
ലോകത്തിലെ ഏറ്റവും ജനപ്രിയ കായികരൂപമാണ് ഫുട്‌ബോള്‍. ഈ കായിക ഇനം ലോകജനതയെ ഒന്നിപ്പിക്കുന്നുവെന്നു നിസ്സംശയം പറയാം. കാരണം, ഫുട്‌ബോള്‍ ഇഷ്‌ടപ്പെടാത്ത ലോകരാജ്യമില്ല. ഈ വര്‍ഷത്തെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ജൂണ്‍ 11ന് ആരംഭിക്കുന്നു. പിന്നീടുള്ള 38 ദിവസങ്ങള്‍ ലോകം വായുനിറച്ച ഒരു പന്തിനോടൊപ്പമായിരിക്കും. എന്‍.എസ്. മാധവന്‍ പറഞ്ഞതുപോലെ ഫുട്?ബോളില്‍ കാറ്റ് മാത്രമല്ല, ഒപ്പം ദേശീയതയും നിറയ്‌ക്കപ്പെടുന്നു.
പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ച വ്യവസായ വിപ്ലവത്തിന്റെ സൃഷ്‌ടിയാണ് ഫുട്‌ബാള്‍. വ്യാവസായിക തൊഴിലാളികളാണ് ഫുട്‌ബാളിനെ ആദ്യം ഏറ്റെടുത്തത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ വിക്‌ടോറിയ രാജ്‌ഞിയുടെ കാലത്താണ് ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ ഉന്നതിയിലെത്തിയത്. ബ്രിട്ടീഷ് സാമ്രാജ്യം അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് മുന്നേറുന്ന അതേ സമയത്താണ് ആധുനിക കായികരൂപങ്ങളായ ഫുട്‌ബാളും ക്രിക്കറ്റും ഹോക്കിയുമെല്ലാം അതിര്‍ത്തികള്‍ ഭേദിക്കാന്‍ തുടങ്ങിയത്.
വ്യാവസായിക വിപ്ലവത്തിന്റെ കാലത്ത് ആഴ്‌ചക്കൂലിയായിരുന്നു മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്നത്. ഒരാഴ്‌ചത്തെ കൂലി ശനിയാഴ്‌ച ലഭിച്ചിരുന്ന തൊഴിലാളികള്‍ തങ്ങളുടെ അവധി ആഘോഷിക്കാന്‍ എത്തിയത് ഫുട്‌ബാള്‍ ഗ്രൗണ്ടുകളിലായിരുന്നു. അങ്ങനെ ഇംഗ്ലണ്ടില്‍ ശനിയാഴ്‌ചത്തെ ഫുട്‌ബാള്‍ മത്സരങ്ങള്‍ അതീവപ്രാധാന്യമുള്ളതും ശ്രദ്ധേയവുമായി മാറി.
രണ്ടാം ലോകയുദ്ധത്തിന്റെ കാലത്ത് അതായത് 194246 കാലത്ത് ലോകകപ്പ് ഫുട്‌ബാള്‍ നടന്നില്ല. ഈ രണ്ട് കാലയളവ് ഒഴിച്ചാല്‍ 22 ലോകകപ്പുകളാണ് ഇതേവരെ നടന്നത്. അതില്‍ പത്തു പ്രാവശ്യം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ് വിജയിച്ചതെങ്കില്‍ 12 പ്രാവശ്യം വിജയിച്ചത് യൂറോപ്യന്‍ രാജ്യങ്ങളാണ്.
ലോകകപ്പ് ഏറ്റവും കൂടുതല്‍ മുത്തമിട്ടത് ബ്രസീലാണ് അഞ്ചു പ്രാവശ്യം. (1952, 1962, 1970, 1994, 2002). ജര്‍മനിയും ഇറ്റലിയും നാലു പ്രാവശ്യം ലോകകപ്പ് നേടി. 1954, 1974, 1990, 2014 വര്‍ഷങ്ങളിലായിരുന്നു ജര്‍മനി ലോകചാമ്പ്യന്മാരായതെങ്കില്‍ 1934, 1938, 1982, 2006 വര്‍ഷങ്ങളിലാണ് ഇറ്റലി ലോകകപ്പിന്റെ അധിപന്മാരായത്. എന്നാല്‍, ഈ ലോകകപ്പില്‍ ഇറ്റലി യോഗ്യത നേടിയിട്ടില്ല.
