വന്നുവന്ന് മലയാള നോവലില്‍ മാറ്റെഴുത്തിന്റെ വസന്തകാലമാണിത്. സ്വന്തം പ്രതിഭയും പ്രയത്നവും ആത്മാര്‍ത്ഥതയും മൂലധനമാക്കി എഴുതി രക്ഷപ്പെടാന്‍ പറ്റിയ കാലാവസ്‌ഥയല്ല ഇപ്പോള്‍. ആദ്യമേ ഇടതുപക്ഷമായി ജ്‌ഞാനസ്‌നാനം ചെയ്യുക. മൂന്നാമൂഴത്തില്‍ സാഹിത്യ അക്കാദമിയുടെ ആദ്യ വനിതാ അദ്ധ്യക്ഷയാകാന്‍ പറ്റുമോ എന്ന് ശ്രമിക്കുക. നടന്നില്ലെങ്കില്‍ മാറ്റെഴുത്തു നോവല്‍ വിവാദത്തില്‍ അണിചേരുക. ഗോഡൗണില്‍ കെട്ടിക്കിടക്കുന്ന നോവലിന് മോക്ഷം കൊടുക്കാന്‍ മറ്റൊരു ഇടതുപക്ഷ നോവലിസ്‌റ്റിനേയും പങ്കാളിയാക്കുക. പരസ്‌പരം ചെളിവാരിയെറിയുക. തകഴിയും ബഷീറും വിജയനും പുനത്തിലും എന്നുവേണ്ട ഏതു പ്രഗത്ഭമതിയാണ് മോഷണത്തില്‍ പഴികേള്‍ക്കാത്തതെന്ന് സ്വയം ആശ്വസിക്കുക. വായിക്കാന്‍ കിട്ടുന്ന പുസ്‌തകത്തിന്റെ അടിച്ചുമാറ്റി സ്വന്തമാക്കുന്ന കലാപരിപാടി നോവലില്‍ മാത്രമല്ല ജീവചരിത്രത്തിലും പരീക്ഷിച്ച വിദ്വാന്മാരുടെ നാടല്ലേ ഇത്? അന്യോന്യം മാറ്റെഴുത്ത് നടത്തിയെന്നല്ല, കുര്‍ദിഷ് എഴുത്തുകാരി ആവഹോമ 2020-ല്‍ 'ന്റഗ്മദ്ദന്ധനുത്സന്ഥ ഗ്നക്ഷ ന്ഥണ്ഡഗ്നനു ന്റ ്രക്ഷദ്ധത്സനു' എന്ന നോവലാണ് കെ.ആര്‍. മീരയുടെ 'കാലാചിക്കും ഹരിത സാവിത്രിയുടെ 'സിന്നി'നും പ്രേരകശക്‌തിയായതെന്ന് ഷാജില്‍ അന്ത്രു. ഈ മൂന്നു നോവലും ഒരേ പ്രമേയം പറയുന്നു. രണ്ടുപേരും സ്വന്തം സ്വരവും രാഷ്‌ട്രീയവും കലര്‍ത്തി. അത്രയൊന്നും പ്രശസ്‌തയല്ലാതിരുന്ന നോവലിസ്‌റ്റെന്നപോലെ വിവാദച്ചുഴിയില്‍പ്പെട്ട് ഒരു നിരൂപകനും ഭാര്യയുംകൂടി പക്ഷം ചേരണമന്നറിയാതെ, കുന്നില്‍ത്തടഞ്ഞ പുഴപോലെ കുഴങ്ങി മദ്ധ്യേ നിന്നില്ല. കന്നല്‍ മിഴിയൊട്ടുനടന്നുമില്ല' എന്ന അവസ്‌ഥയിലാണ് പു.ക.സ. ബുദ്ധിജീവികള്‍.
