
സ്‌റ്റുഡിയോകളിലെ സെറ്റുകളില്‍ വീര്‍പ്പുമുട്ടി നിന്ന തമിഴ്‌സിനിമകളെ കനാലുവെട്ടി ഗ്രാമങ്ങളിലെ മനുഷ്യമനസ്സുകളിലേക്ക് വികാരങ്ങളുടെ നീര്‍ച്ചാല്‍ ഒഴുക്കിയ ചലച്ചിത്ര പ്രതിഭയായിരുന്നു ഭാരതിരാജ. തമിഴ് സിനിമയ്‌ക്ക് 'പുതിയവാര്‍പ്പുകള്‍' സൃഷ്‌ടിച്ച അദ്ദേഹത്തിന്റെ ദൃശ്യഭാഷയ്‌ക്ക് ഒരിക്കലും മരണമില്ല. തമിഴ് സിനിമയെ ഭാരതിരാജയ്‌ക്ക് മുമ്പും ശേഷവുംഎന്നു വിശകലനം ചെയ്യാറുണ്ട്.
തമിഴ്‌സിനിമയുടെ ദിശമാറ്റി മറിച്ച '16 വയതിനിലെ' എന്ന ചിത്രം സംവിധാനം ചെയ്‌തുകൊണ്ടാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. കന്നി സംരഭത്തിന് ബാല്യകാലസുഹൃത്ത് ഇളയരാജ തന്നെ സംഗീതസംവിധായകനായി. 1977-ല്‍ അഞ്ചുലക്ഷം രൂപയ്‌ക്ക് നിര്‍മ്മിച്ച '16 വയതിനിലെ' ഒരു വര്‍ഷത്തിലധികം തീയേറ്ററില്‍ ഓടി ചരിത്രം സൃഷ്‌ടിച്ചു. നടീനടന്മാരുടെ താരമൂല്യത്തില്‍ കേന്ദ്രീകരിച്ചുനിന്ന തമിഴ് സിനിമാലോകം അതോടെ സംവിധായകന്റെ മികവിലേക്ക് ഉറ്റുനോക്കാന്‍ തുടങ്ങി. തമിഴ് ഗ്രാമങ്ങളുടെ മണവും നിറവുമാണ് അദ്ദേഹം തീരെ കലര്‍പ്പു ചേര്‍ക്കാതെ നമുക്ക് കാട്ടിത്തന്നത്. അദ്ദേഹത്തിന്റെ നായികാനായകന്മാരുടെ വേഷവിധാനങ്ങളെല്ലാം തമിഴ് ഗ്രാമീണ ജനതയെ അടയാളപ്പെടുത്തി. നാടകീയത മാറി സിനിമ റിയലിസ്‌റ്റിക്കായിത്തുടങ്ങിയത് അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെയാണ്.
16 വയതിനിലെ, കിഴക്കേപോകും റെയില്‍, മുതല്‍മര്യാദൈ, വേദം പുതിയത്, കറുത്തമ്മ, അലൈകള്‍ ഒയ്‌വതില്ലൈ, കാതല്‍ഓവിയം, കിഴക്കുചീമയിലെ തുടങ്ങിയ ചിത്രങ്ങളെല്ലാം ഗ്രാമീണ തമിഴ് ജീവിതത്തിന്റെ നേര്‍ക്കാഴ്‌ചകളാണ്. ഗ്രാമീണപ്രമേയങ്ങള്‍ മാത്രമല്ല നഗരപശ്‌ചാത്തലവും ഗ്ലാമറുമെല്ലാം അതിവിദഗ്‌ധമായി സന്നിവേശിപ്പിക്കാന്‍ തനിക്കാകുമെന്നു തെളിയിച്ച ചിത്രങ്ങളായിരുന്നു അലൈകള്‍ ഒയ്‌വതില്ലൈ, നിഴല്‍ഗളും, ഒരു കൈതിയിന്‍ ഡയറിയും, ടിക് ടിക് ടിക്കുമൊക്കെ. തമിഴകത്തെ ജാതിവിവേചനത്തിനെതിരെ ശക്‌തമായി പ്രതികരിച്ച വേദം പുതുത് എന്ന ചിത്രം വലിയ വിപ്ലവം സൃഷ്‌ടിച്ചു. മതാതീതമായ പ്രണയവും (അലൈകള്‍ ഒയ്‌വതില്ലൈ), മാനവികതയും ആ സിനിമകളില്‍ നിറഞ്ഞുനിന്നു.
