളെ തൊട്ടുവെന്ന് കഥാകാരി. (ദേശാ. വാരിക. മെയ് 29).
ബു.ജി.കളുടെ അടിമവംശം
പി. ഗോവിന്ദപ്പിള്ള മുതല്‍ എം.എന്‍. വിജയന്‍വരെയുള്ള മാര്‍ക്‌സിസ്‌റ്റ് സൈദ്ധാന്തികന്‍ ഇടതുപക്ഷ ബൗദ്ധിക മണ്ഡലത്തെ ഭാസുരമാക്കിയവരാണ്. എന്നാല്‍ അധികാരത്തിന്റെ അധികരുചിയില്‍ ഇടതുപക്ഷ പ്രത്യയശാസ്‌ത്രത്തില്‍ തന്ത്രപരമായ അടവുനയങ്ങള്‍ കടന്നുവന്നു. പി.ജിയും എം.എന്‍. വിജയനും പാര്‍ട്ടിനേതൃത്വത്തിന് അനഭിമതരായി. തുടര്‍ന്നുവന്ന ഇടതുബുദ്ധിജീവികളില്‍ ഭൂരിഭാഗവും വാഴ്‌ത്തുപാട്ടുകാരായിരുന്നു. എന്തുകൊണ്ട് ഇടതു ബു.ജികള്‍ അടിമവംശമായി അധ:പതിച്ചുവെന്ന് ഡോ. അജിതന്‍ മേനോത്ത്. (ചന്ദ്രിക ആഴ്‌ച. മെയ് 23).
നവസംസ്‌കാര
സിദ്ധാന്തങ്ങള്‍
പി.കെ. പരമേശ്വരന്‍നായര്‍ ഗ്രന്ഥാവലിയില്‍ 34-മത്തെ പുസ്‌തകമായ നവസംസ്‌കാര സിദ്ധാന്തങ്ങള്‍ ഒരു സംസ്‌കാരിക രസായനമെന്ന് ആഷാമേനോന്‍. ഉത്തരാധുനികതയും ഭാരതീയ ദര്‍ശനവും (ഡോ. സുജാത) ന്യൂറോ സൗന്ദര്യശാസ്‌ത്രം കലയുടെ മസ്‌തിഷ്‌ക്കജാലകം (ഡോ. വി. സുജാത) ന്യൂറോ സൗന്ദര്യശാസ്‌ത്രം കലയുടെ മസ്‌തിഷ്‌കജാലകം (ഡോ. പി.എം. ഗിരീഷ്), ട്രോമ-അനുഭവവും പഠനവും (യു. നന്ദകുമാര്‍) ഡിമന്‍ഷ്യ-ഓര്‍മ്മ സംഗീതം (ഡോ. ചിത്ര പണിക്കര്‍) തുടങ്ങിയ ബഹുതല സ്‌പര്‍ശിയായ ഉള്ളടക്കം ഈ ബൃഹദ്‌ഗ്രന്ഥത്തിലുണ്ട്. (പ്രഭാതരശ്‌മി-ഏപ്രില്‍)
കുഞ്ഞന്‍
പുസ്‌തകശാലകള്‍
പുസ്‌തകശാലയുടെ കുഞ്ഞന്‍ അവതാരങ്ങള്‍ രാജ്യമെമ്പാടും പിറവികൊള്ളുന്നു. ചെറുതും ക്യൂറേറ്റഡുമായ ഉള്ളടക്കത്തോടെ കഫേയും കൂട്ടായ്‌മകളുമായി പുതിയൊരു ജനുസ് ആവിഷ്‌ക്കരിക്കപ്പെടുന്നു. ഫോര്‍ട്ട് കൊച്ചിയിലെ പ്രിന്റഡ്‌മാറ്റര്‍, മുംബൈയിലെ ഫിക്ഷണറി, ഹൈദ്രാബാദിഴലെ ലൂണ, ബാംഗ്ലൂരിലെ ബേക്കു, ടേണിംഗ് പേജസ്, കൊച്ചിയിലെ മെഹ്‌റബ്, ചെന്നൈയിലെ റാവേന്‍ അക്കാദമി, ഇംഫാസിലെ യൂക്കിയോ എന്നിവ ഇവയില്‍ ചിലതുമാത്രം. ഓണ്‍ലൈന്‍ പുസ്‌തക കച്ചവടത്തോട് മല്ലിട്ടുവേണം ഇവര്‍ക്ക് കച്ചവടം മെച്ചപ്പെടുത്താനെന്നതുകൊണ്ട് വൈവിധ്യവല്‍ക്കരണത്തിലൂടെ വായനക്കാരെ ആകര്‍ഷിക്കാനാണ് ഇവരുടെ പദ്ധതിയെന്ന് സ്വാതി -ഡഫ്‌റ്റുവര്‍ (ഹിന്ദു. മെയ് 24).