ഒരു സിനിമയുടെ ആത്മകഥ
മഹാകവി പി. സിനിമാ ഭ്രാന്തനായി പുനര്‍ജനിച്ചാല്‍ ഒരു പക്ഷേ ജോണ്‍ ഏബ്രഹാം ആയെന്നുവരാം. കയ്യൂര്‍ സിനിമയുടെ ഉത്സാഹകാലത്താണ് ജോണിനെ കാസര്‍കോട്ട് ടൗണിലെ ഒരു ചായക്കടയില്‍ കണ്ടുമുട്ടുന്നത്. ആ തീയതി (1981 സെപ്‌റ്റം. 30) മറക്കില്ല. എന്റെ മൂത്ത മകള്‍ അനുരാധ അന്നാണ് കാസര്‍കോട് താലൂക്കാശുപത്രിയില്‍ ഭൂജാതയായത്. കുട്ടിയുടെ തൂക്കവും ആരോഗ്യസ്‌ഥിതിയുമായിരുന്നു ജോണിന്റെ സംസാര വിഷയം. ജോയ് മാത്യു എഴുതിയ അമ്മ അറിയാന്‍ എന്ന ജോണ്‍ സിനിമയുടെ ആത്മകഥ വായിച്ചപ്പോഴാണ് ഈ ഓര്‍മ്മ തള്ളിക്കയറിവന്നത്. ഇതിനേക്കാള്‍ ഔചിത്യപൂര്‍ണ്ണമായി ജോണിനെ അനുസ്‌മരിക്കാനാവുമോ എന്ന് തോന്നിപ്പിക്കുന്നത്ര മികവാര്‍ന്ന ആഖ്യാനം. ആ സിനിമക്ക് മുന്നിലും പിന്നിലും ആവേശത്തോടെ അണിനിരന്ന നൂറുകണക്കിന് ജോണ്‍ പ്രേമികളെ പേരെടുത്തുപറഞ്ഞ് ഈ ലേഖനത്തില്‍ ജോയ് മാത്യു അനുസ്‌മരിക്കുന്നു എന്നത് വിസ്‌മയകരമായ ഒരു വായനാനുഭവമത്രെ. ഒരു ചലച്ചിത്രം നിര്‍മ്മിച്ച് നാലുപതിറ്റാണ്ടിനുശേഷം ലോകത്തിലെ ഏറ്റവും വിഖ്യാതമായ ചലച്ചിത്രമേളയായ കാന്‍ഫെസ്‌റ്റിവലില്‍ ക്ലാസിക് വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഒരേ ഒരു സിനിമയായി 'അമ്മ അറിയാന്‍' ആദരിക്കപ്പെടുമ്പോള്‍ റെഡ് കാര്‍പ്പറ്റില്‍ നില്‍ക്കാന്‍ കഴിഞ്ഞ ജോയ് മാത്യുവിന്റെ ഈ സ്‌മിതിലേഖ ഔചിത്യഗരിമകൊണ്ട് അപൂര്‍വചാരുതയാര്‍ന്നിരിക്കുന്നു. (മാതൃ. വാരാന്ത്യം മെയ് 31).