ലോകത്ത് ഏറ്റവും അധികം ഫുട്‌ബാള്‍ ആരാധകന്മാരുള്ള രാജ്യമാണ് അര്‍ജന്റീന. മൂന്നു പ്രാവശ്യം അര്‍ജന്റീന ലോകകപ്പ് നേടിയിട്ടുണ്ട്. 1978, 1986, 2022. ഫ്രാന്‍സും യുറുഗ്വേയും രണ്ടു പ്രാവശ്യവും ലോകചാമ്പ്യന്മാരായിട്ടുണ്ട്. 1930, 1950 വര്‍ഷങ്ങളിലാണ് യുറുഗ്വേ ലോകചാമ്പ്യന്മാരായതെങ്കില്‍ 1998, 2018 വര്‍ഷങ്ങളിലാണ് ഫ്രാന്‍സ് ലോകകപ്പ് കിരീടം ചൂടിയത്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്‌റ്റുകളായിരുന്നു ഫ്രാന്‍സ്. ഓരോ പ്രാവശ്യം ഇംഗ്ലണ്ടും സ്‌പെയിനും ലോകചാമ്പ്യന്മാരായിട്ടുണ്ട്. 1966ല്‍ ഇംഗ്ലണ്ടും 2010ല്‍ സ്‌പെയിനും ലോകകപ്പിന്റെ അധിപന്മാരായി.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ യു.എസ്.എ., മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍. ഈ മൂന്ന് രാജ്യങ്ങളിലെ 16 നഗരങ്ങളാണ് ആതിഥേയത്വം വഹിക്കുന്നത്. കാനഡയില്‍ രണ്ടു നഗരങ്ങള്‍, മെക്‌സിക്കോയില്‍ മൂന്ന്, അമേരിക്കയില്‍ 11.
മുന്‍ ലോകകപ്പുകളില്‍നിന്ന് തികച്ചും വ്യത്യസ്‌തമാണ് ഇത്തവണത്തേത്. ഈ ലോകകപ്പില്‍ 48 ടീമുകള്‍ മത്സരിക്കുന്നു. അതായത് 32ല്‍നിന്ന് 16 ടീമുകളുടെ വര്‍ധന. കൂടാതെ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ ഫിഫ ലോകകപ്പ് ആണിത്. ഈ ലോകകപ്പില്‍ നാലു പുതിയ രാജ്യങ്ങള്‍ ആദ്യമായി പങ്കെടുക്കുന്നു. ഉസ്?ബെക്കിസ്‌ഥാന്‍, ജോര്‍ദാന്‍, കേപ്പ് വെര്‍ഡ്, കുറകാവോ എന്നിവ. അര്‍ജന്റീനയാണ് നിലവിലെ ചാമ്പ്യന്മാര്‍.
ടീമുകളുടെ എണ്ണം മാത്രമല്ല മത്സരങ്ങളുടെ എണ്ണവും പുതിയ ലോകകപ്പില്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ലോകകപ്പില്‍ ആകെ 64 മത്സരങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ 104 മത്സരങ്ങളുണ്ടാകും. ഓരോ ടീമും ആദ്യവിഭാഗത്തില്‍, അതായത് ഗ്രൂപ്പിനത്തില്‍ മൂന്നു മത്സരങ്ങള്‍ കളിക്കണം.
ഇന്ത്യയും ഫിഫ ലോക കപ്പും
ഇന്ത്യ ലോകകപ്പില്‍ യോഗ്യത നേടാനുള്ള സാധ്യത വളരെ വളരെ വിദൂരത്താണ്. 1950ല്‍ ഇന്ത്യക്ക് ലോകകപ്പ് കളിക്കാനുള്ള ഒരവസരം നഷ്‌ടമായതാണ്. അന്ന് യോഗ്യത നേടിയെങ്കിലും ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യക്ക് പോകാന്‍ കഴിയാത്തൊരു സാഹചര്യം ഉണ്ടായി.
1950ന് ശേഷം ഇന്ത്യ ഇന്നേ വരെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ഇന്ത്യ കളിക്കുന്നില്ലെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ലോകകപ്പ് ആവേശം ഉണ്ടാക്കുന്ന രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.
രാജ്യത്തിന്റേയും ഭാഷയുടേയും സംസ്‌കാരത്തിന്റേയും മതത്തിന്റേയും അതിര്‍ത്തികള്‍ ഭേദിച്ച് കൊണ്ട് ഇനിയുള്ള 38 ദിവസങ്ങള്‍ ഈ ലോകം ഒന്നിക്കുകയാണ്. ഒരൊറ്റ പന്തിന് ചുറ്റും അവരുടെ ചിന്തകളും അവരുടെത്ഥ ആഘോഷങ്ങളും സ്വപ്‌നങ്ങളും പറക്കുകയാണ്. ലോകകപ്പ് ഫുട്‌ബോളിനായി...