ഹജ്‌ജ്വിശേഷങ്ങള്‍
ഇക്കുറി ഹജ്‌ജ് വിശേഷങ്ങളിലൂടെയാണ് എം.എന്‍. കാരശേരിയുടെ സ്‌മൃതിയാത്ര. മെക്കയിലെ ആചാരവിശേഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവയുടെ ഹൈന്ദവ ബന്ധം ഓര്‍മ്മവരുന്നു. ഇബ്രാഹിം, ബ്രാഹ്‌മണന്‍. ക്ഷേത്രപ്രദക്ഷിണംപോലെ കഅബവലംവയ്‌ക്കല്‍. സംസംതീര്‍ത്ഥ്യ. ശിലയെ നമിക്കല്‍. ക്ഷേത്രം തന്ത്രിയെപ്പോലെ ഹാജിമാര്‍ ധരിക്കുന്നതു വെള്ളവസ്‌ത്രവും ഉത്തരീയവും. ഹജ്‌ജിന് പുറപ്പെടുമ്പോള്‍ മയ്യത്തുപുടവയും കരുതുന്നു എന്നത് പുത്തന്‍ അറിവാണ്. മുസ്ലീം ഭൂരിപക്ഷമുള്ള പായിപ്രയില്‍ പണ്ട് ഹാജിമാര്‍ ഉണ്ടായിരുന്നില്ല. ഉയരമുള്ള ചുവന്ന തൊപ്പിവച്ച ഒരു പ്ലാക്കുടി ഹാജിയെ ഓര്‍ക്കുന്നു. അങ്ങേര് ബോംബെയില്‍ പോയി തൊപ്പിയിട്ട് മടങ്ങുകയായിരുന്നുവെന്നായിരുന്നു കരക്കമ്പി. (മാതൃ. മെയ്. 24).
കടലിന്റെ കഥ
ചുവര്‍ച്ചിത്രങ്ങളില്‍
വെല്ലിങ്ങ്‌ടണ്‍ ഐലണ്ടിലെ നാവികസേനയുടെ മതിലില്‍ 1.3 കി.മീ. തുറന്ന മ്യൂസിയം എന്ന സങ്കല്‌പത്തില്‍ നാവികചരിത്രം ചിത്രങ്ങളായി ആവിഷ്‌ക്കരിക്കപ്പെടുന്നു. 250 ചിത്രങ്ങളാണ് പ്രാചീന കടല്‍ സഞ്ചാരം മുതലുള്ള കഥ പറയുന്നത്. ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ്, ഇന്ത്യന്‍ നേവിയുമായി സഹകരിച്ചാണ് വാത്തുരുത്തി മുതല്‍ വെണ്ടുരുത്തിപ്പാലംവരെ രാജ്യത്തെ ഏറ്റവും നീളമുള്ള ഈ ചുവര്‍ ചിത്രപരമ്പര ഒരുങ്ങുന്നത്. ഈ നടപ്പാതകളില്‍ ഇരിപ്പിടങ്ങള്‍, തെരുവുവിളക്കുകള്‍ എന്നിവയും സജ്‌ജീകരിക്കുമെന്ന് അനസൂയമേനോന്‍. സിറിള്‍ പി. ജേക്കബാണ് ക്യൂറേറ്റര്‍. (ഹിന്ദു കൊച്ചി-മെയ് 15).