പുസ്‌തകവും രാഷ്‌ട്രീയവും
പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിത്രത്തില്‍ ഒരു സന്ദേശമുണ്ട്. ഇ.എം.എസിനും സി. അച്യുതമേനോനും ശേഷം പുസ്‌തകം വായിക്കുന്ന മുഖ്യമന്ത്രി. പുസ്‌തകങ്ങള്‍ മനുഷ്യ മനസുകളിലേക്കും ലോകത്താകെയും കാണാനുള്ള വാതായനങ്ങളാണ്. പക്ഷേ സ്‌റ്റാലിന്‍ മുതല്‍ ഇ.എം.എസും പനമ്പിള്ളിയും എന്തിന് ബേബി സഖാവും തോമസ് ഐസക്കുംവരെ പുസ്‌തകം വായിക്കുന്നവരാണെന്ന് മുരളി. എറണാകുളം ഡി.സി.സി. ആഫീസില്‍ സബര്‍മതി സെന്ററില്‍ ആരംഭിച്ച ബൃഹത്തായ ലൈബ്രറി സതീശന്റെ സ്വപ്‌നസാക്ഷാത്‌ക്കാരമാണ്. മികച്ച ഗ്രന്ഥങ്ങള്‍ മികവാര്‍ന്നവിധം സംവിധാനം ചെയ്‌തിരിക്കുന്ന ഈ ഗ്രന്ഥശാലയുടെ ആവിഷ്‌ക്കാരം ഊര്‍ജസ്വലനായ ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റേതാണ്. വായനയും പ്രസംഗവും നിലപാടുകളും വി.ഡി. സതീശനെ വ്യത്യസ്‌തനായ നേതാവാക്കുന്നു. മുഖ്യമന്ത്രിയെന്ന നിലയിലും ആ വേറിട്ട വ്യക്‌തിത്വ പ്രസരണം കേരളം പ്രതീക്ഷിക്കുന്നുണ്ട്. (പ്രസാധകന്‍ ജൂണ്‍).
പ്രണയം, രതി, സക്കറിയ
പ്രണയം എന്ന വിഷയം ചര്‍വിതചര്‍വണം എന്ന പരുവത്തിലായിട്ടുണ്ട്. എവിടേയും അതേക്കുറിച്ചുള്ള വാഴ്‌ത്തലുകളാണ്. ബോറടിക്കുന്നതാണ് അവസ്‌ഥ. ബഷീറും മാധവിക്കുട്ടിയും എത്ര മനോഹരമായിട്ടാണ് ജീവിതഗന്ധിയായ പ്രണയം പറഞ്ഞത്. മറ്റുള്ളവര്‍ അതിനെ കുഴിച്ചു. പ്രണയം ഉണ്ടാകുന്ന സമയത്ത് മാത്രമാണ് പുതിയതായി തോന്നുന്നത്. വളരെ ആദരപൂര്‍വം ആളുകളെ രതിഡയറക്‌ടറായി അവതരിപ്പിച്ചിട്ടുള്ളൂ. ഏ സീക്രഡ് ഹിസ്‌റ്ററി ഓഫ് കംപാഷന്‍ എന്ന തന്റെ ഇംഗ്ലീഷ് നോവലില്‍ അശ്ലീലമാക്കാതെ രതി പറഞ്ഞിട്ടുണ്ട് സക്കറിയ. പിന്നീടുവന്ന യാഥാസ്‌ഥിതികള്‍ അതിനെ വൃത്തികേടാക്കിയെന്നും സക്കറിയ. (അക്ഷിത-മെയ്).
മായാസഞ്ചാരം
മമ്മൂട്ടിയും മോഹന്‍ലാലും ഇന്ദ്രന്‍സും അടൂരും പ്രേംനസീറുമൊക്കെ തങ്ങളുടെ ചലച്ചിത്രപഥത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജപാതകളില്‍നിന്നും വേറിട്ട് സിനിമയുടെ ഉള്‍വഴികളിലൂടെയുള്ള ഒരു സ്‌മൃതിയാത്രയാണ് മധുപാലിന്റെ 'മായാസഞ്ചാരം'. നടനും സംവിധായകനും കഥാകൃത്തുമായ മധുപാലിന്റെ ഈ മായാസഞ്ചാരം വേഷപ്പകര്‍ച്ചകള്‍ തേടുന്ന അനുഭവലോകത്തെ അനാവരണം ചെയ്യുന്നു. അങ്ങിനെ തൊണ്ണൂറുകളിലെ മലയാള സിനിമയുടെ ആത്മകഥകൂടിയായിത് പരിണമിക്കുന്നു. ക്യാമറക്കു മുന്നിലും പിന്നിലും അണിയറയിലുള്ള ഏറ്റവും നേര്‍ത്ത മുഖഛായകളെപ്പോലും മധുപാല്‍ ഓര്‍ത്തെടുക്കുന്നു. ചടുലമായി മിന്നിമറയുന്ന ഓര്‍മ്മയുടെ ഫ്രെയിമുകളില്‍ സിനിമയുടെ ഒരു കാലഘട്ടം പ്രകാശമാനമാകുന്നു. അങ്ങിനെ ഇതൊരു ചരിത്രരേഖകൂടിയാകുന്നു. (മാതൃഭൂമി 25 രൂപ).