തമിഴ് സിനിമാ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയമായ സിനിമയാണ് സികപ്പു റോജാക്കള്‍. കമല്‍ഹാസനും ശ്രീദേവിയും മുഖ്യകഥാപാത്രങ്ങളായ ഈ സിനിമ സ്‌ത്രീകളോട് കടുത്ത വിദ്വേഷമുളള ഒരു സൈക്കോപാത്തിന്റെ കഥയാണ്. അമ്പതുകാരനോടുളള പതിനെട്ടുകാരിയുടെ പ്രണയം പറഞ്ഞ മുതല്‍ മര്യാദൈ, പെണ്‍ ശിശു ഹത്യക്കെതിരേ ശബ്‌ദിച്ച കറുത്തമ്മ, താമരക്കുളം ഗ്രാമത്തില്‍ തീവിയില്‍ വന്നിറങ്ങുന്ന പാഞ്ചാലി എന്ന യുവതിയുടെ സംഭവബഹുലമായ കഥപറഞ്ഞ കിഴക്കേപോകും റെയില്‍, 79 ല്‍ എത്തിയ 'പുതിയവാര്‍പ്പുകള്‍', 'നിറംമാറാതെ പൂക്കള്‍' എന്നീ സിനിമകളും തമിഴകത്ത് കാഴ്‌ചയുടെ പുതിയ ഭാവുകത്വം സൃഷ്‌ടിച്ചു. മണ്‍വാസനൈ, കടലോരകവിതകള്‍, നാടോടിതെന്‍ട്രല്‍, കിഴക്കുചീമയിലെ... പ്രേക്ഷകമനസ്സ് കീഴടക്കിയ നിരവധി സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. ലിംഗഅസമത്വം, നഗരങ്ങളിലെ തൊഴിലില്ലായ്‌മ തുടങ്ങിയ സാമൂഹിക പ്രശ്‌നങ്ങള്‍ അദ്ദേഹം തന്റെ സിനിമകളിലൂടെ ചര്‍ച്ച ചെയ്‌തു.
നടനെന്ന നിലയിലും ഭാരതിരാജ അഭ്രപാളിയില്‍ തന്നെ അടയാളപ്പെടുത്തി. ഭാരതിരാജ തിരക്കഥ രചിച്ച് പി.എസ്. നിവാസ് സംവിധാനം ചെയ്‌ത കല്ലുക്കുള്‍ ഈറം എന്ന ചിത്രത്തിലെ നായകന്‍ ഭാരജിരാജ തന്നെയായിരുന്നു. തമിഴ്‌നാട്ടിലെ ഒരു കുഗ്രാമത്തില്‍ ഷൂട്ടിങ്ങിനെത്തുന്ന സിനിമാ സംഘത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. മണിരത്നത്തിന്റെ 'ആയുധമെഴുത്ത്' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു. മലയാളസിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം സഫലമായില്ലെങ്കിലും അവസാനകാലത്ത് തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്‌ത മോഹന്‍ലാല്‍ നായകകഥാപാത്രത്തെ അവതരിപ്പിച്ച 'തുടരും' എന്ന സിനിമയില്‍ സ്‌റ്റണ്ട് മാസ്‌റ്റര്‍ പഴനിസ്വാമിയായി ഭാരതിരാജ പ്രേക്ഷകഹൃദയം കീഴടക്കി.