കണ്ണടച്ച് പാലുകുടിക്കുന്നവര്‍
34 വര്‍ഷം അച്ചടക്കത്തോടും സമാധാനത്തോടും മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബംഗാളിലെ കമ്യൂണിസ്‌റ്റ് ജനതയെ ഭിന്നിപ്പിക്കാന്‍ സാധിച്ചതാണ് ബി.ജെ.പി/തൃണമൂല്‍ ജനവഞ്ചനയെന്ന് സുസ്‌മേഷ് ചന്ദ്രോത്ത്. ബംഗാളിന്റെ തനിമകളെ നശിപ്പിച്ചുള്ള ഏതു നീക്കവും ചെറുക്കാന്‍ സി.പി.എമ്മിനേ കഴിയൂ എന്നിപ്പോഴും പറഞ്ഞു നടക്കാന്‍ ചില്ലറ തൊലിക്കട്ടി മതിയാവില്ല. ത്രിപുരയിലും ബംഗാളിലും കേരളത്തിലും ഭരിച്ചുമുടിച്ച് കമ്യൂണിസം വേരോടെ പിഴുതെറിയപ്പെട്ട നിലയില്‍ ഉത്തരം വാദഗതികള്‍ ഉന്നയിക്കാന്‍ ദേശാഭിമാനി തന്നെ തിരഞ്ഞെടുത്തത് നന്നായി. അവശേഷിപ്പിക്കുന്ന കമ്യൂണിസ്‌റ്റുകാരെ ആശ്വസിപ്പിക്കാന്‍ കണ്ണടച്ചുള്ള ഈ പാലുകുടി സഹായകമായേക്കും. (ദേശാ. വാരിക. മെയ് 31).
ഇതളേ, പൊന്നിതളേ...
ഗോപീസുന്ദര്‍ സംഗീതം നല്‍കി നിധേഷ് നടേരി രചിച്ച് ലീല ജോസഫ് ഹൃദ്യമായി പാടിയ ഇതളേ, പൊന്നിതളേ, ഇനിയീ പൂമടയില്‍ പുലരിത്താരകമായ് പൂത്തുണരാലോ, മഴയേ മഞ്ഞലയേ കുളിരിന്നുമ്മയുമായ് കനിവിന്നീവഴിയില്‍ കാത്തുനില്‍ക്കാമോ...എന്നു തുടങ്ങുന്ന 'അംഅ:' എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികക്കുള്ള ഈ വര്‍ഷത്തെ പ്രേംനസീര്‍ സംസ്‌ഥാന പുരസ്‌കാരം നേടിയിരിക്കുന്നു. രചനയും ആലാപനവും മികവാര്‍ന്ന് സംഗമിക്കുന്ന ഈ ഗാനത്തിന് ലഭിച്ച അംഗീകാരം ഈ ഗാനത്തെ ശ്രദ്ധേയമാക്കുമെന്നു കരുതാം.
കമിഴ്‌ന്നു വീണാല്‍ കാപ്പണം കൂലി!
എണ്‍പതാം വയസില്‍ ജീവിതം എങ്ങിനെ കാണുന്നുവെന്ന് സജയ് കെ.വി. വിനയാന്വിതനായി സച്ചിദാനന്ദനോട്. ഇടശേരി പറഞ്ഞതുപോലെ ഒരു പ്ലാവില പെറുക്കാന്‍ കുനിഞ്ഞിട്ടുണ്ടെങ്കില്‍ ഒരു പാത്രം കൊഴുത്ത കഞ്ഞി കുടിച്ചിട്ടുണ്ടെന്ന് സച്ചിദാനന്ദന്‍. അതിദീര്‍ഘമായ ഈ സംഭാഷണത്തിലൊരിടത്തും കവിയെ അസ്വസ്‌ഥപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ഉണ്ടാകുന്നില്ല. ആത്മപ്രശംസയിലല്ലാതെ മറ്റൊരു കടവത്തും ഈ തോണിയടുക്കുന്നുമില്ല. അതുകൊണ്ട് അവനവനില്‍ നീന്തിത്തുടിച്ച് തിമിര്‍ക്കുകയാണ് കവി. അക്കാദമി സെക്രട്ടറിയും പ്രസിഡന്റുമായിരുന്നപ്പോഴും ചാരുകസേര വിപ്ലവകാലത്തും ഇടശേരിയുടെ ഈ വരികള്‍തന്നെയാണ് സച്ചിദാനന്ദന്റെ മാഗ്നാക്കാര്‍ട്ട. കമഴ്‌ന്നുവീണാല്‍ കാപ്പണം കൂലി! മറ്റൊരു ഫലിതംകൂടി പറയുന്നുണ്ട്. നിര്‍ഭയമായി ചോദ്യങ്ങള്‍ ചോദിക്കുക എന്റെ ശീലമായിരുന്നു. അതിന്റെ പേരില്‍ മരിക്കാനും ജയിലില്‍ ംപോകാനും ഞാനൊരുക്കമാണ്! (മാതൃ. മെയ്. 31).
പാഠഭേദങ്ങളില്ലാത്ത പ്രതികരണങ്ങള്‍
തിരഞ്ഞെടുപ്പുഫലത്തോട് 60 പ്രതികരണങ്ങളാണ് പാഠഭേദം പുതിയ ലക്കത്തിലെ മുഖ്യവിഭവം. ജെ. ദേവിക മുതല്‍ കെ. കാളിവരെയുള്ള പ്രതികരണ വിദഗ്‌ദ്ധരില്‍ ഭൂരിഭാഗവും ഒരേ ഭാഷയില്‍ ഒരേനിലപാട് ആവര്‍ത്തിക്കുന്നു. ഇടതു ജീര്‍ണ്ണതകളെ തണ്ണിപ്പറയാന്‍ ശേഷികാണിക്കാത്ത ഭൂരിഭാഗം പേരുടേയും വാക്കുകള്‍ക്ക് എകസ്വരതയാണുള്ളത്. ജോസഫ് വര്‍ഗീസ്, ജെയിംസ് പോള്‍, എച്ച്.എം. സചീന്ദ്രന്‍, സി. രാധാകൃഷ്‌ണന്‍, ഖദീജ മുംതാസ് എന്നിവര്‍ വേറിട്ടു ചിന്തിക്കുന്നവരില്‍പ്പെടുന്നു. എം.എം. സചീന്ദ്രനാണ് കൂടുതല്‍ വ്യത്യസ്‌തനാകുന്നത്. ഭരണവിരുദ്ധവികാരമില്ല, ഇതുപോലെ ജനക്ഷേമ താല്‌പര്യമുള്ള മുഖ്യമന്ത്രി കേരളം ഭരിച്ചിട്ടില്ല. വികസനവും ഭരണവും പൊടിപൊടിച്ചു എന്നിങ്ങനെ ഇപ്പോഴും വാഴ്‌ത്തുപാട്ടു പാടുന്ന പ്രഭാകരന്‍ പഴശിയെപ്പോലുള്ളവര്‍ക്കും ഇടം കട്ടിയെന്നതാണ് ഈ പ്രതികരണ സംഘഗാനത്തിന്റെ നിഷ്‌ഫല സൂചന. (പാഠഭേദം-മെയ്).