'ആര്‍' എന്ന അക്ഷരവും നായികമാരും
ഭാരതിരാജ പരിചയപ്പെടുത്തിയ നടിമാര്‍ പിന്നീട് തെന്നിന്ത്യയില്‍ മുന്‍നിര നായികമാരായി. അതില്‍ പലരുടെയും പേരുകള്‍ തുടങ്ങുന്നത് 'ആര്‍' എന്ന അക്ഷരത്തിലാണ്. രാധിക, രാധ, രേവതി, രഞ്‌ജിത, രഞ്‌ജിനി, രേഖ, രതി അഗ്നിഹോത്രി, റിയാസെന്‍, തുടങ്ങിയവര്‍. അരുണ, വിജയശാന്തി, പ്രിയാമണി, സുകന്യ, എന്നിവരെ തമിഴകത്ത് അവതരിപ്പിച്ചത് ഭാരതിരാജയാണ്. നടന്മാരായ ഭാഗ്യരാജ്, കാര്‍ത്തിക്, ത്യാഗരാജന്‍, പാണ്ഡ്യന്‍, ജനകരാജ്, നിഴല്‍ഗള്‍ രവി (മലയാളത്തിലെ കക്ക രവി), മണിവണ്ണന്‍, സത്യരാജ്, നെപ്പോളിയന്‍ തുടങ്ങിയ താരങ്ങളെ തമിഴ് സിനിമകളില്‍ അവതരിപ്പിച്ചത് ഭാരതിരാജയാണ്. അതുപോലെ ഗാനരചയിതാവ് വൈരമുത്തുവിനെയും തമിഴകത്തിന് സമ്മാനിച്ചു.
5 പതിറ്റാണ്ടു നീണ്ട ചലച്ചിത്ര സപര്യയില്‍ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലായി 42 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തു. ഭാരതിരാജ ഇരുപത്തഞ്ചിലേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. കഥാകൃത്ത്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്‌റ്റ്, ഗായകന്‍ എന്നീ മേഖലകളിലും തിളങ്ങി. ആറു തവണ വീതം ദേശീയ, സംസ്‌ഥാനപുരസ്‌കാരങ്ങള്‍ നേടി. 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
പ്രതിഭാധനരായ സംവിധായകര്‍ ഏറെയുളള തമിഴ്‌സിനിമയില്‍ ഇയക്കുനര്‍ ഇമയം (സംവിധായകരിലെ കൊടുമുടി) എന്ന വിശേഷണം ലഭിച്ച സംവിധായകനായിരുന്നു ഭാരതിരാജ.
ഭാരതി രാജ-ഇളയരാജ കൂട്ട്‌കെട്ട്
ഭാരതിരാജയും ഇളയരാജയും ജനിച്ചത് തമിഴ്‌നാട്ടിലെ തേനി ജില്ലയിലാണ്. മുന്‍പ് സൂചിപ്പിച്ചതു പോലെ ഭാരതിരാജായുടെ '16 വയതിനിലെ' എന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ഇളയരാജയായിരുന്നു. ഈ ചിത്രത്തിലെ 'സെന്ദുരപ്പൂവേ' എന്ന ഗാനത്തിലുടെ എസ്. ജാനകിക്ക് മികച്ച ഗായികയ്‌ക്കുള്ള ദേശീയ പുരസ്‌കാരം നേടികൊടുക്കാനും ഈ കൂട്ടുകെട്ടിന് കഴിഞ്ഞു. തമിഴകത്തിന്റെ ഉള്‍നാടുകളിലേക്കു ഭാരതിരാജ ക്യാമറയുമായി ഇറങ്ങിയപ്പോള്‍ അതിനൊത്ത നാടോടിശീലുകളുമായി ഇളയരാജ നല്‍കിയ പിന്തുണ ചെറുതല്ല. അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'മണ്‍വാസനൈ' എന്ന സിനിമയുടെ പേര് പോലെ മണ്ണിന്റെ ഗന്ധമുളള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ എന്നും ചിരകാലം നിലനില്‍ക്കും.
തോംസണ്‍ ആന്റണി




